ഒരു വിഭാഗം മാധ്യമങ്ങളുടെ കെണിയില്‍പ്പെട്ട് പ്രശസ്തി തേടിപ്പോവരുത്: മുസ്ലിം യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച ഗംഭീറിന് അനുപം ഖേറിന്റെ ഉപദേശം
national news
ഒരു വിഭാഗം മാധ്യമങ്ങളുടെ കെണിയില്‍പ്പെട്ട് പ്രശസ്തി തേടിപ്പോവരുത്: മുസ്ലിം യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച ഗംഭീറിന് അനുപം ഖേറിന്റെ ഉപദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2019, 5:34 pm

ന്യൂദല്‍ഹി: ഗുരുഗ്രാമില്‍ മുസ്‌ലിം യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച ഗംഭീറിനെതിരെ ബി.ജെ.പിയിലും സംഘപരിവാറിലും പ്രതിഷേധം നിലനില്‍ക്കെ എം.പിയ്ക്ക് ഉപദേശവുമായി ബി.ജെ.പി അനുയായിയും ബോളിവുഡ് താരവുമായ അനുപം ഖേര്‍.

തന്നോട് ഉപദേശം ചോദിച്ചിട്ടില്ലെങ്കിലും ഒരു വിഭാഗം മാധ്യമങ്ങളില്‍ പ്രശസ്തനാവുകയെന്ന കെണിയില്‍പ്പെട്ട് പോവരുതെന്ന് അനുപം ഖേര്‍ ഗംഭീറിനോട് പറഞ്ഞു. താങ്കളുടെ പ്രസ്താവനയല്ല പ്രവര്‍ത്തിയാണ് സംസാരിക്കുകയെന്നും ഗംഭീറിനെ ഉപദേശിച്ച് കൊണ്ട് അനുപം ഖേര്‍ ട്വീറ്റ് ചെയ്തു.

ഗംഭീറിന്റെ പ്രസ്താവനയില്‍ ദല്‍ഹിയിലെ ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗംഭീര്‍ നടത്തിയത് നിഷ്‌ക്കളങ്കമായ പ്രതികരണമാണെന്നാണ് ബി.ജെ.പി ദല്‍ഹി ഘടകം അധ്യക്ഷന്‍ മനോജ് തിവാരി പ്രതികരിച്ചത്.

ഗംഭീര്‍ പഴയ പോലെ കളിക്കാരനല്ലെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രസ്താവനകളും പ്രവര്‍ത്തികളും രാഷ്ട്രീയമായി വിലയിരുത്തപ്പെടുമെന്നും ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും പക്ഷെ ഹരിയാന സംഭവത്തില്‍ പ്രതികരിച്ചത് കൊണ്ട് എന്താണ് കാര്യമെന്നും ഇത് ബി.ജെ.പിയ്ക്കെതിരെ മറ്റു പാര്‍ട്ടികള്‍ ഉപയോഗിക്കുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

‘ഗുരുഗ്രാമില്‍ മുസ്ലിം യുവാവിനെ നിര്‍ബന്ധിച്ച് തലപ്പാവ് അഴിപ്പിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തതായി കണ്ടു. അത് അങ്ങേയറ്റം പരിതാപകരമാണ്. ഇത് ചെയ്തവര്‍ക്കെതിരെ ഗുരുഗ്രാം അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണം. നമ്മുടേതൊരു മതേതര രാജ്യമാണ്. ജാവേദ് അക്തര്‍ ആള്‍ ‘ഓ പാലന്‍ ഹാരെ, നിര്‍ഗുണ്‍ ഔര്‍ നാരേ എന്ന ഗാനമെഴുതിയതും രാകേഷ് ഓം മെഹ്റ ദല്‍ഹി 6 ല്‍ അര്‍സിയാന്‍ ഗാനമെഴുതിയതും ഈ രാജ്യത്താണ്’ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

ശനിയാഴ്ചയാണ് പ്രാര്‍ഥന കഴിഞ്ഞ് വരികയായിരുന്ന മുഹമ്മദ് ബര്‍കത് ആലം എന്നയാളെ ഒരു കൂട്ടം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.