| Monday, 16th July 2012, 5:17 pm

അനുപം ഖേര്‍ വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി : തന്റെ ആദ്യ മലയാളം സിനിമയായ പ്രണയവും തന്റെ അഭിനയവുമൊക്കെ ഹിറ്റായതോടെ ബോളീവുഡ് താരം അനുപം ഖേറിന് മലയാളികളേയും മലയാള സിനിമയേയും വല്ലാതെ ഇഷ്ടമായെന്നാണ് തോന്നുന്നത്. അതാവുമല്ലോ വീണ്ടുമൊരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ അനുപം കൊച്ചിയിലേക്ക് ടിക്കറ്റെടുത്തിരിക്കുന്നത്.[]

സൂര്യ രേഖയുടെ ബാനറില്‍ കെ.എന്‍ ശശിധരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “നയന” എന്ന മലയാള സിനിമയിലാണ് അനുപം വീണ്ടുമെത്തുന്നത്. ശശിധരന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മധു അമ്പാട്ടാണ്.

അനുപമിനെ കൂടാതെ ഇന്നസെന്റ്, സിദ്ദീഖ്, ജിമി, ബേബി അനിഖ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ശശിധരന്റെ തന്നെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് മോഹന്‍ സിത്താരയാണ്. ചിത്രത്തിന്റെ പ്രാരംഭനടപടികള്‍ പൂര്‍ത്തിയായി വരികയാണ്.

ബ്ലസി സംവിധാനം ചെയ്ത പ്രണയമായിരുന്നു ഇതിന് മുമ്പ് അനുപം അഭിനയിച്ച മലയാള സിനിമ. മോഹന്‍ലാലും ജയപ്രദയും പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ ശക്തമായ കഥാപാത്രമായിരുന്നു അനുപം ഖേര്‍ അവതരിപ്പിച്ചത്. ചിത്രത്തോടൊപ്പം അനുപം ഖേറിന്റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more