ന്യൂദല്‍ഹി: കൊവിഡ് പോസിറ്റീവായാല്‍ ആദ്യം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ നേതാവ് അനുപം ഹസ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച വിവരം ഹസ്ര തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഇദ്ദേഹത്തെ കൊല്‍ക്കത്തയില സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശാരീകാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. പരിശോധന ഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്- പാര്‍ട്ടി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കൊവിഡ് സ്ഥിരീകരിച്ചാല്‍ താനാദ്യം മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന വിവാദ പ്രസ്താവന നടത്തിയാളാണ് അനുപം ഹസ്ര. ബംഗാളിലെ ബി.ജെ.പി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു ഈ പ്രസ്താവന.
തനിക്ക് കൊവിഡ് പിടിപെടുകയാണെങ്കില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്നാണ് ഇയാള്‍ പറഞ്ഞത്.
സെപ്റ്റംബര്‍ 27 ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറൂയിപൂരില്‍ വെച്ചാണ് ഹസ്രയുടെ ഈ പരാമര്‍ശം.
മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ഹസ്രയും ബി.ജെ.പി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തിരുന്നത്. എന്തുകൊണ്ടാണ് ഹസ്രയും മറ്റുള്ളവരും മാസ്‌ക് ധരിക്കാത്തതെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തങ്ങളുടെ പ്രവര്‍ത്തകര്‍ കൊവിഡ് -19 നെക്കാള്‍ വലിയ ശത്രുവിനോട് പോരാടുകയാണെന്നും അത് മമത ബാനര്‍ജിയാണെന്നുമാണ് പ്രതികരിച്ചത്.
കൊവിഡ് 19 ബാധിച്ചിട്ടില്ലാത്തതിനാല്‍, മമതയ്ക്ക് ഭയമില്ലെന്നും തനിക്ക് രോഗം വന്നാല്‍ മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്നും ഹസ്ര പറഞ്ഞു.
രോഗബാധിതരോട് അവര്‍ നിര്‍ദയമായാണ് പെരുമാറുന്നതെന്നും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മണ്ണെണ്ണ കൊണ്ട് കത്തിച്ചെന്നും ഇയാള്‍ ആരോപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക