| Saturday, 11th May 2024, 1:05 pm

ആ ചിത്രത്തെ കുറിച്ച് പതിനഞ്ച് വർഷത്തിന് ശേഷമാവും ആളുകൾ സംസാരിക്കുകയെന്ന് അവൻ അന്നേ പറഞ്ഞു, ഇപ്പോൾ സത്യമായി: അനുമോൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക്‌ സുപരിചിതയാണ് നടി അനുമോൾ. ചുരുങ്ങിയകാലം കൊണ്ട് ശ്രദ്ധേയമായ വേഷങ്ങൾ അനുമോൾ ചെയ്തിട്ടുണ്ട്. ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്ത ‘വെടിവഴിപാട്’ എന്ന ചിത്രത്തിലെ സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അനുമോൾ ആയിരുന്നു.

ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു വെടിവഴിപാട്. ചിത്രത്തിനെതിരെ ചില വിമർശനങ്ങളും ഉയർന്ന് വന്നിരിന്നു. എന്നാൽ ചിത്രം ഇന്നാണ് റിലീസ് ആവുന്നതെങ്കിൽ തീർച്ചയായും സ്വീകരിക്കപ്പെട്ടേനെയെന്ന് അനുമോൾ പറയുന്നു. സംവിധായകൻ ശംഭു പുരുഷോത്തമൻ ഒരു പതിനഞ്ചു വർഷം കഴിഞ്ഞായിരിക്കും ഈ ചിത്രം സ്വീകരിക്കപ്പെടുകയെന്ന് അന്ന് തന്നെ പറഞ്ഞിരുന്നുവെന്നും അനുമോൾ പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഉറപ്പായിട്ടും ഇന്നാണ് വെടിവഴിപാട് ഇറങ്ങുന്നതെങ്കിൽ നന്നായി സ്വീകരിക്കപ്പെട്ടേനെ. ഞാൻ എപ്പോഴും ആലോചിക്കുന്ന ഒരു കാര്യമാണത്. ആ സമയത്ത് തന്നെ നല്ല റെസ്പോൺസ് ആ ചിത്രത്തിന് കിട്ടിയിരുന്നു അതുപോലെ തന്നെ അതിനെ കുറ്റം പറഞ്ഞവരുണ്ട്.

അതിനെ സ്വീകരിക്കാൻ കഴിയാത്ത ഒരുപാട് പേരുണ്ടായിരുന്നു. ദൈവിക കാര്യങ്ങൾ വെച്ച് അങ്ങനെയൊരു സിനിമ ചെയ്യേണ്ടായെന്ന് പറഞ്ഞ നിരവധി പേരുണ്ട്.

പക്ഷെ എനിക്ക് തോന്നുന്നത് ആളുകളുടെ ചിന്താഗതിയും അഭിപ്രായങ്ങളുമൊക്കെ കുറച്ചുകൂടെ ഓപ്പൺ ആയിട്ടുള്ള ഈ ഒരു സമയത്ത് ഇറങ്ങിയിരുന്നെങ്കിൽ അത് ഒരുപാട് വളരെയധികം സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ഒരു ചിത്രമായേനെ.

എനിക്ക് ഇന്നും നല്ല ഓർമയുണ്ട്, അന്ന് ശംഭു ഈ സിനിമ ചെയ്യുന്ന സമയത്ത് പറയുമായിരുന്നു, ഇത് ഇപ്പോഴല്ല പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് ആളുകൾ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയെന്ന്. ചിത്രത്തെ കുറിച്ച് അന്നാവും ആളുകൾ തിരിച്ചറിയുകയെന്നും അന്ന് ശംഭു പറയുമായിരുന്നു. പക്ഷെ അത് സത്യമാണെന്ന് എനിക്കിപ്പോൾ തോന്നുന്നു,’അനുമോൾ പറയുന്നു.

Content Highlight: Anumole Talk About Vedivazhipad Movie

We use cookies to give you the best possible experience. Learn more