മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഒരു അഭിനേയത്രിയാണ് അനുമോള്‍. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. കണ്ണുള്ളെ, രാമര്‍, ശൂശന്‍ എന്നീ തമിഴ് ചിത്രങ്ങളിലൂടെ സിനിമ ജീവിതം ആരംഭിച്ച താരം ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് പ്രവേശിച്ചത്.
മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിന്റെ ആവിഷ്‌കാരമായ അകം എന്ന ചിത്രത്തിലേക്ക് താന്‍ എങ്ങനെ എത്തിപ്പെട്ടു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.
സിനിമ തനിക്ക് പരിചിതമായ ലോകമായിരുന്നില്ലായെന്നും, താനാണ് രാഗിണി എന്ന കഥാപാത്രം ചെയ്യുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും പറയുകയാണ് അനുമോള്‍. സി.ഐ.ഡി രാമചന്ദ്രന്‍ റിട്ട. എസ്.ഐ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് താരം.
‘ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലെ എന്റെ ഒരു ഫോട്ടോ ഹിന്ദുവില്‍ വന്നിട്ടാണ് ഇതിന്റെ ടീം എന്നെ ഓഡിഷന് വേണ്ടി വിളിക്കുന്നത്. എന്നെ സംബന്ധിച്ച് സിനിമ എന്നത് പരിചയമുള്ള മേഖല അല്ല, എന്താണ് അവിടെ നടക്കുന്നത് ഒന്നും എനിക്കറിയില്ല. അകത്തിന്റെ ഓഡീഷന് വരാന്‍ പറഞ്ഞപ്പോള്‍ എനിക്ക് പേടിയായിരുന്നു. ഗീതു മോഹന്‍ദാസായിരുന്നു കാസ്റ്റിങ് ചെയ്യുന്നത്, ഗീതു ചേച്ചിയെ എനിക്ക് നേരത്തെ അറിയാം.
അപ്പോള്‍ ചേച്ചി എന്നോട് പറഞ്ഞു നീ ചുമ്മാ വാ, ഞങ്ങളുടെ അടുത്ത് വന്നിരിക്ക്, അങ്ങനെ ഞാന്‍ അവിടെ പോയി ഇരുന്നു. അത് കഴിഞ്ഞ് ഓഡിഷന്‍ ചെയ്യുമ്പോള്‍ മറ്റു ആക്ടേഴ്സിന്റെ ഒപ്പോസിറ്റായാണ് എന്നെ ഇരുത്തിയത്. അപ്പോഴൊന്നും എനിക്കറിയില്ല യക്ഷിയെയാണ് ഞാന്‍ ചെയ്യാന്‍ പോകുന്നതെന്ന്.
മലയാറ്റൂരിന്റെ നോവല്‍ യക്ഷിയാണ് ഇന്റര്‍പ്രേറ്റഷന്‍ ചെയ്യാന്‍ പോവുന്നതെന്നറിഞ്ഞപ്പോള്‍ ഞാന്‍ വളരെ എക്സൈറ്റഡായിരുന്നു. സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ വായിച്ചു ഇഷ്ട്ടപ്പെട്ട കഥാപാത്രങ്ങളില്‍ ഒരാളായിരുന്നു രാഗിണി’ അനുമോള്‍ പറഞ്ഞു.
തന്റെ എക്സൈറ്റ്മന്റ് കണ്ട് ഡയറക്ടര്‍ ശാലിനിയും എക്സൈറ്റഡായിരുന്നെന്നും, സിനിമയുടെ ഉള്ളില്‍ എത്തിയിട്ടും അതിന്റെ ഗൗരവം തനിക്ക് മനസിലായില്ലായിരുന്നെന്നും, ഒരുപാട് പ്രാവിശ്യം അത് ഒഴിവാക്കിവരാമെന്ന് വിചാരിച്ചിരുന്നെന്നും താരം കൂട്ടിചേര്‍ത്തു.