Film News
ആ ചിത്രം ചെയ്ത് വർഷങ്ങൾക്ക് ശേഷം ഇപ്പോഴും മോശം മെസേജുകളും കമന്റുകളും വരാറുണ്ട് : അനുമോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 07, 05:32 am
Tuesday, 7th November 2023, 11:02 am

മലയാളികൾക്ക്‌ സുപരിചിതയാണ് നടി അനുമോൾ. ചുരുങ്ങിയക്കാലം കൊണ്ട് ശ്രദ്ധേയമായ വേഷങ്ങൾ അനുമോൾ ചെയ്തിട്ടുണ്ട്. ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്ത ‘വെടിവഴിപാട്’ എന്ന ചിത്രത്തിലെ സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അനുമോൾ ആയിരുന്നു.

എന്നാൽ വർഷങ്ങൾക്ക് മുൻപ് അഭിനയിച്ച ആ ചിത്രത്തിലെ കഥാപാത്രത്തെ ഇന്നും മോശമായി വിലയിരുത്തുന്ന ആളുകൾ ഉണ്ടെന്നും തനിക്ക്‌ ഒരുപാട് മോശം കമന്റുകളും മെസേജുകളും ഇപ്പോഴും വരാറുണ്ടെന്നും അനുമോൾ പറയുന്നു.

‘ഞാൻ ചെയ്ത കഥാപാത്രം മാത്രമാണത്. എന്തുകൊണ്ടാണ് ആളുകൾ അതിനെ അങ്ങനെ കാണാത്തതെന്ന് എനിക്കറിയില്ല,’ അനുമോൾ പറയുന്നു.
പോപ്പർ സ്റ്റോപ്പ്‌ മലയാളത്തോട് സംസാരിക്കുകയായിരുന്നു നടി.

 

‘സിനിമയിൽ ഞാൻ ചെയ്ത കഥാപാത്രങ്ങളെ റിയൽ ലൈഫ് കഥാപാത്രവുമായി ചില സമയങ്ങളിൽ ആളുകൾ ജഡ്ജ് ചെയ്യാറുണ്ട്. നമുക്കൊന്നും ചെയ്യാൻ പറ്റാത്ത ഒരു കാര്യമാണത്.

അതൊരു ജഡ്ജ്മെന്റ് മാത്രമല്ല. ഇപ്പോൾ വെടിവഴിപാട് എന്ന ചിത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ വർഷങ്ങളായി ഒരുപാട് സ്ഥലത്ത് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്.

ഞാൻ 2013 ൽ ചെയ്ത സിനിമയാണ് വെടിവഴിപാട്. ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ആളുകൾ ഇപ്പോഴും ആ സിനിമയുടെ പേരിൽ എന്നെ കുറിച്ച് മോശം കമന്റ്സും എനിക്ക് മോശം മെസേജും അയക്കുന്നവരുണ്ട്. എനിക്കത് മനസിലാവുന്നില്ല.

ഒരു സംവിധായകൻ ആക്ഷൻ എന്ന് പറയുമ്പോൾ ഞാൻ അഭിനയിക്കും കട്ട്‌ എന്ന് പറഞ്ഞാൽ അഭിനയം നിർത്തും. അതിനിടയിൽ ഞാൻ ചെയ്ത ഒരു കഥാപാത്രം മാത്രമാണത്. എന്തുകൊണ്ടാണ് ആളുകൾ അതിനെ അങ്ങനെ കാണാത്തതെന്ന് എനിക്കറിയില്ല. ചില കഥാപാത്രങ്ങൾ മാത്രമാണ് അങ്ങനെ.

ഒരു സിനിമയിൽ നമ്മളുടെ കഥാപാത്രം മരിച്ചു പോവുമ്പോൾ കാണുന്ന പിന്നെ എന്നെ കാണുമ്പോൾ , അയ്യോ ആ കുട്ടി മരിച്ചിട്ട് എണീറ്റു വന്നതാണെന്ന് ആളുകൾ വിചാരിക്കുന്നില്ലല്ലോ. പക്ഷെ ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ മാത്രം ആളുകൾ വല്ലാതെ വിലയിരുത്തുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്,’അനു മോൾ പറയുന്നു.

Content Highlight: Anumol Talk About Vedivazhipad Movie