| Saturday, 10th February 2018, 11:16 am

ഡ്രൈവറേയും മേക്കപ്പ്മാനേയും സ്റ്റാഫുകളേയും കൂടെ കൂട്ടിയാല്‍ മാര്‍ക്കറ്റ് വാല്യൂ കൂടും എന്ന ധാരണയില്ല; എന്റെ വര്‍ക്കുകള്‍ എന്നെപ്പറ്റി സംസാരിക്കട്ടെ: അനുമോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ താരമെന്ന നിലയില്‍ ഡ്രൈവറേയും മേക്കപ്പ് മാനേയും ഉള്‍പ്പെടെയുള്ള സ്റ്റാഫുകളെ കൂടെ കൊണ്ടുനടക്കാറില്ലെന്നും ഇത്തരത്തില്‍ ചെയ്താല്‍ ഇമേജ് വാല്യു കൂടുമെന്ന ധാരണയില്ലെന്നും നടി അനുമോള്‍.

ഒരാള്‍ കൂടെയുണ്ടെങ്കിലും പല കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്നതാണ് തന്നെ സംബന്ധിച്ച് കംഫര്‍ട്ടബിളെന്നും അത് തന്റെ സ്വാഭാവ രീതിയാണെന്നും അനുമോള്‍ പറയുന്നു. അഴിമുഖം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഏഴാം ക്ലാസ് മുതല്‍ ഒറ്റക്കു കാര്യങ്ങള്‍ നടത്തുന്ന ആളാണ്. അമ്മയും അനിയത്തിയും മാത്രമാണ് ഉള്ളത്. എട്ടു വയസില്‍ അച്ഛന്‍ മരിച്ചു. അമ്മയ്ക്ക് പുറത്തിറങ്ങി കാര്യങ്ങള്‍ നടത്താന്‍ ഒന്നും അറിയില്ല.

എന്റെ വര്‍ക്കുകള്‍ എന്നെപ്പറ്റി സംസാരിക്കുന്നതാണ് ഇഷ്ടം. നമ്മുടെ സുഖസൗകര്യങ്ങള്‍ കൂടി സിനിമ നന്നാവാന്‍ ഉപയോഗിക്കപ്പെടട്ടെയെന്നും അനുമോള്‍ പറയുന്നു.

ആമി സിനിമയുടെ ചര്‍ച്ച ഉയര്‍ന്നു വന്നപ്പോള്‍ ആമിയായി അനുമോളുടെ പേര് ഉയര്‍ന്നു കേട്ടപ്പോള്‍ എന്തുതോന്നിയെന്ന ചോദ്യത്തിന് വളരെ സന്തോഷം തോന്നിയെന്നായിരുന്നു അനുമോളുടെ മറുപടി.

വലിയ ഒരു ക്യാന്‍വാസില്‍ വലിയ ഒരു സിനിമ വരുമ്പോള്‍, അതും മാധവിക്കുട്ടിയുടെ ജീവിതം ഒക്കെ ആവുമ്പോള്‍ എന്റെ പേര് ചര്‍ച്ച ചെയ്യപ്പെടുക എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. ഇതേപ്പറ്റി സംവിധായകന്‍ കമല്‍ താനുമായി സംസാരിച്ചിരുന്നെന്നും അനുമോള്‍ പറയുന്നു.

“സിനിമയില്‍ എത്തിയ ശേഷമാണ് ഈ മേഖലയെ പറ്റി കൂടുതല്‍ പഠിച്ചതും കൂടുതല്‍ സിനിമകള്‍ കണ്ടതും. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പറ്റി അറിഞ്ഞതും സിനിമയില്‍ എത്തിയതിനു ശേഷമാണ്.

ഓരോ സമയത്തും എന്നിലേക്ക് എത്തുന്നത് ചെയ്യുക എന്നത് മാത്രമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. പിന്നെ പരാജയഭീതികള്‍ ഇത്തിരി കൂടുതലുള്ള കൂട്ടത്തില്‍ ആയത് കൊണ്ട് തന്നെ സ്വപ്നങ്ങള്‍ കാണാതിരിക്കുക എന്നതാണ് എന്റെ രീതി”- അനുമോള്‍ പറയുന്നു.

സമാന്തര സിനിമ മന:പൂര്‍വം തെരഞ്ഞെടുക്കുകയാണോ എന്ന ചോദ്യത്തിന്, എന്തിനാണ് ഇങ്ങനത്തെ മാറ്റി നിര്‍ത്തലുകള്‍ എന്ന് മനസിലാവുന്നില്ലെന്നായിരുന്നു അനുമോളുടെ മറുപടി.

“പണം എന്ന വാണിജ്യ ഘടകം ഇല്ലാതെ ഒരു സിനിമയും ഉണ്ടാവുന്നില്ലല്ലോ? സിനിമ ചെയ്യുമ്പോള്‍ ഞാന്‍ നോക്കുന്നത് ആ ടീമിനെയാണ്. എനിക്ക് കംഫര്‍ട്ടബ്ള്‍ ആയ ഒരു അന്തരീക്ഷത്തിലേ ഞാന്‍ ജോലി ചെയ്യൂ. പലപ്പോഴും അതൊരു പരിമിതിയാണ് എന്ന് തോന്നിയിട്ടുണ്ട്.

ഒരു കലാകാരി എല്ലാ സാഹചര്യങ്ങളുമായും പൊരുത്തപ്പെടണം എന്നാണ് പറയാറ്. പക്ഷെ എനിക്ക് അത് സാധിച്ചിട്ടില്ല. എന്റെ മുഖത്ത് തന്നെ അസ്വസ്ഥത തെളിഞ്ഞു കാണും. ഏത് സ്ട്രീം സിനിമയാണ്, എന്റെ ഇമേജ് എന്താവും എന്നൊന്നും നോക്കാറില്ല”. വെറുതെ വന്നു പോകുന്ന കഥാപാത്രങ്ങളെ ചെയ്യാറില്ലെന്നും അനുമോള്‍ പറയുന്നു.

We use cookies to give you the best possible experience. Learn more