പ്രണയം തോന്നാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഓരോരുത്തരുടേയും പ്രണയം വ്യത്യസ്തമായിരിക്കും. സ്‌കൂള്‍ കാലഘട്ടം മുതല്‍ വായനയുമായി പ്രണയത്തിലായ അനുഭവമാണ് ചലച്ചിത്രനടി അനുമോള്‍ക്ക് പറയാനുള്ളത്.
എഴുത്തുകാരോട് ചെറുപ്പംമുതലേ ആരാധനയായിരുന്നു തനിക്കെന്ന് അനുമോള്‍ പറയുന്നു. എഴുത്തുകാരൊക്കെ വലിയ ആളുകളാണെന്ന തോന്നല്‍ അന്നേയുണ്ട്. എല്ലാ കലാവിഷ്‌കാരത്തിലും സൃഷ്ടിയുടെ അംശമുണ്ടെങ്കിലും എഴുത്തുകാരോടുള്ള ഇഷ്ടത്തിന് മറ്റുള്ളവരോടുള്ളതിനേക്കാള്‍ ആഴമുണ്ടെന്നും അനുമോള്‍ പറയുന്നു.
കഥകളും നോവലുകളുമാണ് ഏറെയിഷ്ടം. അവയില്‍ പലതിലും തന്നെത്തന്നെ കാണാറുണ്ടെന്നും അനുമോള്‍ പറയുന്നു.
ഇന്ദുലേഖ എന്നും പ്രിയപ്പെട്ട നോവലാണ്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനോവല്‍ എന്നതുകൊണ്ടല്ല “ഇന്ദുലേഖ”യോട് ഇത്രയ്ക്കിഷ്ടം. എനിക്ക് ആദ്യമായി ആരാധന തോന്നിയ പെണ്‍ജീവിതമാണ് ഇന്ദുലേഖയുടേത്. ഇങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് വളരെ ചെറുപ്പത്തിലേ എന്നെ പ്രചോദിപ്പിച്ച കഥാപാത്രം. സൗന്ദര്യം കൊണ്ടുമാത്രമല്ല ഈ ആരാധന. സ്ത്രീയുടെ വ്യക്തിത്വം എത്ര പ്രധാനമാണെന്ന് കാട്ടിത്തരുന്നു “ഇന്ദുലേഖ”.
ഒ. ചന്തുമേനോന്റെ ഈ നോവല്‍ വായിച്ച് അതിലെ നായകനായ മാധവനോട് പ്രണയം തോന്നിയിട്ടുമുണ്ട്.- അനുമോള്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
മലയാറ്റൂര്‍ രാമകൃഷ്ണന്റെ “യക്ഷി” എന്ന നോവല്‍ ശ്രദ്ധയോടെ വായിച്ചത് അതിനെ ആധാരമാക്കിയെടുത്ത “അകം” എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ്. ചെറുപ്പത്തില്‍ വായിച്ചപ്പോഴേ അതിലെ രാഗിണി ഉള്ളില്‍ കയറിയിരുന്നെന്നും അനുമോള്‍ പറയുന്നു.
അന്നേ ആ കഥാപാത്രം ഏറെ സ്വാധീനിക്കുകയുണ്ടായി. നേരത്തെ സിനിമയായ “യക്ഷി”, ശാലിനി ഉഷാ നായര്‍ “അകം” എന്ന പേരില്‍ പുനരാവിഷ്‌കരിച്ചപ്പോള്‍ അതില്‍ അഭിനയിക്കാനായത് നല്ല അനുഭവമായിരുന്നു. ഫഹദ് ഫാസിലായിരുന്നു നായകന്‍. മലയാളസിനിമയില്‍ എന്നെ ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങിയ വേഷമായിരുന്നു അതിലേതെന്നും അനുമോള്‍ പറയുന്നു.