Advertisement
Entertainment
അയ്യപ്പനും കോശിയിലെ എന്റെ സീന്‍ കളഞ്ഞാലോ എന്ന് സച്ചി സാര്‍ ചിന്തിച്ചിരുന്നുവെന്ന് ആ സിനിമയുടെ എഡിറ്റര്‍ എന്നോട് പറഞ്ഞു: അനുമോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 09, 03:09 am
Tuesday, 9th July 2024, 8:39 am

സച്ചിയുടെ സംവിധാനത്തില്‍ 2020ല്‍ പുറത്തിറങ്ങിയ സിനിമയാണ് അയ്യപ്പനും കോശിയും. രണ്ട് വ്യക്തികളുടെ ഈഗോ എത്രത്തോളം അപകടകരമാകുമെന്ന് കാണിച്ചു തന്ന സിനിമ ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. അയ്യപ്പന്‍ നായര്‍ എന്ന സബ് ഇന്‍സ്‌പെക്ടറായി ബിജു മേനോനും, കോശി കുര്യനായി പൃഥ്വിരാജും ഗംഭീര പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.

സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് അനു മോഹന്‍. സി.പി.ഓ സുജിത് എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. സിനിമയില്‍ തന്റെ ഒരു പ്രധാന സീന്‍ ദൈര്‍ഘ്യം കൂടിയത് കാരണം കട്ട് ചെയ്ത് കളഞ്ഞാലോ എന്ന് സംവിധായകന്‍ സച്ചി ചിന്തിച്ചിരുന്നുവെന്ന് ആ സിനിമയുടെ എഡിറ്റര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് അനുമോഹന്‍ പറഞ്ഞു.

അനില്‍ നെടുമങ്ങാട് അവതരിപ്പിച്ച സി. ഐ. സതീഷുമായുള്ള സംഭാഷണ രംഗം സിനിമയിലെ മികച്ച സീനുകളിലൊന്നാണ്. സീരിയസായി പോകുന്ന സിനിമയില്‍ ചെറുതായി ചിരി പടര്‍ത്തിയ രംഗം ഒഴിവാക്കാന്‍ സച്ചി ആലോചിച്ചുവെന്നും എന്നാല്‍ അവസാനനിമിഷം അത് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെന്ന് എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം തന്നോട് പറഞ്ഞിരുന്നുവെന്ന് അനുമോഹന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ബിഗ് ബെന്നിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.


‘അയ്യപ്പനും കോശിയും എനിക്ക് കിട്ടിയ വലിയൊരു ഭാഗ്യമാണ്. കരിയറില്‍ നോട്ട് ചെയ്ത് വെക്കാന്‍ പറ്റുന്ന റോളായിരുന്നു ആ സിനിമയില്‍. ആ സിനിമയിലെ എന്റെ ഏറ്റവും ബെസ്റ്റ് സീനായിരുന്നു അനിലേട്ടനുമായിട്ടുള്ള സംഭാഷണം. കുറച്ച് ഇമോഷണലായി തുടങ്ങി ഏറ്റവും ലാസ്റ്റ് ചെറുതായി കോമഡിയുടെ ട്രാക്കിലേക്ക് മാറുന്ന രസമുള്ള സീനായിരുന്നു. അനിലേട്ടനെ സതീഷേ എന്നൊക്കെ വിളിക്കുന്ന ഭാഗം അടിപൊളിയായിരുന്നു.

സിനിമയുടെ ലെങ്ത് മൂന്ന് മണിക്കൂറിനടുത്തായപ്പോള്‍ സച്ചിയേട്ടന്‍ ആ സീന്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ ഫൈനല്‍ ഔട്ട് എടുക്കുന്നതിന് മുന്നേ എന്തോ കാരണം കൊണ്ട് ആ സീന്‍ കളയണ്ട എന്ന് സച്ചിയേട്ടന്‍ തീരുമാനിക്കുകയായിരുന്നു. ഇത് എന്നോട് പറഞ്ഞത് എഡിറ്റര്‍ രഞ്ജന്‍ ചേട്ടനാണ്. ‘മോനേ, ഈ സീന്‍ കളയാനിരുന്നതായിരുന്നു. പക്ഷേ എന്തോ കാരണം കൊണ്ട് കളയണ്ടെന്ന് സച്ചി തീരുമാനിച്ചു’ എന്ന് രഞ്ജന്‍ ചേട്ടന്‍ പറഞ്ഞപ്പോളാണ് ഞാന്‍ ആ കാര്യം അറിയുന്നത്,’ അനുമോഹന്‍ പറഞ്ഞു.

Content Highlight: Anumohan about Ayyappanum Koshiyum movie and Sachy