| Tuesday, 27th February 2024, 9:26 am

കോഹ്‌ലിയുടെ വജ്രായുധം അണിയറയിൽ ഒരുങ്ങുന്നു; കൊടുങ്കാറ്റായി ബെംഗളൂരുവിന്റെ തുറുപ്പുചീട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഡി.വൈ.പാട്ടീല്‍ ടി-20 കപ്പില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സൂപ്പര്‍ താരം അനൂജ് റാവത്ത്. ഇന്‍കം ടാക്‌സ് ടീമിന് വേണ്ടിയാണ് അനൂജ് തകര്‍പ്പന്‍ പ്രകടനം നടത്തിയത്.

ബാങ്ക് ഓഫ് ബറോഡക്കെതിരെ 57 പന്തില്‍ പുറത്താവാതെ 116 റണ്‍സ് നേടി കൊണ്ടായിരുന്നു അനൂജിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 14 ഫോറുകളും നാല് സിക്‌സുകളുമാണ് അനൂജിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

താരത്തിന്റെ ഈ മിന്നും ഫോം വരാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരുവിന് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കഴിഞ്ഞ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും 91 റണ്‍സാണ് താരം നേടിയത്.

ബെംഗളൂരു ജേഴ്‌സിയില്‍ നേടിയ 29 റണ്‍സാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അനൂജ് നടത്തിയ ഈ മിന്നും പ്രകടനം ഏറെ ശ്രദ്ധേയമായി..

മാര്‍ച്ച് 22 മുതലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ എതിരാളികള്‍.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇന്‍കം ടാക്‌സ് അനൂജിന്റെ സെഞ്ച്വറി കരുത്തില്‍ 20 ഓവറില്‍ 238 റണ്‍സാണ് നേടിയത്. അനൂജിന് പുറമെ ഇന്‍കം ടാക്‌സിന് വേണ്ടി പ്രമോദ് ചാന്തില 35 റണ്‍സും അഭിഷേക് ദാസ് 31 റണ്‍സും മഹിപാല്‍ ലോംറോര്‍ 27 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബറോഡക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടാനാണ് സാധിച്ചത്.

ഇന്‍കം ടാക്‌സിന്റെ ബൗളിങ്ങില്‍ ലളിത് യാദവ്, ഇഷാല്‍ പോറല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Anuj Rawat score a century in DY Patil T20 cup 2024

We use cookies to give you the best possible experience. Learn more