ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം പുറത്തെടുത്താണ് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്ക് മുമ്പില്‍ തലകുനിച്ചുനിന്നത്. ഐ.പി.എല്ലിലെ മൂന്നാമത്തെ ഏറ്റവും ചെറിയ ടോട്ടലാണ് സ്വന്തം സ്‌റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.
നിര്‍ണായക ഘട്ടങ്ങളില്‍ കളി മറക്കുന്ന രാജസ്ഥാന്‍ ഇത്തവയും അതാവര്‍ത്തിച്ചു. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്താന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും തങ്ങള്‍ക്ക് മതിയാകില്ല എന്നുള്ളപ്പോഴാണ് നെറ്റ് റണ്‍ റേറ്റിനെയടക്കം വലിച്ചു താഴെയിട്ട മോശം പ്രകടനം ഹല്ലാ ബോല്‍ ആര്‍മിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
രാജസ്ഥാന്റെ മോശം ബാറ്റിങ് പ്രകടനം എന്നതിനേക്കാളുപരി ബെംഗളൂരുവിന്റെ മികച്ച ബൗളിങ് പ്രകടനം എന്ന് വേണം കഴിഞ്ഞ ദിവസത്തെ മത്സരത്തെ വിശേഷിപ്പിക്കാന്‍. ഹസരങ്കയെയടക്കം പുറത്തിരുത്തിയ മത്സരത്തില്‍ പകരക്കാരനായി എത്തിയ വെയ്ന്‍ പാര്‍ണെലും ബ്രേസ്വെല്ലും കരണ്‍ ശര്‍മയും വിരുതുകാണിച്ചു.
കഴിഞ്ഞ മത്സരത്തില്‍ ബൗളര്‍മാര്‍ക്കൊപ്പം കയ്യടി അര്‍ഹിക്കുന്ന പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ അനുജ് റാവത്ത് പുറത്തെടുത്തത്. വിക്കറ്റിന് മുമ്പിലും പുറകിലും അസാമാന്യ പ്രകടനമാണ് താരം കാഴ്ചവെച്ചത്.
ബാറ്റിങ്ങില്‍ 11 പന്തില്‍ നിന്നും രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയുമടക്കം 29 റണ്‍സ് നേടിയപ്പോള്‍ വിക്കറ്റിന് പിറകിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. അതില്‍ എടുത്ത് പറയേണ്ടത് അശ്വിനെ പുറത്താക്കിയ ആ റണ്‍ ഔട്ട് തന്നെയാണ്.
രാജസ്ഥാന്‍ ഇന്നിങ്‌സിലെ എട്ടാം ഓവറിലെ അവസാന പന്തിലാണ് അനുജ് റാവത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മാസ്മരികമായ മുഹൂര്‍ത്തങ്ങളിലൊന്നാകാന്‍ പോകുന്ന ആ റണ്‍ ഔട്ട് പിറവിയെടുത്തത്.
കരണ്‍ ശര്‍മയുടെ പന്തില്‍ കവറിലേക്ക് ഷോട്ട് കളിച്ച ഹെറ്റ്‌മെയറും അശ്വിനും റണ്ണിനായി ഓടി. സിംഗിള്‍ പൂര്‍ത്തിയാക്കിയ അശ്വിന്‍ രണ്ടാം റണ്ണിനായി കോള്‍ ചെയ്തു. എന്നാല്‍ പകുതിയോടി തിരിച്ചുകയറേണ്ട അവസ്ഥയിലായിരുന്നു കാര്യങ്ങള്‍. സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടിക്കയറിയ അശ്വിന് ക്രീസിലെത്താന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ അനുജിന്റെ ബ്രില്യന്റ് പീസ് ഓഫ് വിക്കറ്റ് കീപ്പിങ് പിറന്നിരുന്നു.
സിറാജിന്റെ ത്രോ തന്റെ കാലുകള്‍ക്കിടയിലൂടെ വിക്കറ്റിലേക്ക് തഴുകിയിടുമ്പോള്‍ സവായ് മാന്‍ സിങ് സ്‌റ്റേഡിയമൊന്നാകെ അവനെ അത്ഭുതത്തോടെ നോക്കി നില്‍ക്കുകയായിരുന്നു. ഒറ്റ പന്ത് പോലും നേരിടാന്‍ സാധിക്കാതെയാണ് അശ്വിന്‍ പുറത്തായത്.
എന്നാല്‍ ഈ പ്രകടനത്തിന് പിന്നാലെ അര്‍ഹിച്ച അഭിനന്ദനം അനുജ് റാവത്തിന് ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് സങ്കടകരമായ വസ്തുത. സീസണില്‍ പലപ്പോഴും മോശം പ്രകടനങ്ങള്‍ താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തെ പ്രകടനം കയ്യടി അര്‍ഹിക്കുന്നത് തന്നെയാണ്.
ഇന്ത്യയുടെ അടുത്ത ട്രാന്‍സിഷന്‍ പിരീഡില്‍ നിര്‍ണായകമാകാന്‍ പോകുന്ന ഒരു പേരായിരിക്കും തന്റേതെന്ന് ഈ 23കാരന്‍ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ജെയ്‌സ്വാളിനും റിങ്കുവിനുമൊപ്പം ഇവന്റെ പേരും ഭാവിയില്‍ ഇന്ത്യയുടെ കരിനീല ജേഴ്‌സിയില്‍ കണ്ടേക്കും.
Content highlight: Anuj Rawat’s brilliant wicket keeping against Rajasthan Royals