ബോല്‍പുര്‍ (ബംഗാള്‍): ബംഗാളിലെ മണ്ഡലങ്ങളിലടക്കം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വീട്ടുതടങ്കലില്‍. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരം കേന്ദ്രസേനകളാണ് തൃണമൂല്‍ ജില്ലാ പ്രസിഡന്റ് അനുബ്രത മണ്ഡലിനെ വീട്ടുതടങ്കലിലാക്കിയത്.
ഏപ്രില്‍ 30 വരെ തടങ്കല്‍ തുടരും. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനുവേണ്ടിയാണ് വീട്ടുതടങ്കലെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം. പോളിങ് ഉദ്യോഗസ്ഥരുടെ അസോസിയേഷന്റെ അഭ്യര്‍ഥനപ്രകാരമാണ് ഓഫീസറുടെ നടപടി.
കേന്ദ്രസര്‍ക്കാരാണ് തന്നെ തടവിലാക്കിയതെന്നു മണ്ഡല്‍ പ്രതികരിച്ചു.
2018-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് ഇത്തവണ കേന്ദ്രസേനകളെ നേരത്തേതന്നെ സംസ്ഥാനത്തുടനീളം വിന്യസിച്ചിരുന്നു. കേന്ദ്രസേനകളെ വിന്യസിച്ചുകൊണ്ടുള്ള തീരുമാനത്തെ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്വാഗതം ചെയ്തിരുന്നു.
തിങ്കളാഴ്ച സംസ്ഥാനത്തെ എട്ടു മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്താകെ 42 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്.