| Saturday, 4th January 2025, 1:26 pm

ഹിന്ദിയില്‍ ഏതൊരു താരവും ചെയ്യാന്‍ മടിക്കുന്ന പരീക്ഷണങ്ങളാണ് ആ മലയാള നടന്‍ ഓരോ സിനിമയിലും ചെയ്യുന്നത്: അനുരാഗ് കശ്യപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. പാഞ്ച് എന്ന ചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച അനുരാഗ് കശ്യപ് പിന്നീട് നോ സ്‌മോക്കിങ്, ബ്ലാക്ക് ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. ഇന്ത്യന്‍ സിനിമ അതുവരെ കാണാത്ത തരത്തില്‍ ഗ്യാങ്‌സ് ഓഫ് വസേപൂര്‍ എന്ന ചിത്രം പുറത്തിറക്കിയതോടെ ഇന്ത്യ മുഴുവന്‍ അനുരാഗ് കശ്യപ് ശ്രദ്ധേയനായി.

സ്റ്റാര്‍ സിസ്റ്റവും ഫാന്‍ ബേസും മലയാളസിനിമകളെ അധികം ബാധിക്കാറില്ലെന്ന് പറയുകയാണ് അനുരാഗ് കശ്യപ്. ബോളിവുഡില്‍ ഏത് നടന്റെ കാര്യമെടുത്താലും വ്യത്യസ്തമായ കഥകള്‍ തെരഞ്ഞെടുക്കാന്‍ അവരുടെ ഏജന്‍സി സമ്മതിക്കാറില്ലെന്നും ഫാന്‍സിന്റെ കാര്യത്തില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാറുണ്ടെന്നും അനുരാഗ് കശ്യപ് പറഞ്ഞു.

നടന്മാര്‍ക്ക് വരുന്ന കഥകളെല്ലാം അവര്‍ ആദ്യം വായിക്കുമെന്നും പല സീനും വര്‍ക്കാകാന്‍ ചാന്‍സില്ലെന്ന് പറഞ്ഞ് അവര്‍ തന്നെ വെട്ടിക്കളയുമെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേരളത്തില്‍ ഇത്തരത്തിലുള്ള സംഗതികള്‍ നടക്കാറില്ലെന്നും ഫാന്‍ ബേസിനെ പേടിച്ച് താരങ്ങള്‍ വ്യത്യസ്തത പരീക്ഷിക്കാതിരിക്കാറില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ഇന്നും മലയാളത്തില്‍ ഏറ്റവുമധികം ആരാധകരെ നേടിയിരിക്കുന്നതിന്റെ കാരണം അതാണെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി ഇപ്പോള്‍ തെരഞ്ഞെടുക്കുന്ന സിനിമകളെല്ലാം അതിന് ഉദാഹരണമാണെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ഓരോ സിനിമയും വ്യത്യസ്തമാക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമാണെന്നും തന്റെ ഫാന്‍ ബേസ് അതിനൊരു തടസ്സമായി മമ്മൂട്ടി കരുതുന്നില്ലെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു. ഹിന്ദിയില്‍ മറ്റേതൊരു താരവും ചെയ്യാന്‍ മടിക്കുന്ന സബ്ജക്ടുകളാണ് മമ്മൂട്ടി ചെയ്യുന്നതെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അനുരാഗ് കശ്യപ്.

‘ബോളിവുഡിലെ ഏതൊരു മുന്‍നിര നടനെ വെച്ച് സിനിമ ചെയ്യാന്‍ നോക്കിയാലും അതിന്റെ ഏറ്റവും വലിയ വെല്ലുവിളി സ്റ്റാര്‍ സിസ്റ്റവും ഫാന്‍ ബേസുമാണ്. ഫാന്‍സിനെക്കുറിച്ച് അവര്‍ വളരെയധികം കണ്‍സേണാണ്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ഏജന്‍സി അതിനെ വിശദമായി പരിശോധിക്കും. അവര്‍ക്ക് സിനിമയുടെ വാല്യുവിനെപ്പറ്റി അറിയണ്ട. സ്റ്റാറുകളുടെ മൂല്യം കുറയാതെ നോക്കുക എന്ന് മാത്രമാണ് അവര്‍ ചെയ്യുന്ന പണി.

നമ്മള്‍ ഏതെങ്കിലും കഥയുമായി ചെല്ലുമ്പോള്‍ ഈ ഏജന്‍സിയാണ് അത് ആദ്യം വായിക്കുക. ഓരോ സീനും വര്‍ക്കാകുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് അവരാണ്. എന്നാല്‍ കേരളത്തില്‍ ഇതുപോലുള്ള കാര്യങ്ങള്‍ നടക്കില്ല. ഫാന്‍ ബേസും സ്റ്റാര്‍ സിസ്റ്റവും ഇവിടെയും ഉണ്ട്. പക്ഷേ, സിനിമയുടെ ഉള്ളിലേക്ക് അത് എത്തില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഇന്നും നിറഞ്ഞുനില്‍ക്കുന്നതിന്റെ കാരണം അതാണ്.

മമ്മൂട്ടി ഇപ്പോള്‍ തെരഞ്ഞെടുക്കുന്ന സിനിമകള്‍ നോക്കൂ. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തമാണ്. അത് അങ്ങനെയാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. ഫാന്‍സും അതിനനുസരിച്ച് അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹിന്ദിയില്‍ ഏതൊരു താരവും ചെയ്യാന്‍ പേടിക്കുന്ന കഥകളാണ് മമ്മൂട്ടി ഓരോ സിനിമയിലും ചെയ്യുന്നത്. അതിന് നല്ല ധൈര്യം വേണം,’ അനുരാഗ് കശ്യപ് പറഞ്ഞു.

Content Highlight: Anuag Kashyap about Mammootty’s script selecton

We use cookies to give you the best possible experience. Learn more