|

ജീവിതത്തില്‍ എത്ര മുന്നോട്ടുപോയാലും അഭിമാനത്തോടെ ഓര്‍ക്കാവുന്ന എന്റെ കഥാപാത്രം: അനു സിത്താര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അനു സിത്താര. 2013ല്‍ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. അതേവര്‍ഷം തന്നെ ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ചെറിയ വേഷം ചെയ്തിരുന്നു.

എന്റെ ജീവിതത്തില്‍ എത്ര മുന്നോട്ടുപോയാലും തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനത്തോടെ ഓര്‍ക്കാവുന്ന കഥാപാത്രമാണ് രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനി –  അനു സിത്താര

അനു സിത്താരയുടെ കരിയറിലെ മികച്ച വേഷമാണ് രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തിലെ മാലിനി. രഞ്ജിത്ത് ശങ്കര്‍ രചനയും നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച് 2017ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍.

രാമന്റെ ഏദന്‍തോട്ടം എന്ന സിനിമയെ കുറിച്ചും മാലിനി എന്ന കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് അനു സിത്താര. ഒരുപാട് പേര്‍ സിനിമ ഇറങ്ങിയ സമയത്ത് നല്ല അഭിപ്രായം പറഞ്ഞിരുന്നുവെന്നും നടി മേനക വിളിച്ച് അനുമോദിച്ചതാണ് കൂടുതല്‍ സന്തോഷമായതെന്നും അനു സിത്താര പറയുന്നു.

അത്രയും പ്രാധാന്യമുള്ള കഥാപാത്രം അവതരിപ്പിക്കുന്നത് ആദ്യമായിട്ടായിരുന്നുവെന്നും ഇനി അങ്ങനെയൊരു കഥാപാത്രം ലഭിക്കുമോയെന്ന് അറിയില്ലെന്നും അനു പറഞ്ഞു. ജീവിതത്തില്‍ എത്ര മുന്നോട്ടുപോയാലും തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനത്തോടെ ഓര്‍ക്കാവുന്ന കഥാപാത്രമാണ് രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനിയെന്നും അനു സിത്താര കൂട്ടിച്ചേര്‍ത്തു.

‘രാമന്റെ ഏദന്‍തോട്ടവും അതിലെ മാലിനിയെന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഒരുപാട് പേര്‍ ആ സമയത്ത് നല്ല അഭിപ്രായം പറഞ്ഞു. ഒരുപാട് മെസേജുകളും കിട്ടിയിരുന്നു. സിനിമാ മേഖലയില്‍ നിന്നുതന്നെ ധാരാളം പേര്‍ വിളിച്ചു.
ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയത് സിനിമാതാരം മേനക ചേച്ചി വിളിച്ചപ്പോഴാണ്. നന്നായി അഭിനയിച്ചെന്നും സിനിമ നന്നായിരുന്നെന്നുമൊക്കെ പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. അത്രയും സീനിയറായിട്ടുള്ള ഒരാളാണല്ലോ അവര്‍. അത്തരമൊരാള്‍ എന്നെ വിളിച്ച് അഭിനന്ദിക്കുന്നതും ആദ്യമായിട്ടാണ്. എന്റെ കഥാപാത്രത്തിന് കിട്ടുന്ന അംഗീകാരമായിട്ടാണ് ഞാന്‍ കാണുന്നത്.

അത്രയും പ്രാധാന്യമുള്ള ഒരു വേഷം അഭിനയിക്കുന്നത് ആദ്യമായിട്ടായിരുന്നു. ഇനിയും അങ്ങനെയൊരു കഥാപാത്രം കിട്ടുമോയെന്ന് പറയാന്‍ പറ്റില്ല.

എന്റെ ജീവിതത്തില്‍ എത്ര മുന്നോട്ടുപോയാലും തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനത്തോടെ ഓര്‍ക്കാവുന്ന കഥാപാത്രമാണ് രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനി,’ അനു സിത്താര പറയുന്നു.

Content highlight: Anu Sithara talks about Ramante Edanthottam movie