| Tuesday, 18th February 2025, 4:59 pm

കണ്ട അഞ്ച് മിനിറ്റിനുള്ളില്‍ ആ നടിയും ഞാനും തോളില്‍ കയ്യിട്ട് നടക്കാന്‍ തുടങ്ങി; എന്റെ ബെസ്റ്റ് ഫ്രണ്ടാണിപ്പോള്‍: അനു സിത്താര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അനു സിത്താര. 2013ല്‍ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. അതേവര്‍ഷം തന്നെ ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ചെറിയ വേഷം ചെയ്തിരുന്നു.

എന്റെ ബെസ്റ്റ് ഫ്രണ്ടാണ് നിമിഷ –  അനു സിത്താര

2015ല്‍ സച്ചിയുടെ അനാര്‍ക്കലി എന്ന ചിത്രത്തില്‍ ആതിര എന്ന കഥാപാത്രമായി ഒരു അതിഥി വേഷത്തിലും അനു എത്തിയിരുന്നു. രാമന്റെ ഏദന്‍തോട്ടം, ക്യാപ്റ്റര്‍, ഒരു കുപ്രസിദ്ധ പയ്യന്‍ ഉള്‍പ്പെടെയുള്ള മികച്ച സിനിമകളുടെ ഭാഗമാകാനും അനു സിത്താരക്ക് സാധിച്ചിരുന്നു.

ഇപ്പോള്‍ നിമിഷ സജയനുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് അനു സിത്താര. തന്റെ ബെസ്റ്റ് ഫ്രണ്ടാണ് നിമിഷ സജയന്‍ എന്നും ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ആദ്യമായി കാണുന്നതെന്നും അനു സിത്താര പറയുന്നു.

‘എന്റെ ബെസ്റ്റ് ഫ്രണ്ടാണ് നിമിഷ. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് നിമിഷയെ ആദ്യം കാണുന്നത്. ഒരാളോട് പെട്ടെന്ന് കൂട്ടാകുന്ന ആളല്ല ഞാന്‍. കുറച്ച് നാള്‍ കണ്ട് സംസാരിച്ച് കഴിയുമ്പോഴേ ഒരാള്‍ എന്റെ സുഹൃത്താണെന്ന് തോന്നുകയുള്ളൂ.

കണ്ട അഞ്ച് മിനിറ്റിനുള്ളില്‍ നിമിഷയും ഞാനും തോളില്‍ കയ്യിട്ട് നടക്കാന്‍ തുടങ്ങി. സംവിധായകന്‍ മധുപാല്‍ സര്‍ ഇതുകണ്ട് ‘ഇവരിത്ര വേഗം കൂട്ടായോ’ എന്ന് ചോദിക്കുകയും ചെയ്തു.

ഞങ്ങള്‍ രണ്ടും വ്യത്യസ്ത സാഹചര്യത്തില്‍ വളര്‍ന്നവരാണ്. മുംബൈയില്‍ വളര്‍ന്ന, സ്വയം പര്യാപ്തതയുള്ള ഒരാളാണ് നിമിഷ. ഞാന്‍ വയനാട്ടില്‍ എല്ലാ കാര്യത്തിനും അച്ഛനെയും അമ്മയെയും ആശ്രയിച്ചു വളര്‍ന്നു. ഇപ്പോഴും നിമിഷയെ പോലെ എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യുന്ന ആളല്ല ഞാന്‍.

നിമിഷ എന്നെ അത്ഭുതപ്പെടുത്തുന്നത് അവളുടെ സിനിമകള്‍ കൊണ്ടാണ്.

തുടര്‍ച്ചയായി നൈറ്റ് ഷൂട്ടൊക്കെ വരുമ്പോള്‍ എനിക്ക് മടുക്കും. പക്ഷേ, എത്ര വൈകി ഷൂട്ട് കഴിഞ്ഞാലും അവള്‍ക്ക് എനര്‍ജി ബാക്കിയാണ്. ആ കഷ്ടപ്പാടിന് കിട്ടുന്ന റിസല്‍റ്റാണ് അവളുടെ സിനിമകള്‍.

നിമിഷ വന്ന് കഴിഞ്ഞാല്‍ ഒരു തട്ടുകടയില്‍ കട്ടന്‍ ചായ കുടിക്കാന്‍ പോയാലും അതില്‍ ഒരു രസം ഉണ്ട്. നമുക്ക് ഇഷ്ടമുള്ള ആള്‍ക്കൊപ്പം എന്ത് കഴിച്ചാലും അതിന്റെ രുചി കൂടില്ലേ!,’ അനു സിത്താര പറയുന്നു.

Content highlight: Anu Sithara talks about her friendship with Nimisha Sajayan

We use cookies to give you the best possible experience. Learn more