| Friday, 6th January 2023, 10:03 pm

അഭിനയിച്ച സിനിമയുടെ പേരിന്റെ അര്‍ത്ഥം പോലും അറിയില്ലായിരുന്നു, മമ്മൂക്കയാണ് അത് പറഞ്ഞുതന്നത്: അനു സിത്താര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂക്കയെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് നടി അനു സിത്താര. ചെറുപ്പം മുതല്‍ തന്നെ മമ്മൂക്കയുടെ വലിയ ആരാധികയായിരുന്നുവെന്നും ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞുവെന്നും അനു സിത്താര പറഞ്ഞു. ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം അനു സിത്താര പങ്കുവെച്ചത്.

‘ചെറുപ്പം മുതലേ ഞാന്‍ മമ്മൂക്കയുടെ ആരാധികയാണ്. ഹാപ്പി വെഡ്ഡിങ് കഴിഞ്ഞപ്പോള്‍ എനിക്ക് അദ്ദേഹത്തിന്റെ നമ്പര്‍ കിട്ടി. അപ്പോള്‍ ഞാന്‍ മെസേജ് അയച്ചു. ഞാന്‍ ഹാപ്പി വെഡ്ഡിങ്ങില്‍ ഷാഹിന എന്നൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്, മമ്മൂക്കയുടെ വലിയ ഫാനാണ് എന്നൊക്കെ പറഞ്ഞ് മെസേജ് അയച്ചു. ഹായ് താങ്ക്യു എന്ന് അദ്ദേഹം റീപ്ലെ തന്നു. ഞാന്‍ അന്ന് വീട്ടില്‍ കിടന്ന് തുള്ളിച്ചാടി.

അതിന് ശേഷം ഒരു തമിഴ് സിനിമയുടെ ഷൂട്ടിനായി ചെന്നൈയില്‍ പോയിരുന്നു. അപ്പോഴാണ് പേരന്‍പിന്റെ ഷൂട്ടിനായി മമ്മൂട്ടി അവിടെ എത്തിയ കാര്യം അറിഞ്ഞത്. ഒന്ന് കാണാന്‍ പറ്റുമോ എന്ന് ആന്റോ ചേട്ടനോട് ഞാന്‍ ചോദിച്ചു. നോക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസം പെട്ടെന്ന് വന്ന് ഇന്ന് കാണാമെന്ന് ആന്റോ ചേട്ടന്‍ പറഞ്ഞു.

അന്ന് വൈകുന്നേരം അഞ്ച് മണിക്ക് പേരന്‍പിന്റെ സെറ്റില്‍ ചെന്നു. ഷൂട്ട് കഴിഞ്ഞ് എല്ലാവരും പോയിരുന്നു. മമ്മൂക്കയുടെ കാരവാന്‍ മാത്രം അവിടെ കിടപ്പുണ്ട്. അടുത്ത് ചെന്നപ്പോള്‍ കാരവാന്റെ വാതില്‍ തനിയെ തുറന്ന്, ഒരു സ്‌റ്റെപ്പ് തനിയെ അതിനകത്തുനിന്നും പുറത്തേക്ക് വന്നു. ഞാന്‍ ഒരു കാരവാന്റെ അകത്ത് അതുവരെ കേറിയിട്ടില്ല. ഡോര്‍ തുറന്നുവരുമ്പോള്‍ ചിരിച്ചിരിക്കുന്ന മമ്മൂക്കയുടെ മുഖമാണ് ഞാന്‍ കാണുന്നത്.

ഞാന്‍ അകത്ത് കയറി. സംസാരിക്കാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. സന്തോഷം കൊണ്ട് കണ്ണില്‍ നിന്നും വെള്ളം വന്നു. മമ്മൂക്ക ഞാന്‍ മെസേജ് അയക്കാറുണ്ട്, ഹാപ്പി വെഡ്ഡിങ്ങില്‍ അഭിനയിച്ച അനു സിത്താരയാണെന്ന് പറഞ്ഞു. ആ കുട്ടിയാണോ, വയനാട്ടുകാരിയല്ലേ എന്ന് ചോദിച്ചു. ഇരിക്ക്, ഇവിടെ എന്താണ് പരിപാടി എന്ന് മമ്മൂക്ക ചോദിച്ചു. തമിഴ് സിനിമയുടെ ഷൂട്ടിന് വേണ്ടി വന്നതാണെന്ന് പറഞ്ഞു. എന്താ സിനിമയുടെ പേരെന്ന് ചോദിച്ചു. പൊതുനളന്‍ കരുതി എന്നാണ് സിനിമയുടെ പേര്. പൊതുജനങ്ങളുടെ നന്മക്ക് എന്നാണ് അതിന്റെ അര്‍ത്ഥം. അന്ന് മമ്മൂക്ക പറയുമ്പോഴാണ് അതിന്റെ അര്‍ത്ഥം ഞാനറിയുന്നത്. പേര് തന്നെ ഞാന്‍ തെറ്റിച്ചാണ് പറഞ്ഞത്. അത് അങ്ങനെയല്ല പറയുന്നത്, പൊതുനളന്‍ കരുതി എന്നാണ്, എന്ന് വെച്ചാല്‍ പൊതുജനങ്ങളുടെ നന്മക്ക് എന്നാണ് അര്‍ത്ഥം എന്ന് മമ്മൂക്ക പറഞ്ഞു. അന്ന് ഫോട്ടോ ഒക്കെ എടുത്തിട്ടാണ് പോയത്,’ അനു സിത്താര പറഞ്ഞു.

Content Highlight: anu sithara shares the experience of meeting mammootty for the first time

We use cookies to give you the best possible experience. Learn more