പ്രതീക്ഷിക്കാതെ വിനയ് ചേട്ടന്‍ ഡയലോഗ് പറയും, ഞാനൊന്നും പറയാന്‍ കിട്ടാതെ തപ്പും: അനു സിത്താര
Entertainment news
പ്രതീക്ഷിക്കാതെ വിനയ് ചേട്ടന്‍ ഡയലോഗ് പറയും, ഞാനൊന്നും പറയാന്‍ കിട്ടാതെ തപ്പും: അനു സിത്താര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th August 2023, 2:32 pm

 

വാതില്‍ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അനു സിത്താര. ഇതൊരു ഫാമിലി ത്രില്ലര്‍ സിനിമയാണെന്നും എല്ലാവര്‍ക്കും കണക്ട് ചെയ്യാന്‍ പറ്റുമെന്നും അനു സിത്താര പറഞ്ഞു. വിനയ് ഫോര്‍ട്ടിനൊപ്പം ചെയ്യുന്ന ആദ്യത്തെ സിനിമയാണിതെന്നും നമുക്ക് കണ്ടന്റ് മാത്രം കയ്യില്‍ മതിയെന്നും ബാക്കിയൊക്കെ കണ്ടന്റില്‍ നിന്നും വിട്ടുപോകാതെ തോന്നുന്നത് പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞതായി അനു സിത്താര പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘കുഞ്ഞു സിനിമയാണ്, ഫാമിലി ത്രില്ലറാണ്. ഒരുപാട് കഥാപാത്രങ്ങളോ അല്ലെങ്കില്‍ ഒരുപാട് ചര്‍ച്ച ചെയ്യാനുള്ള എന്തെങ്കിലുമോയില്ല. എല്ലാവര്‍ക്കും കണക്ട് ചെയ്യാന്‍ പറ്റുന്ന ഒരു കണ്ടന്റാണ്. എല്ലാവരുടെയും ലൈഫില്‍ നടന്നേക്കാവുന്ന അല്ലെങ്കില്‍ നിങ്ങള്‍ക്ക് ആരുടെയെങ്കിലും ലൈഫില്‍ കണ്ടേക്കാവുന്ന കാര്യങ്ങളാണ് സിനിമയിലുള്ളത്. അതുകൊണ്ട് തിയേറ്ററില്‍ സിനിമ കാണുമ്പോള്‍ ഒരു പുതിയ സംഭവമായി ആയിരിക്കില്ല തോന്നുക. ഇത് എന്റെ ജീവിതത്തില്‍ നടന്നിട്ടുണ്ടല്ലോ, അല്ലെങ്കില്‍ എന്റെ കൂട്ടുകാരന്റെ ജീവിതത്തില്‍ നടന്നിട്ടുണ്ടല്ലോ എന്നാണ് തോന്നുക.

ലോക്ഡൗണ്‍ സമയത്താണ് ഞാന്‍ സ്‌ക്രിപ്റ്റ് കേള്‍ക്കുന്നത്. കേട്ട ഉടനെ തന്നെ ഞാന്‍ വിനയ് ചേട്ടനെ വിളിക്കുകയാണ് ചെയ്തത്. നമുക്ക് ചെയ്യാമല്ലേ എന്ന രീതിയില്‍ ഞങ്ങള്‍ സംസാരിച്ചു. വിനയ് ചേട്ടനുമായുള്ള ആദ്യത്തെ സിനിമയാണ്. വിനയ് ചേട്ടനുമായുള്ള അനുഭവം അടിപൊളിയായിരുന്നു. അദ്ദേഹത്തിന് ഒരു പാറ്റേണുണ്ട്, വളരെ നാച്ചുറലായിട്ടുള്ള ആക്ടിങ്ങാണ്. ഞാന്‍ ആദ്യ ദിവസം ലൊക്കേഷനില്‍ വന്ന്, സ്‌ക്രിപ്‌റ്റൊക്ക കിട്ടി, ഡയലോഗൊക്കെ പഠിച്ച് താഴെയെത്തിയപ്പോള്‍ വിനയ് ചേട്ടന്‍ പറഞ്ഞു, അനു നമുക്ക് ഈ കണ്ടന്റ് മതി, ബാക്കിയുള്ളതൊക്കെ നിനക്ക് എന്താണോ വായില്‍ വരുന്നത് കണ്ടന്റില്‍ നിന്നും വിട്ടുപോകാതെയുള്ള ഡയലോഗ് പറഞ്ഞാല്‍ മതിയെന്ന്. എഴുതിവെച്ചത് തന്നെ പറയണ്ട, ഭയങ്കര ഡ്രമാറ്റിക് ആകില്ലേയെന്ന് ചോദിച്ചു. എനിക്കാണെങ്കില്‍ അത് ശീലമില്ല, ഭയങ്കര ബുദ്ധിമുട്ടായി. വിനയ് ചേട്ടന്‍ പ്രതീക്ഷിക്കാതെയാവും എന്തെങ്കിലും ഇങ്ങോട്ട് പറയുക, അപ്പോള്‍ ഒന്നും പറയാന്‍ കിട്ടാതെ ഞാന്‍ തപ്പും. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് പറ്റുന്നില്ല ഇങ്ങനെ ചെയ്യാനെന്ന് ഞാന്‍ വിനയ് ചേട്ടനോട് പറഞ്ഞു. പിന്നെ എന്നും ഞങ്ങള്‍ നേരത്തെ വന്ന് നമ്മള്‍ക്ക് ഇങ്ങനെയൊക്കെ പറയാമെന്ന് ആദ്യമേ ചര്‍ച്ച ചെയ്തതിന് ശേഷമായിരുന്നു സീനൊക്കെ എടുത്തിരുന്നത്. ഡയറക്ടറും ക്യാമറാമാനും എല്ലാവരും കൂടെ ഉണ്ടാകും ,’ അനു സിത്താര പറഞ്ഞു.

സിനിമ തിയേറ്ററില്‍ കാണാതെ ടി.വിയിലൊക്കെ കണ്ടിട്ട് ആളുകള്‍ നന്നായിട്ടുണ്ടെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും അനു സിത്താര പറഞ്ഞു.

‘എല്ലാ സിനിമയും നന്നായിട്ട് വരണമെന്ന് ആഗ്രഹിച്ചിട്ടാണ് എല്ലാ ആര്‍ട്ടിസ്റ്റുകളും സിനിമ ചെയ്യുന്നത്. അങ്ങനെ വന്നില്ലാ എന്ന് കാണുമ്പോള്‍ വിഷമമാണ്. സിനിമ തിയേറ്ററില്‍ കാണാതെ പിന്നെ ഒ.ടി.ടിയിലും ടി.വിയിലുമൊക്കെ വന്ന് കഴിഞ്ഞിട്ട് ആളുകള്‍ നല്ല അഭിപ്രായങ്ങള്‍ പറയുമ്പോഴാണ് ഏറ്റവും വിഷമമാകുക,’ അനു സിത്താര പറഞ്ഞു.

Content Highlights: Anu sithara about vathil movie