ഇരുപക്ഷത്തും കൊല്ലപ്പെടുന്നത് മനുഷ്യര്‍ തന്നെയാണ്. എന്നാല്‍
സംഘാദികളുടെ ഇസ്രഈല്‍ സ്‌നേഹം കേവലം മുസ്‌ലിം വിരോധം മാത്രമാണ്. അന്ന് ജൂതകൂട്ടക്കൊലയില്‍ ഹിറ്റ്ലര്‍ക്കൊപ്പം നിന്നവരാണ് എന്നോര്‍ക്കണം. ജൂതരോട് നാസികള്‍ ചെയ്തത് മുസ്‌ലിമിനോട് ഹിന്ദുക്കള്‍ ചെയ്യണമെന്ന് ഉറപ്പിക്കുന്നവരാണ് സംഘപരിവാരം. ക്രിസംഘികള്‍ക്ക് ഇസ്രഈല്‍ എന്നാല്‍ ക്രിസ്ത്യാനി ദേശം എന്ന വിചാരമാണ്!.
ഹമാസിന്റെ ഈ ആയുധമെടുപ്പ് തോല്‍വിക്കുള്ളതാണ്. വലിയ പ്രത്യാഘാതങ്ങളുണ്ടാവും. മതവും തീവ്രവാദവുമല്ലാത്ത ഫലസ്തീന്‍ സ്വത്വത്തിനും ഗാസയിലെ ജീവിതം വീണ്ടും ദുസഹമാകും. പക്ഷേ അപ്പോഴും പറയാം. ഇസ്രഈലിനെയും ഫലസ്തീനിനെയും ഒരേ കണ്ണില്‍, ഒരേ തട്ടില്‍ കാണാനാവില്ല.
ഹമാസ് ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങിക്കുന്നു എന്ന് പരിഹസിക്കുമ്പോള്‍ സമീകരിക്കപ്പെടുന്നത് ഇസ്രയേല്‍ ഇക്കാലം വരെയും തുടരുന്ന അധിനിവേശ കയ്യൂക്കിന്റെ കണ്ണില്‍ ചോരയില്ലാത്ത നടപടികളാണ്.
2008 മുതല്‍ 2020 വരെ കൊല്ലപ്പെട്ടവരുടെയും മുറിവേറ്റപ്പെട്ടവരുടെയും കണക്ക് യു.എന്‍ രേഖപ്പെടുത്തിയപ്പോള്‍ ഫലസ്തീനില്‍ 5590 പേര്‍. ഇസ്രഈലില്‍ 251 പേര്‍ കൊല്ലപ്പെട്ടു. 2021 ല്‍ കുട്ടികള്‍ ഉള്‍പ്പെടെ 256 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് രേഖകള്‍. 13 പേര്‍ ഇസ്രഈലിലും. 2022 ലെ പാലസ്തീനിലെ മരണനിരക്ക് ആഴ്ചയില്‍ ‘ഒന്നര കുട്ടി’ എന്ന നിലക്കാണ്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ, ‘ഫലസ്തീനിലെ കുട്ടികള്‍ക്ക് ഏറ്റം മാരകവര്‍ഷമായിരുന്നു 2022’ എന്ന് ‘സേവ് ദ ചില്‍ഡ്രന്‍’ റിപ്പോര്‍ട്ട് ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ സുരക്ഷാസേനയും അധിനിവേശക്കാരും കൊലപ്പെടുത്തിയ കുട്ടികളുടെ എണ്ണം പോയ വര്‍ഷത്തേക്കാള്‍ ഇരട്ടിയായിരുന്നു. തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലാത്ത യുദ്ധത്തില്‍ കുട്ടികള്‍ അവരുടെ ജീവനാണ് വില കൊടുത്തു കൊണ്ടേയിരിക്കുന്നത്.
മരിക്കുന്നതിനേക്കാള്‍ ഭീകരമാം വിധമാണ് അവര്‍ ജീവിച്ചിരിക്കുന്നതും. യുദ്ധമുഖത്തുനിന്ന് കണ്ടെത്തുന്ന കുട്ടികള്‍, പ്രധാനമായും ആണ്‍കുട്ടികള്‍ കൊടിയ പീഡകളാണ് ശാരീരികമായും മാനസികമായും അനുഭവിക്കുന്നത്. ഏതാണ്ട് എണ്‍പത് ശതമാനം കുട്ടികളും തോക്കു കൊണ്ട് അടി കിട്ടി എന്ന് വെളിപ്പെടുത്തിയിരുന്നു.
ജനനേന്ദ്രിയം ലക്ഷ്യമാക്കി അടി കൊണ്ടവര്‍, നിക്കര്‍ അഴിച്ച് തെരച്ചില്‍ നടത്തി,
‘ഇനിയും ഞങ്ങള്‍ വരും’ എന്ന കൊടും ഭീഷണിയേറ്റ് ശരീരത്തിനും മനസിനും മുറിവുകിട്ടിയവര്‍, വിശപ്പും ദാഹവും കൊണ്ട് ആര്‍ത്തരായി നിലവിളിച്ചവര്‍, വീട്ടുകാരില്‍ നിന്ന് അടര്‍ന്ന് ഒരു ദിവസം മുതല്‍ 48 ദിവസം വരെ ഒറ്റക്കായി പേടിച്ചു പോയവര്‍, പാതിരാത്രികളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍- യുദ്ധത്തില്‍ ഇരയാക്കപ്പെട്ട കുട്ടികളുടെ പകല്‍രാത്രികളുടെ അനുഭവങ്ങള്‍ വായിച്ചാല്‍ ഒരു ഉരുളച്ചോറ് സമാധാനത്തോടെ നമുക്ക് ഇറക്കാനാവില്ല.
ഏതു പക്ഷത്തുനില്‍ക്കണം, ആരാണ് ശരി,- തെറ്റ് – എന്ന് യുദ്ധത്തെ സമര്‍ഥിക്കുന്ന വാദങ്ങള്‍ പരസ്പരം ഉതിര്‍ക്കുന്ന നമ്മള്‍ തല്‍ക്കാലം താരതമ്യേന സുരക്ഷിതമായ ഭൂമിയിലാണല്ലോ!
ഈ കുഞ്ഞുങ്ങളുടെ മുഖം എങ്കിലും ഓര്‍ക്കുക. തങ്ങള്‍ യാതൊരു വിധത്തിലും ഭാഗധേയമാകാത്ത ഒന്നിനുവേണ്ടി ജീവനും ജീവിതവും ബലി കൊടുക്കേണ്ടി വരുന്നവരുടെ മുഖം. നമ്മെപ്പോലെ സമാധാനത്തോടെ ഇരിപ്പുറക്കാനിത്തിരി മണ്ണിനുവേണ്ടി മനുഷ്യര്‍ സമാധാനമറ്റു കൊല്ലപ്പെടുന്നത് കണ്ടു കൊണ്ടേയിരിക്കുമ്പോള്‍ യുദ്ധത്തെയല്ല സമര്‍ഥിക്കേണ്ടത് എന്ന മിനിമം വകതിരിവുണ്ടാകണം മനുഷ്യരേ.. അതിന് ലോക രാജ്യങ്ങളാരുടെ ഒപ്പം എന്ന് നോക്കുന്നതല്ല നീതി. സേ നോ ടു വാര്‍.