|

'ഇത് അവസാനിപ്പിക്കണം, കുറ്റകരമാണ്' എന്ന് മമ്മൂട്ടി പറഞ്ഞിരുന്നെങ്കില്‍ വിപ്ലവമായേനെ: എഫ്.ബി. പോസ്റ്റിന് വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് ആദ്യമായി പ്രതികരിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടേയെന്നും ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടേയെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.

മലയാള സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ലെന്നും അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗമല്ല സിനിമയെന്നും നടന്‍ തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് എഴുത്തുകാരി അനു പാപ്പച്ചനിട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

പൊലീസും കോടതിയും നോക്കട്ടെയെന്ന് പറയുന്നതിനൊപ്പം ഇത് നടക്കില്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും കുറ്റകരമാണെന്നും മനുഷ്യരെ സ്വാധീനിക്കുന്ന ഒരാള്‍ ഉറപ്പിച്ചു പറഞ്ഞാല്‍ ഇന്‍ഡസ്ട്രി വിപ്ലവകരമായി മാറുമെന്നാണ് അനു പാപ്പച്ചന്‍ പറയുന്നത്.

ഈ പ്രായത്തിലും എന്തൊരു ചെറുപ്പമായിരിക്കുന്നുവെന്ന് കേള്‍ക്കുന്നതിനേക്കാള്‍ രോമാഞ്ചവും വിപ്ലവമുള്ള കാര്യമാണ്, എല്ലാവര്‍ക്കും അന്തസുള്ള തൊഴിലിടമാണ് ഞങ്ങളുടേതെന്ന ആത്മവിശ്വാസമെന്നും എഴുത്തുകാരി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അഭിനയത്തോടുള്ള ആവേശം, തൊഴിലിനോടുള്ള സമര്‍പ്പണം. ഉടുപ്പ്, നടപ്പ്, എടുപ്പ്, കൂളിങ് ഗ്ലാസ് – ശരീരവും ശാരീരവും ജനപ്രിയമായി നിര്‍ത്തുന്ന കഴിവ്. കാതലും പുഴുവും പോലുള്ള സിനിമകള്‍ ചെയ്യാന്‍ ധൈര്യം കാട്ടിയ ആള്‍. ജീവിതം വേവുന്ന മനുഷ്യരെ തിരയില്‍ അവതരിപ്പിക്കാന്‍ മിടുക്കുള്ളയാള്‍.
തിരയില്‍ അംബേദ്കറായ ആള്‍.

സ്വന്തം ഇഷ്ടങ്ങളും ആനന്ദങ്ങളും ആര്‍ഭാടങ്ങളും ശീലങ്ങളും അഭിനയ കലക്കുവേണ്ടി പത്തമ്പതു വര്‍ഷം ഉപേക്ഷിച്ച് നിലനിര്‍ത്തുന്ന ആള്‍. തന്റെ എഴുപതുകളിലും തിരുത്തി തിരുത്തി പുതുക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെടുന്ന നടന്‍. പുതിയ സംവിധായകര്‍ക്ക് നിരന്തരം അവസരം കൊടുക്കുന്നയാള്‍. ഇന്‍ഡസ്ട്രിയെ അത്രമാത്രം ചലനാത്മകമായി നിര്‍ത്തുന്ന ആള്‍.

ഒരു തൊഴിലാളി എന്ന നിലയില്‍ നിരന്തരം പണിയെടുക്കുന്ന, അനേകം പേര്‍ക്ക് അന്നദാതാവുമാകുന്ന ആള്‍. ഒരു ആക്ടറിന് വേണ്ട ബുദ്ധിയും കാലിബറും ഒരിക്കലും കൈവിട്ടിട്ടില്ലാത്ത ആള്‍. താന്‍ നില്ക്കുന്ന മാധ്യമത്തെ കുറിച്ചുള്ള കാലാനുസൃതമായ അറിവുകള്‍ നേടുന്ന ആള്‍, മാധ്യമപരമായും സാങ്കേതികമായും അപ്‌ഡേറ്റ് ചെയ്യുന്ന ആള്‍.

ലോക സിനിമയില്‍ സംഭവിക്കുന്നത് തിരക്കുന്ന ആള്‍, നിരന്തരം പരീക്ഷണങ്ങള്‍ക്കായി ശ്രമിക്കുന്ന ആള്‍, ട്രെന്‍ഡുകളെ അറിയുന്ന ആള്‍, പുതിയ കാലത്തെ ഓഡിയന്‍സിനെ മനസിലാക്കുന്ന ആള്‍, സര്‍വോപരി, സമൂഹത്തെ സാകൂതം നിരീക്ഷിക്കുന്നയാള്‍. ഇത്രയും തന്റെ മാധ്യമത്തില്‍, ആ വ്യവസായത്തില്‍ സമൂഹത്തില്‍, നിര്‍ണായക പ്രഭാവമുള്ള ഒരാളാണ് പറയുന്നത്, ‘പൊലീസും കോടതിയും നോക്കട്ടെ’ എന്ന്.

ശരിയാണ്. അത്രയും ഉത്തരവാദിത്തം ഒക്കെ ‘താരം’ ഏറ്റെടുത്താല്‍ മതി. പക്ഷേ ഇത് നടക്കില്ല / ഇത് അവസാനിപ്പിക്കണം / ഇത് കുറ്റകരമാണ് എന്ന് മനുഷ്യരെ സ്വാധീനിക്കുന്ന ഒരു മനുഷ്യന്‍ ഉറപ്പിച്ചു പറഞ്ഞാല്‍ ഇന്‍ഡസ്ട്രി വിപ്ലവകരമായി മാറും.

ഈ തൊഴില്‍ പാഷനാണ്, സിനിമയില്ലെങ്കില്‍ ഞാന്‍ മരിച്ചു പോകും എന്നതോളം സിനിമയെ സ്‌നേഹിക്കുന്ന ഒരാളല്ലാതെ മറ്റാരാണത് പറയുക? അതേ പാഷനോടെ, സ്വപ്നങ്ങളോടെ, ആഗ്രഹങ്ങളോടെ ഈ തൊഴിലിലെത്തുന്ന സ്ത്രീകള്‍ക്ക് അന്തസുള്ള തൊഴിലിടമുണ്ടായാല്‍ അത് മലയാള സിനിമയുടെ കൂടി അന്തസാണ്. ‘ഈ പ്രായത്തിലും എന്തൊരു ചെറുപ്പമായിരിക്കുന്നു എന്നു കേള്‍ക്കുന്നതിനേക്കാളും രോമാഞ്ചമുണ്ട്, ഔന്നത്യമുണ്ട്, വിപ്ലവമുണ്ട്. എല്ലാവര്‍ക്കും അന്തസുള്ള തൊഴിലിടമാണ് ഞങ്ങളുടേത് എന്ന ആത്മവിശ്വാസത്തിന്.

Content Highlight: Anu Pappachan Talks About Mammootty’s Facebook Post On Hema Committee Report