ഒരു സംശയമാണ്, വനം-വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറിന്റെ ജോലിക്ക് ഉന്തിയ പല്ല് എങ്ങനെയാണ് ബാധിക്കുക? നിബന്ധനകളില്‍ എഴുതിവെച്ചിട്ടുണ്ട്. irregular tooth ഒരു ന്യൂനതയാണെന്ന്. കാഴ്ച, കേള്‍വി, ശാരീരിക കാര്യക്ഷമത ഒക്കെ ശരിയാണ്. പക്ഷേ ഉന്തിയ പല്ലും കോമ്പല്ലും എങ്ങനെയാവും ഒരു ന്യൂനതയായി നിയമത്തില്‍ വന്നിരിക്കുക? ഏതു സാഹചര്യത്തിലാകും ഇങ്ങനെ എഴുതിച്ചേര്‍ത്തിട്ടുണ്ടാവുക?
പുതൂര്‍ പഞ്ചായതിലെ ആനവായ് ഊരിലെ വെള്ളിയുടെ മകന്‍ മുത്തു പല്ലിന്റെ തകരാര്‍ കൊണ്ടു മാത്രം സര്‍ക്കാര്‍ ജോലിക്ക് അയോഗ്യനായ വാര്‍ത്ത എത്ര സങ്കടകരമാണ്. എഴുത്ത് പരീക്ഷയും കായികക്ഷമതാ പരീക്ഷയും മുത്തു ജയിച്ചു. അഭിമുഖത്തിന് മുന്നുള്ള പരിശോധനയില്‍ ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയത് എഴുതിവെച്ച മാനദണ്ഡങ്ങള്‍ കൊണ്ടാവാം. ഡോക്ടര്‍ക്ക് തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടതുണ്ടാകും. പക്ഷേ ഈ തരത്തിലുള്ള നിബന്ധനകള്‍ കാലഹരണപ്പെട്ടതല്ലേ?
ഉപജീവനത്തിനായി വനത്തെ ആശ്രയിച്ച് കഴിയുന്ന ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റാണ് ബീറ്റ് ഓഫിസര്‍ തസ്തികക്ക്. അട്ടപ്പാടിയിലെ
മുക്കാലിയില്‍ നിന്നു 15 കിലോമീറ്റര്‍ ദൂരെ ഉള്‍വനത്തിലാണ് മുത്തു താമസിക്കുന്ന ആനവായ് ഊര്. പൂര്‍ണമായും വനത്തെ ആശ്രയിച്ചു മാത്രം കഴിയുന്നവരാണ് മുത്തുവിന്റെ സമൂഹം. പല്ല് ചികിത്സിച്ച് നേരെയാക്കാന്‍ ഒട്ടേറെ പരിമിതികള്‍ കാണും. ചികിത്സാ സൗകര്യങ്ങളും സാമ്പത്തിക മുള്‍പ്പെടെയുള്ള ജീവിത സാഹചര്യങ്ങളുമെല്ലാം തടസമാകാം. ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണ് മുത്തുവിന്റെ പല്ലിന് തകരാറുണ്ടായത് എന്നറിയുന്നു.
ശസ്ത്രക്രിയയിലൂടെ തകരാര്‍ പരിഹരിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒരു ഡോക്ടര്‍ സഹായ വാഗ്ദാനവുമായി എത്തിയ വാര്‍ത്തയും കണ്ടു. മുത്തുവിന് ആ ജോലി ഇനി കിട്ടാനുള്ള സാധ്യതയുണ്ടോ/എന്തെങ്കിലും വഴിയുണ്ടോ എന്നറിവില്ല. പക്ഷേ സര്‍ക്കാര്‍ അടിയന്തിരമായി ഇത്തരം നിയമങ്ങള്‍ കാലാനുസൃതമായി പുതുക്കിയെഴുതേണ്ടതുണ്ട്.
പ്രിവിലേജ്ഡായ ആളുകള്‍ക്ക് അനീതികള്‍ പൊതിഞ്ഞു പിടിക്കുന്നതിന് പലപ്പോഴും നിയമം ദുരുപയോഗപ്പെടുത്തുന്ന നാട്ടില്‍, യുക്തിപരമല്ലാത്ത നിയമ വ്യവസ്ഥയില്‍ നിന്ന് നിസ്വരായ മനുഷ്യര്‍ പുറത്തുപോകേണ്ടി വരുന്നത് നീതികേടാണ്.