FB Notification
മരിക്കുമ്പോള്‍ അടയാളപ്പെടുത്തേണ്ടത് പോരാട്ടത്തിന്റെ കര്‍മ്മ മണ്ഡലം കൂടിയാണ്; ജോസഫൈന്‍ എന്ന സ്ത്രീയുടെ രാഷ്ട്രീയ ചരിത്രം അങ്ങനെയങ്ങ് റദ്ദ് ചെയ്യപ്പെടേണ്ടതല്ല
അനു പാപ്പച്ചന്‍
2022 Apr 11, 02:55 am
Monday, 11th April 2022, 8:25 am

ആരാണാവോ ഇവിടെ പൂര്‍ണ വിശുദ്ധിയോടെ മരിച്ചു പോയ രാഷ്ട്രീയക്കാര്‍. അല്ലെങ്കിലും സഖാവ് ജോസഫൈനു മുന്നേ മരിച്ചുപോയ ആണ്‍പിറന്നോരും, ഇനി മരിക്കാനിരിക്കുന്ന ആണ്‍പിറന്നോരും(പാര്‍ട്ടി ഭേദമെന്യേ) മരണാനന്തരം പുണ്യവിഗ്രഹങ്ങളായി പരിണമിപ്പിക്കുന്ന സവിശേഷ പാരമ്പര്യം ഇവിടുണ്ട്.

നെഗറ്റീവുകള്‍ പോസിറ്റീവാക്കുന്ന വിധം ചാണക്യന്‍, ഭീഷ്മാചാര്യര്‍ എന്നിങ്ങനെ എത്ര വര്‍ണനകളിലും, വിവരണങ്ങളിലും കേട്ടിട്ടുണ്ട്! സ്ത്രീകളുടെ മരണം അങ്ങനെ വീറുറ്റതാവാന്‍ ഇച്ചിരി പ്രയാസമാണ്. ഹഹ ഹ ഇടാന്‍ എളുപ്പമാണല്ലോ!.

ചില കുറിപ്പുകള്‍ കണ്ടു. മാതൃസ്‌നേഹം, ചേര്‍ത്തുപിടിക്കല്‍ എന്നിങ്ങനെ. അവരവരുടെ അനുഭവങ്ങളാവാം.
വാസ്തവത്തില്‍ സ്ത്രീകള്‍ക്ക് മുറ്റത്തിറങ്ങാന്‍ സാഹചര്യമിത്ര പോലുമില്ലാത്ത ഒരു കാലത്ത് വീറോടെ, ധൈര്യത്തോടെ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ ജോസഫൈനെയാണ് അടയാളപ്പെടുത്തേണ്ടത്.
സ്ത്രീകള്‍ കമ്യൂണിസത്തിലേക്കും പൊതുജീവിതത്തിലേക്കും കാലു കുത്തുന്നതിന് കുടുംബവും സമൂഹവും മതവുമടക്കം സകല വ്യവസ്ഥാപിതങ്ങളും എതിര്‍ത്തു നില്‍ക്കുമ്പോള്‍
നാക്കും വാക്കുമായി മുഴുവന്‍ സമയ പ്രവര്‍ത്തകയായി മാറിയ സ്ത്രീയാണ് ജോസഫൈന്‍. വാഗ്മിയായ അവരുടെ പ്രസംഗങ്ങള്‍ അങ്കമാലിയുടെ അതിരുകള്‍ കടന്ന് പാര്‍ട്ടിക്കും പെണ്ണുങ്ങള്‍ക്കും ഊര്‍ജമായി.

മഹാരാജാസ് കോളേജില്‍നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ വിദ്യാര്‍ഥിനിയില്‍ നിന്ന് 1978ല്‍ പാര്‍ട്ടി അംഗത്വത്തിലേക്കും തുടര്‍ന്ന് ജില്ലാ- സംസ്ഥാന- കേന്ദ്ര കമ്മിറ്റി അംഗത്തിലേക്കുമുള്ള വളര്‍ച്ച ആണിനെന്ന പോലെ പെണ്ണിന് എളുപ്പമല്ല. എവിടെയുമെന്ന പോലെ പാട്രിയാര്‍ക്കലാണ് രാഷ്ടീയ ഇടങ്ങള്‍.

അതുകൊണ്ട് രണ്ടു നാല് പെണ്‍പേരുകള്‍ കണ്ടാലിപ്പോഴും അത്ഭുതാവേശം തന്നെയിവിടുത്തുകാര്‍ക്ക്.
മഹിളാ അസോസിയേഷന്റെ തലപ്പത്തു വരെയെത്തിയ ഒരു സ്ത്രീ, അനുഭവപരിചയമേറെയുള്ള, പെണ്‍കാര്യങ്ങള്‍ നല്ലവണ്ണം മനസിലാവുന്ന, ഒരു സ്ത്രീ
അബലയായ മറ്റൊരു സ്ത്രീയെ കേള്‍ക്കുന്നതില്‍ പിഴവരുത്തിയപ്പോള്‍ തീര്‍ച്ചയായും വിമര്‍ശനം വന്നു.

‘എന്തു ബോധവല്‍ക്കരണം നടത്തിയിട്ടും പെണ്‍കുട്ടികള്‍ നിശബ്ദമാകുന്നതിലെ നിരാശയായിരുന്നു ആ ഭാഷ’യെന്ന് അടുപ്പമുള്ളവരും അടുത്തറിയുന്നവരും വിശദീകരിച്ചു. പക്ഷേ അതല്ല ശരിയെന്ന് വിമര്‍ശിക്കാന്‍ കൂടിയുള്ളതാണ് ജനാധിപത്യം. പൊതുരാഷ്ട്രീയ പ്രവര്‍ത്തനം അങ്ങനെ തിരുത്തുന്നതുമാണ് രാഷ്ട്രീയ ശരി. പക്ഷേ അത്തരം ശരികള്‍ കിറുകൃത്യം ആണിടങ്ങളില്‍ നടപ്പായാല്‍ എന്തൊരു കേരളമായേനെ,
പാര്‍ട്ടിയാണ് കോടതിയും പോലീസും എന്ന് തികഞ്ഞ പാര്‍ട്ടി സഖാവിനു പറയാം.

എന്നാല്‍ പാര്‍ട്ടി ഭേദമെന്യേ സഹായവും അഭയവും ആശ്രയിച്ചു വരുന്നവര്‍ക്ക് ആ പ്രസ്താവന അസുഖകരമാണ്. ജനാധിപത്യ വിരുദ്ധമാണ്. ‘അനുഭവിച്ചോട്ടോ’ എന്നത് ആത്മവിശ്വാസം കെടുത്തും. അത് പാട്രിയാര്‍ക്കല്‍ അധികാരമനസിന്റെ പ്രതിഫലനമാണ്.
അത് അന്ന് പങ്കുവച്ചു.

തത്സമയം തന്നെ അവരെ സ്ഥാനത്ത് നിന്ന് നീക്കി. ജോസഫൈന്‍ അല്ല, ജോസഫ് ആയിരുന്നേല്‍ എന്താകുമോ എന്തോ! സംശയമുണ്ട്.

എന്നാല്‍ അതുകൊണ്ട് സഖാവ് ജോസഫൈന്‍ എന്ന സ്ത്രീയുടെ രാഷ്ട്രീയ ചരിത്രം റദ്ദ് ചെയ്യപ്പെടുന്നില്ല.
മരിക്കുമ്പോള്‍ അടയാളപ്പെടേണ്ടത് പെണ്ണുങ്ങളുടെ പോരാട്ടത്തിന്റെ കര്‍മ്മമണ്ഡലം കൂടിയാണ്. ശരീരം കൂടി പഠിക്കാന്‍ വിട്ടു കൊടുത്ത സ്ത്രീയുടെ മരണത്തിന്മേല്‍ ‘ഹ ഹ ഹ ‘ സ്‌മൈലികളാല്‍ വെരുകുന്നത് കുരുടിച്ചു പോയ പാഴുകള്‍. വിട സഖാവ് ജോസഫൈന്‍.

Content Highlights: Anu Pappachan Article about   M. C. Josephine