|

പുസ്തകം കത്തിച്ച പ്രശോഭിനോട് വീരാന്‍കുട്ടിക്ക് ക്ഷമിക്കാനായേക്കും

അനു പാപ്പച്ചന്‍

വീരാന്‍കുട്ടി മാഷുടെ പുസ്തകം കത്തിച്ച പ്രശോഭിനെ ഒന്ന് ഫോണില്‍ വിളിച്ചു. പ്രൊഫൈലില്‍ ബി.എ മലയാളം പഠിച്ചു എന്നു കണ്ടു കൊണ്ടാണ്. ക്ലാസ് ടീച്ചര്‍മാര്‍ എന്ന നിലയില്‍ ഓരോ കുട്ടിയുടെയും ഡാറ്റ നമ്മള്‍ ശേഖരിച്ചു വക്കും. മണ്ണാര്‍ക്കാട്/അട്ടപ്പാടി പോലെയുള്ള പ്രദേശങ്ങളില്‍ നിന്ന് വരുന്ന കുട്ടികളുടെ വിവരങ്ങളില്‍- ഗാര്‍ഡിയന്‍/പാരന്റ്, ജോലി NIL അല്ലെങ്കില്‍ കര്‍ഷകന്‍ അല്ലെങ്കില്‍ കൂലിപ്പണി എന്നാവും.

വാര്‍ഷിക വരുമാനം നമ്മുടെ മാസവരുമാനത്തില്‍ എത്രയോ താഴെയുമായിരിക്കും. ഫീസ് അടക്കേണ്ട സമയങ്ങള്‍ തെറ്റുമ്പോള്‍ അന്വേഷിക്കേണ്ടി വരും.

കൃഷി ഭയങ്കര മോശമായിപ്പോയി…
മൃഗങ്ങളുടെ ശല്യം രൂക്ഷമായിരുന്നു…
പണിയില്ല….
രോഗം, ജപ്തി…
കുട്ടികള്‍, പിന്നാലെ വീട്ടുകാര്‍ വിളിക്കും. വിഷമങ്ങള്‍ കേള്‍ക്കും.

ചെരിപ്പിടാത്ത അച്ഛന്മാര്‍ മീറ്റിങ്ങുകളില്‍ ഇപ്പോഴും വരാറുണ്ട്. വിലയുള്ള ഉടുപ്പിട്ട് കാണുന്നത് ഉള്‍പ്പെടെ പല പ്രിവിലേജുകള്‍ക്കും പുറത്താണ്.
വര്‍ഷങ്ങളായിട്ടും വലിയ വ്യത്യാസമൊന്നുമില്ല. പക്ഷേ ഭാഷയും സാഹിത്യവും ഇഷ്ടപ്പെട്ടു വന്ന കുട്ടികളാവും അവര്‍. കവിതാ/കഥാ രചന മത്സരങ്ങളില്‍ പേരില്ലാതെ, നമ്പറിട്ടു വരുന്ന പേപ്പറുകളില്‍ നിന്ന് അവരെ പെട്ടെന്ന് പിടികിട്ടാറുണ്ട്. അതാരാണ് എഴുതിയത് എന്ന്. അതില്‍ അവരുടെ ജീവിതം പൊള്ളാറുണ്ട്.

പഠിത്തം പൂര്‍ത്തിയാക്കുന്നവരും വളരെ കുറച്ചു പേരാണ്. പഠിച്ചാലും ജീവിക്കാനായി ചെയ്യുന്ന ജോലി വേറെന്തെങ്കിലും. അക്ഷയ സെന്ററില്‍,
ഡി.ടി.പി, സെയില്‍സ് ഗേള്‍.

ഒരു പുസ്തകം വില കൊടുത്ത് വാങ്ങുന്നതും അത് നിധിപോലെ സൂക്ഷിക്കുന്നതും അത്രയും കണ്ടു ബോധ്യമുള്ളതുകൊണ്ടാണ് പ്രശോഭിനെ വിളിച്ചത്.

എന്തിനാണ് പുസ്തകം കത്തിച്ചത്? അത് ശരിയായി എന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചു.

പ്രശോഭ് പറഞ്ഞു.
എന്റെ അച്ഛന്‍ വാഴകൃഷി നടത്തി മുടിഞ്ഞു പോയ ഒരു മനുഷ്യനാണ്. മണ്ണില്‍ നിന്നും യാതൊന്നും കിട്ടാതെ പന്നിയും കുരങ്ങനും ഒക്കെയായി ദാരിദ്ര്യം കൊണ്ട് കുത്തുപാളയെടുത്ത സമയത്തും എല്ലാരേം പോലെ മണ്ണിനേം പരിസ്ഥിതിയിലെ സകല ജീവജാലങ്ങളെയും സ്‌നേഹിച്ചവനാണ് ഞാന്‍.

എന്റെ അച്ഛന്റേയും എന്റെ വീടിന്റേയും സ്ഥിതി കണ്‍മുന്നില്‍ കണ്ടനുഭവപ്പെട്ടപ്പോഴും ഞാന്‍ ഗാഡ്ഗിലിനെ അനുകൂലിച്ച് സംസാരിക്കാന്‍ പോയിട്ടുണ്ട്. അത്രയും കുറ്റബോധത്തോടെ ഞാന്‍ ജീവിച്ചിട്ടുണ്ട്. എന്റെ സാമാന്യ ജീവിതം നരകമായിരുന്നു. എന്നെ/എന്റെ സ്ഥിതി നേരിട്ടറിയുന്ന ഒരാളും എന്നെ മനസിലാക്കാതിരിക്കില്ല.

തുടര്‍ന്നും കുറച്ചധികം കാര്യങ്ങള്‍ സംസാരിച്ചു. അച്ഛന്റെ ആമാശയം നീക്കിയത്. ബി.എഡ് പൂര്‍ത്തിയാക്കാന്‍ പറ്റാത്തത്, അനിയത്തിയുടെ പഠിത്തം. സാമ്പത്തിക ബാധ്യതയാലും പല മാനസിക സംഘര്‍ഷങ്ങളാലും ഫേസ്ബുക്ക് മാത്രമല്ല, സംഘടനയും സൗഹൃദങ്ങളും അടക്കം ഉപേക്ഷിച്ചു പോയത്… ഇങ്ങനെ.

പുസ്തകം കത്തിക്കുന്നത് ശരിയല്ല, വ്യക്തിയാക്ഷേപവും പരിഹാസവുമായി ആശയസംവാദത്തിന്റെ വഴിയടഞ്ഞുപോകലല്ല വഴി എന്ന് പറഞ്ഞ് ഫോണ്‍ വച്ചു.

ഞാന്‍ മണ്ണാര്‍ക്കാടുള്ള ഒരു സ്‌നേഹിതനെ വിളിച്ചു. പ്രശോഭിനെപ്പറ്റിത്തിരക്കി.

2015ല്‍ അട്ടപ്പാടി കോളജില്‍ ചെയര്‍മാനായിരുന്ന പ്രശോഭ് എ.ഐ.എസ്.എഫ്കാരനായിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സി.പി.ഐയുടെ നിലപാട് എന്തെന്നറിയാമല്ലോ. പക്ഷേ മണ്ണാര്‍ക്കാട്ടെ കൃഷിക്കാരുടെ അവസ്ഥ എല്ലാര്‍ക്കും അറിയാം. ഇപ്പോള്‍ ഒരു ബാങ്കിന്റെ കളക്ഷന്‍ ഏജന്റാണ്. കമ്മീഷന്‍ അടിസ്ഥാനത്തിലാണ് ജോലി. കടബാധ്യതകള്‍ ഏറെയുണ്ട്.

ആരുടേം ഒരു പ്രിവിലേജുമില്ല ടീച്ചറേ. വികസന തീവ്രവാദി/മൂലധന ഫാസിസ്റ്റ്/അധികാരത്തിന്റെ സപ്പോര്‍ട്ട് എന്ന് ഒക്കെ ആളുകള്‍ എഴുതുന്നത് കണ്ടു. ആളുകള്‍ വ്യാഖ്യാനിച്ച് എങ്ങോട്ടെക്കാണ് പോകുന്നത്. ശരി… ഫോണ്‍ വച്ചു.

വീരാന്‍കുട്ടി മാഷും ഒരു മനുഷ്യനാണ്, മലയാള കവിതയില്‍ അടയാളപ്പെട്ട അംഗീകരിക്കപ്പെട്ട കവിയാണ്. എനിക്കും ആ കവിതകള്‍ ഇഷ്ടമുണ്ട്.
സ്വന്തം പുസ്തകം കത്തിച്ചതു കണ്ടാല്‍ സങ്കടവും വേദനയും വരാതിരിക്കില്ല. അങ്ങനെ സങ്കടം വരുന്ന ഒരു മനുഷ്യന്‍ – ധാരാളം കുട്ടികളെ കാലങ്ങളോളം കണ്ടും കേട്ടുമറിഞ്ഞ മാഷിന്, ഒരു ദരിദ്രനായ കര്‍ഷകപുത്രന്‍ ഇമോഷണലാവേണ്ടി വന്ന പശ്ചാത്തലം എഴുതിയത് വായിക്കാതിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

പ്രശോഭിന് ഇപ്പോള്‍ വീടില്ല. ലോകത്തോടു മുഴുവന്‍ അകന്നു നിന്ന് വാടക വീട്ടിലിരുന്ന്, ആ പുസ്തകം കത്തിച്ച പ്രശോഭിനോട് മാഷ്‌ക്ക് ക്ഷമിക്കാന്‍ പറ്റും.

മാഷ് മനുഷ്യപ്പറ്റുള്ള കവിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതോടെ ഞാന്‍ സൈബര്‍ ഗുണ്ടയാകുമോയെന്നറിയില്ല. ഏകാധിപത്യമായ ഹുങ്കും ഊറ്റവും അവജ്ഞയും വെറുപ്പും പരിഹാസവും ഏറെ അനുഭവിച്ചിട്ടുണ്ട്. അതിനോട് പൂര്‍ണ്ണമായും വിയോജിപ്പാണ്.

ആശയസംവാദവും പ്രതികരണങ്ങളുമാണ് പൊതുമണ്ഡലത്തെ സജീവമാക്കുന്നത് എന്ന് വിശ്വസിക്കുന്നു. പ്രശോഭിനെ ഇതിനു മുന്‍പ് ഒരു പരിചയവുമില്ല. പക്ഷേ, ഷെഡും തൊഴുത്തും പോലെയുള്ള മണ്ണാര്‍ക്കാട്ടെ കുട്ടികളുടെ വീടുകളില്‍ പോയിട്ടുണ്ട്. കരച്ചിലൊതുക്കി മടങ്ങി വന്നിട്ടുണ്ട്.

Content Highlight: Anu Pappachan about Prashob K and Veerankutty

അനു പാപ്പച്ചന്‍