[]ചായില്യം എന്ന ചിത്രത്തിലെ കഥാപാത്രമാണ് തന്റെ കരിയറില്‍ ലഭിച്ച മികച്ച കഥാപാത്രമെന്ന് നടി അനുമോള്‍.
ഗൗരി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ശരിക്കും പറഞ്ഞാല്‍ സ്ത്രീത്വത്തിന്റെ ഒരു ആഘോഷമാണ് ഈ സിനിമ.
വളരെ ശക്തമായ ആയ ഒരു കഥാപാത്രമാണ് ചായില്യത്തിലെ ഗൗരി. ഒരു പുതിയ നടിക്ക് അഭിനയിക്കാന്‍ പറ്റുന്ന കഥാപാത്രമാണോ ഇതെന്ന സംശയവുമുണ്ട്. പിന്നെ ഫുള്‍ ടീമിന്റെ സപ്പോര്‍ട്ട് കൊണ്ട് മാത്രമാണ് നന്നായി ചെയ്യാന്‍ സാധിച്ചത്.
എല്ലാ ഭാവങ്ങളും നിറഞ്ഞ ഒരു കഥാപാത്രം. അവള്‍ മകളാണ്, കാമുകിയാണ്, ഭാര്യയാണ്, അമ്മയാണ് വിധവയുമാകുന്നുണ്ട്.
മാനസിക സംഘര്‍ഷങ്ങളിലൂടെയും സന്തോഷത്തിലൂടെയുമെല്ലാം കടന്നു പോകുന്ന കഥാപാത്രമാണ് ഗൗരിയുടേതെന്നും അനുമോള്‍ പറയുന്നു.
സമൂഹത്തിന്റെയും കുടുംബത്തിന്റെയും നിര്‍ബന്ധത്തില്‍ ആചാരസംരക്ഷണത്തിനായി സ്ത്രീത്വം മറന്ന് തെയ്യമാകേണ്ടിവന്ന ഗൗരിയുടെ കഥയാണ് ചിത്രം പറയുന്നത്.
ഞാന്‍ ഇതില്‍ തെയ്യം കെട്ടി എന്നതാണ് എനിക്കു ലഭിച്ച വലിയ ഭാഗ്യം. ഇപ്പോഴും തെയ്യം കെട്ടുന്ന പയ്യന്നൂരുള്ള ലക്ഷ്മിക്കുട്ടി അമ്മയുടെ അടുത്ത് പോയി അവരെ കണ്ട് സംസാരിച്ചിരുന്നു.
കുറേ അനുഭവങ്ങള്‍ അമ്മ പറഞ്ഞു തന്നു. എല്ലാവരുടെയും അനുഗ്രഹത്താല്‍ ആ വേഷം ഭംഗിയായി തന്നെ ചെയ്യാന്‍ സാധിച്ചെന്നും അനുമോള്‍ പറയുന്നു.