| Monday, 14th October 2024, 8:45 am

ദുല്‍ഖറിന്റെ നെറ്റ്ഫ്‌ളിക്‌സ് ലെവല്‍ വയലന്‍സുള്ള സിനിമ; ഒറിജിനല്‍ സ്‌ക്രിപ്റ്റിലുള്ളത് കുറച്ചുകൂടെ ടെറര്‍: അനു മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രൂപേഷ് പീതാംബരന്‍ ആദ്യമായി സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തീവ്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിനിമ ക്രൈം ത്രില്ലര്‍ ഴോണറിലായിരുന്നു എത്തിയത്. ദുല്‍ഖറിന് പുറമെ ശിഖ നായര്‍, ശ്രീനിവാസന്‍, അനു മോഹന്‍, വിനയ് ഫോര്‍ട്ട്, വിഷ്ണു രാഘവ് തുടങ്ങിയ മികച്ച താരനിര ആയിരുന്നു ഒന്നിച്ചത്.

സിനിമയില്‍ അനു മോഹന്‍ രാഘവന്‍ എന്ന കഥാപാത്രമായിട്ടാണ് എത്തിയത്. 21ാം വയസിലാണ് അനു മോഹന്‍ തീവ്രത്തില്‍ അഭിനയിക്കുന്നത്. ഇപ്പോള്‍ തീവ്രത്തെ കുറിച്ചും അതിലെ വയലന്‍സിനെ കുറിച്ചും പറയുകയാണ് അനു മോഹന്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘തുടക്കം മുതല്‍ക്ക് തന്നെ ഞാന്‍ രൂപേഷേട്ടന്റെ കൂടെ തീവ്രം സിനിമയുടെ പിന്നാലെ ഉണ്ടായിരുന്നു. ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയുടെ സമയത്താണ് തന്റെ കയ്യില്‍ ഇങ്ങനെയൊരു കഥയുണ്ടെന്ന് അദ്ദേഹം എല്ലാവരോടും പറയുന്നത്. അന്ന് ‘കേട്ടിട്ട് അഭിപ്രായം പറയ്’ എന്ന് പറഞ്ഞ് ചേട്ടന്‍ ഞങ്ങള്‍ക്ക് കഥ പറഞ്ഞു തന്നു.

കേട്ടപ്പോള്‍ ഞങ്ങള്‍ക്കൊക്കെ ആ കഥ ഒരുപാട് ഇഷ്ടമായി. ഞങ്ങള്‍ അതിന്റെ അഭിപ്രായങ്ങള്‍ പറഞ്ഞു. രൂപേഷേട്ടന്‍ ഇടക്ക് കഥയില്‍ എന്തെങ്കിലും കറക്ഷന്‍ വന്നാല്‍ അത് ചെയ്തിട്ട് ഞങ്ങളുടെ അടുത്തേക്ക് വീണ്ടും വരുമായിരുന്നു. എപ്പോള്‍ കൊച്ചിയില്‍ പോയാലും ചേട്ടന്‍ സ്‌ക്രിപ്റ്റുമായി വരികയും ഞങ്ങള്‍ അത് ഡിസ്‌ക്കസ് ചെയ്യുകയും ചെയ്യും.

അന്ന് വേറെ ആളുകളെ കാസ്റ്റ് ചെയ്യാന്‍ ആയിരുന്നു തീരുമാനിച്ചിരുന്നത്. ഞാനൊന്നും ആ സിനിമയുടെ കാസ്റ്റിങ്ങിന്റെ ഭാഗമായിരുന്നില്ല. പിന്നീട് ഒരു പോയിന്റില്‍ എത്തിയപ്പോഴാണ് രൂപേഷേട്ടന്‍ നിനക്കിത് ചെയ്തുകൂടേയെന്ന് ചോദിക്കുന്നത്. എനിക്കാണെങ്കില്‍ ഈ കഥ മുഴുവന്‍ കാണാതെ അറിയാമായിരുന്നു.

അന്ന് എന്റെ രൂപം കണ്ണാടിയില്‍ നോക്കുമ്പോള്‍ രാഘവന്‍ എന്ന കഥാപാത്രവുമായി യാതൊരു കുലബന്ധം പോലും തോന്നിയിരുന്നില്ല. രൂപേഷേട്ടന് ന്യൂ കമറിനെ ആയിരുന്നു ആവശ്യം. കണ്ടാല്‍ വില്ലനാണെന്ന് തോന്നാത്ത ഇതുവരെ സിനിമ ചെയ്തിട്ടില്ലാത്ത ഒരു ഫ്രഷ് ഫേസായിരുന്നു അദ്ദേഹത്തിന് വേണ്ടത്.

പിന്നെ പ്രൊഡ്യൂസറിനെ അന്വേഷിക്കുന്ന സമയം കൊണ്ട് ഞാന്‍ തടിയൊക്കെ വെച്ചു. എറണാകുളത്ത് വെച്ച് ഓട്ടോ ഓടിക്കാനും പഠിച്ചു. പിന്നെ സിനിമയില്‍ വെറുതെ ഒരു തലവെട്ടുന്ന സീനൊക്കെയുണ്ട്. അത്രയും ഇന്റന്‍സ് വയലന്‍സുള്ള സിനിമ തന്നെയാണ് ഇത്. സത്യത്തില്‍ കുറേ എഡിറ്റ് ചെയ്ത് പോയതാണ്.

ഒറിജിനല്‍ സ്‌ക്രിപ്റ്റിലുള്ളത് കുറച്ച് കൂടെ ടെററാണ്. ഇപ്പോഴത്തെ ചില നെറ്റ്ഫ്‌ളിക്‌സ് സിനിമകളുടെ സ്വഭാവമായിരുന്നു. അതുപോലെ ഉദ്ദേശിച്ച സിനിമയായിരുന്നു അത്. 12 വര്‍ഷം മുമ്പേ വന്ന അത്രയും ഇന്റന്‍സ് വയലന്‍സും റൊമാന്‍സുമുള്ള സിനിമയായിരുന്നു,’ അനു മോഹന്‍ പറഞ്ഞു.


Content Highlight: Anu Mohan Talks About Theevram Movie And Dulquer Salmaan

We use cookies to give you the best possible experience. Learn more