ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ നടനാണ് അനു മോഹന്‍. ചട്ടമ്പിനാട് എന്ന ചിത്രത്തിലൂടെ ബാലതാരമായി കരിയര്‍ തുടങ്ങിയ അനു മോഹന്‍ ഇന്ന് ഒരു നായക നടന്‍ കൂടിയാണ്.
പിക്കറ്റ് 43 എന്ന സിനിമയില്‍ അഭിനയിക്കാന്‍ പൃഥ്വിരാജ് വിളിച്ച കാര്യം പറയുകയാണ് അനു മോഹന്‍. സെവന്‍ത്ത് ഡേ സിനിമയുടെ ഷൂട്ട് കഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയത്ത് പൃഥ്വിരാജ് വിളിച്ച് ഫ്രീ ആണെങ്കില്‍ പിക്കറ്റ് 43ല്‍ അഭിനയിക്കാമോ എന്ന് ചോദിച്ചെന്നും താന്‍ വരാമെന്ന് പറഞ്ഞെന്നും അനു മോഹന്‍ പറയുന്നു.
ഷൂട്ട് നാട്ടിലായിരിക്കും എന്നാണ് താന്‍ വിചാരിച്ചതെന്നും എന്നാല്‍ ഫ്‌ലൈറ്റ് ടിക്കറ്റ് വന്നപ്പോഴാണ് കശ്മീരിലാണ് ഷൂട്ടെന്നറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ യാത്രയില്‍ തന്റെ കൂടെ സംവിധായാകും എഴുത്തുകാരനുമായ സച്ചിയും ഉണ്ടായിരുന്നെന്നും പറഞ്ഞ അദ്ദേഹം ശ്രീനഗര്‍ വരെയുള്ള ആ യാത്ര മറക്കാന്‍ കഴിയാത്തതാണെന്നും കൂട്ടിച്ചേര്‍ത്തു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനു മോഹന്‍.
‘സെവന്‍ത്ത് ഡേ സിനിമയുടെ ഷൂട്ട് കഴിഞ്ഞ് ഞാന്‍ വീട്ടിലിരിക്കുന്ന സമയത്ത് രാജുവേട്ടന്‍ വിളിച്ചു, അതായത് ഇന്ന് വിളിച്ചിട്ട് മറ്റന്നാള്‍ എന്താ പരിപാടി അങ്ങനെ എന്തോ ചോദിച്ചു. മറ്റന്നാള്‍ ഒരു പണിയും ഇല്ല, വീട്ടില്‍ തന്നെയാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, പിക്കറ്റ് 43 എന്ന് പറയുന്ന ഒരു സിനിമ ഞാന്‍ ചെയ്യുന്നുണ്ട് നീ ഒന്ന് വന്ന് അഭിനയിക്കണം എന്ന്. ഞാന്‍ ഓക്കേ നമുക്ക് ചെയ്യലോ എന്നൊക്കെ പറഞ്ഞു.
ഞാന്‍ വിചാരിച്ചത് നാട്ടില്‍ എവിടെയെങ്കിലും ആയിരിക്കും സിനിമയുടെ ഷൂട്ട് എന്നാണ്. അന്ന് വൈകുന്നേരം എനിക്ക് കശ്മീരിലേക്ക് പോകാനുള്ള ടിക്കറ്റ് വന്നിരിക്കുന്നു. അപ്പോഴാണ് ഞാന്‍ അറിയുന്നത് കശ്മീരിലാണ് ഷൂട്ടെന്ന്. പിറ്റേന്ന് രാവിലെ ആറ് മണിക്കായിരുന്നു എനിക്കുള്ള ഫ്‌ലൈറ്റ്. ഇവിടുന്ന് ദല്‍ഹിക്കുള്ള ഫ്‌ലൈറ്റ് ആയിരുന്നു. ദല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് വേറൊരു ഫ്‌ലൈറ്റും, അവിടുന്ന് പിന്നെ വണ്ടി വന്ന് പിക്ക് ചെയ്യും. അങ്ങനെയൊക്കയായിരുന്നു പറഞ്ഞത്.
അങ്ങനെ ഞാന്‍ രാവിലെ ആറ് മണിക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നില്‍കുമ്പോള്‍ ബാദുക്കയാണെന്ന് തോന്നുന്നു എന്നെ വിളിച്ചു പറഞ്ഞു, അനു..അനുവിന്റെ കൂടെ സച്ചിയും ഉണ്ടാകുമെന്ന് പറഞ്ഞു. നിങ്ങള്‍ ഒന്നിച്ച് വന്നാല്‍ മതിയെന്നും. അങ്ങനെയാണ് ഞാനും സച്ചിയേട്ടനും കൂടെ ഒന്നിച്ച് യാത്ര ചെയ്യുന്നത്. ഇവിടുന്ന് ശ്രീനഗര്‍ വരെ. ആ യാത്ര ഒരിക്കലും മറക്കാന്‍ കഴിയില്ല,’ അനു മോഹന്‍ പറയുന്നു.
Content Highlight: Anu Mohan Talks About Prithviraj And Sachy