| Monday, 21st October 2024, 10:15 am

സിനിമയുടെ എല്ലാ മേഖലയെ കുറിച്ചും ആ നടനറിയാം, മേക്കപ്പിനെ കുറിച്ച് വരെ: അനു മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ നടനാണ് അനു മോഹന്‍. ചട്ടമ്പിനാട് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അദ്ദേഹം കരിയര്‍ തുടങ്ങുന്നത്. സഹതാരമായും പ്രതിനായകനായും നിരവധി മലയാള ചിത്രങ്ങളില്‍ അനു മോഹന്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് അനു മോഹന്‍. സിനിമയുടെ എല്ലാ മേഖലയെ കുറിച്ചും അദ്ദേഹത്തിനറിയാമെന്നും ഒരിക്കല്‍ തനിക്ക് മേക്കപ്പ് ചെയ്ത് തന്നത് പൃഥ്വിരാജ് ആണെന്നും അനു പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനു മോഹന്‍.

‘സിനിമയുടെ ഏത് മേഖലയെ കുറിച്ച് ചോദിച്ചാലും പൃഥ്വിരാജിനറിയാം. എന്തിനേറെ പറയുന്നു മേക്കപ്പിനെ കുറിച്ച് വരെ അദ്ദേഹത്തിന് അറിയാം. എന്നെ ഒരു ദിവസം രാജുവേട്ടന്‍ മേക്കപ്പ് ചെയ്ത് തന്നിട്ടുണ്ട്. എന്തോ ഒരു സീക്വന്‍സില്‍ ഞാന്‍ മേക്കപ്പ് എല്ലാം ചെയ്ത് റെഡി ആയിട്ട് നില്‍ക്കുകയായിരുന്നു.

അപ്പോള്‍ അദ്ദേഹം വന്നിട്ട് ‘അനു ഇങ്ങു വന്നേ, ഈ മാര്‍ക്ക് ഇവിടെയാണോ, പ്രീവിയസ് ഷോട്ടിന് ഇത് ഇവിടെ ആയിരുന്നോ’ എന്ന് ചോദിച്ചു. എനിക്കറിയില്ലെന്ന് ഞാന്‍ പറഞ്ഞു. ‘ആ മാര്‍ക്ക് അവിടെ ഇട്ടാല്‍ ശരിയാകില്ല. അതിന് കുറച്ച് ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ വരും’ എന്ന് പറഞ്ഞിട്ട് അത് മായിച്ച് അദ്ദേഹം തന്നെ മേക്കപ്പ് ഇട്ടു തന്നു.

ആ സമയം ചെയ്യാന്‍ പോകുന്ന സീനിന്റെ പ്രീവിയസ് ആയിട്ടുള്ള ഷോട്ട് എടുത്തിട്ടില്ലായിരുന്നു. കുറെ കഴിഞ്ഞാണ് അത് എടുത്തത്. അങ്ങനെ ആ സീന്‍ എടുക്കുമ്പോള്‍ അതിന്റെ ഫൈറ്റ് കൊറിയോഗ്രഫി എന്റെ ആ പാടിന് മാച്ച് ആയിരുന്നു. അങ്ങനെ അത്രയും ഡീറ്റൈല്‍ഡ് ആയിട്ട് സിനിമയെ അറിയുന്ന ആളാണ് അദ്ദേഹം. പിക്കറ്റ് 43 ചെയ്യുമ്പോഴാണെങ്കിലും അയ്യപ്പനും കോശി ചെയ്യുമ്പോഴാണെങ്കിലും എല്ലാം നമുക്കത് മനസിലാകും. ഓരോ ദിവസവും ഓരോന്ന് പഠിക്കും. അത്രയും അപ്‌ഡേറ്റഡ് ആയിട്ടുള്ള ആളാണ് അദ്ദേഹം,’ അനു മോഹന്‍ പറയുന്നു.

Content Highlight: Anu Mohan Talks About Prithviraj

We use cookies to give you the best possible experience. Learn more