ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടനാണ് അനു മോഹൻ. ചട്ടമ്പി നാട് എന്ന ചിത്രത്തിലൂടെ ബാലതാരമായി കരിയർ തുടങ്ങിയ അനു മോഹൻ ഇന്ന് ഒരു നായക നടൻ കൂടിയാണ്.
സെവൻത്ത് ഡേ, യൂ ടു ബ്രൂട്ടസ് തുടങ്ങിയ സിനിമകളിലെല്ലാം അഭിനയിച്ചെങ്കിലും സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയിലെ സി. പി. ഒ സുജിത്ത് എന്ന കഥാപാത്രമാണ് താരത്തിന് ഒരു ബ്രേക്ക് നൽകിയത്. നടൻ വിനു മോഹന്റെ സഹോദരൻ കൂടിയാണ് താരം.
ആദ്യ ചിത്രമായ ചട്ടമ്പിനാടിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് അനു. ആ വേഷം യാദൃശ്ചികമായി സംഭവിച്ചതാണെന്നും ലൊക്കേഷൻ കാണാൻ പോയപ്പോൾ തന്നെ നിർബന്ധിച്ച് അഭിനയിപ്പിച്ചതാണെന്നും അനു മോഹൻ പറഞ്ഞു. മാധ്യമം കുടുംബം മാസികയോട് സംസാരിക്കുകയായിരുന്നു താരം.
‘ചട്ടമ്പിനാട്’ ആണ് ആദ്യ സിനിമ. മമ്മൂക്കയുടെ ചെറുപ്പകാലമാണ് അവതരിപ്പിച്ചത്. യാദൃശ്ചികമായി സംഭവിച്ചതാണ് ആ റോൾ. ആ കഥ രസകരമാണ്. ഒരു വെക്കേഷൻ സമയം. അമ്മ യും ചേട്ടനുമെല്ലാം ‘ചട്ടമ്പിനാടിന്റെ ലൊക്കേഷനിലാണ്.
തിരുവനന്തപുരത്താണ് ഞങ്ങളന്ന് താമസിക്കുന്നത്. അവിടെ നിന്ന് കസിനെയും വിളിച്ച് ഡ്രൈവ് ചെയ്ത് പഴനിയിലെത്തി ഷൂട്ടിങ് ലൊക്കേഷനിൽ ചെന്ന് അച്ഛനെയും അമ്മയെയും ചേട്ടനെയും കാണണം. രണ്ടു ദിവസം പഴനിയൊക്കെ ഒന്നു കറങ്ങി തിരികെ പോരണം. ഇതായിരുന്നു പ്ലാൻ.
എന്നാൽ, ലൊക്കേഷനിലെത്തിയപ്പോൾ പ്ലാനുകളെല്ലാം തകിടം മറിഞ്ഞു അവിടെ വെച്ചാണ് മമ്മുക്കയെ ആദ്യമായി മുഖാമുഖം കാണുന്നതും ആ സിനിമയിൽ അദ്ദേഹത്തിൻ്റെ ചെറുപ്പം അഭിനയിക്കാനുള്ള അവസരം വന്നതും.
എന്നാൽ, ആദ്യം പറ്റില്ലെന്നായിരുന്നു എൻ്റെ മറുപടി. സംവിധായകൻ ഷാഫിക്ക, അച്ഛൻ എന്നിവരുടെയൊക്കെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. ശേഷമാണ് ‘ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്’ എന്ന സിനിമയിലേക്ക് വിളി വന്നത്,’അനുമോഹൻ പറയുന്നു.
Content Highlight: Anu Mohan Talk About his First Film Chattambi nadu Movie