| Thursday, 10th November 2022, 11:10 am

ഭാവിയിലെ പൃഥ്വിരാജാണ് അനു മോഹന്‍, അതെനിക്ക് ഉറപ്പാണ്: സംവിധായകന്‍ സമദ് മങ്കട

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനു മോഹനെ നായകനാക്കി 2020ല്‍ സമദ് മങ്കട സംവിധാനം ചെയ്ത ചിത്രമാണ് കാറ്റ് കടല്‍ അതിരുകള്‍. അഭയാര്‍ത്ഥി പ്രശ്‌നങ്ങളെ പറ്റി സംസാരിച്ച സിനിമയുടെ വിശേഷങ്ങള്‍ പറയുകയാണ് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സമദ്.

‘കാറ്റ് കടല്‍ അതിരുകള്‍ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ വളരെ പ്രസക്തമായി എനിക്ക് തോന്നി. തൃശൂരുള്ള ശരത്തും സജി മോനും കൂടിയാണ് അതിന്റെ സ്‌ക്രിപ്റ്റ് എഴുതിയത്. ടിബറ്റന്‍, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത സിനിമയാണ്. ആ സ്‌ക്രിപ്റ്റിന് ഒരു സാമൂഹിക പ്രസക്തിയുണ്ടെന്ന് മനസിലായി. അത് ചെയ്യാമെന്ന് കരുതി.

കൊമേഴ്‌സ്യലായ ആര്‍ട്ടിസ്റ്റുകളുടെ പുറകെ പോയാല്‍ സമയം പിടിക്കുമെന്നുള്ളതുകൊണ്ട് അനു മോഹനെയാണ് കാസ്റ്റ് ചെയ്തത്. സായികുമാറിന്റെ ചേച്ചിയുടെ മകനാണ്. അനു ഇപ്പോള്‍ എല്ലാ പടങ്ങളിലും നിറഞ്ഞ് നില്‍ക്കുകയാണ്. ഈ സിനിമക്ക് മുമ്പും ചെറിയ പടങ്ങളില്‍ വന്നിരുന്നു. ഇതിന് ശേഷമാണ് അയ്യപ്പനും കോശിയുമൊക്കെ ചെയ്യുന്നത്. അനു മോഹന്‍ നല്ല നടനാണ്. ഭാവിയിലെ പൃഥ്വിരാജാണ് അനു മോഹന്‍. അതാവും ഉറപ്പാണ്.

ലിയോണ ലിഷോയിയും ചിത്രത്തിലുണ്ടായിരുന്നു. അതൊരു നല്ല സബ്ജക്ടായിരുന്നു. ഒരു വര്‍ഷത്തോളമെടുത്തു ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍. മൈസൂര്‍, ദല്‍ഹി, ഹിമാചല്‍പ്രദേശ്, സിക്കിം, യു.പി. എന്നിവിടങ്ങളായിരുന്നു ലൊക്കേഷന്‍. ആ പടം നന്നായി ചെയ്തു. പക്ഷേ കൊവിഡിന്റെ പ്രശ്‌നം വന്നതുകൊണ്ട് വേണ്ടത്ര രീതിയില്‍ റിലീസ് ചെയ്യാനോ ശ്രദ്ധിക്കാനോ പറ്റിയില്ല.

ഫെസ്റ്റിവലിലൊന്നും കൊടുക്കാന്‍ കഴിഞ്ഞില്ല. പിന്നെ രണ്ട് വര്‍ഷത്തേക്ക് ഫെസ്റ്റിവലൊന്നും നടന്നുമില്ല. വിദേശ ഫെസ്റ്റിവലില്‍ കൊടുക്കാമെന്ന പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ ലോകത്തൊരിടത്തും കഴിഞ്ഞ രണ്ട് വര്‍ഷമായി ഫെസ്റ്റിവലൊന്നും നടക്കുന്നില്ല.

സംസ്ഥാന അവാര്‍ഡിനയച്ചെങ്കിലും വേണ്ടത്ര പരിഗണന കിട്ടിയില്ല. അങ്ങനത്തെ ഒരു സബ്‌ജെക്ട് അവര്‍ ഇഷ്ടപ്പെടാത്തതുകൊണ്ടായിരിക്കും. ടിബറ്റിന്റെ കാര്യത്തില്‍ ചൈനയാണല്ലോ അക്രമകാരികള്‍. അതുകൊണ്ട് ചൈന വിരുദ്ധമായ ഒരു ഫ്രീ ടിബറ്റിനെ പറ്റി പറയുന്നുണ്ട്. ചൈനക്ക് വിരുദ്ധമായ കമന്റും കാര്യങ്ങളും വരുന്നുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു അവഗണന വന്നിട്ടുണ്ട് എന്നുള്ളത് സത്യമാണ്. ഇപ്പോള്‍ എല്ലാം രാഷ്ട്രീയമാണല്ലോ,’ സമദ് പറഞ്ഞു.

Content Highlight: Anu Mohan is the future Prithviraj, I’m sure of it, says Director Samad Mankada

We use cookies to give you the best possible experience. Learn more