| Tuesday, 24th October 2023, 12:49 pm

ഞാനും ടൊവിയും കുളക്കരയിലിരുന്ന് സിനിമാ സ്വപ്നങ്ങൾ കണ്ട സമയമുണ്ടായിരുന്നു: അനു മോഹൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസും താനും ചക്കംകുളങ്ങര കുളത്തിന്റെ കരയിലിരുന്ന് സിനിമാ സ്വപ്നങ്ങൾ കാണാറുണ്ടായിരുന്നെന്ന് നടൻ അനു മോഹൻ. ടൊവിനോ തന്റെ വീട്ടിൽ വരുമ്പോൾ അവിടെ നിൽകാറുണ്ടെന്നും അവന്റെ വളർച്ച കാണുമ്പോൾ അഭിനന്ദിക്കാറുണ്ടെന്നും അനു മോഹൻ കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ചക്കംകുളങ്ങര കുളത്തിൻ്റെ സൈഡിൽ ഞാനും ടൊവിയും എപ്പോഴും വന്നിരുന്ന് സിനിമാ സ്വപ്നങ്ങൾ കണ്ട സമയമുണ്ടായിരുന്നു . അവൻ എപ്പോഴും എൻ്റെ വീട്ടിൽ വരുമ്പോൾ അവിടെയാണ് നിൽക്കാറുള്ളത്. അവൻ്റെ ഉയർച്ച കാണുമ്പോൾ വളരെ സന്തോഷമുണ്ട് അതുപോലെ അവനെ ഞാൻ അഭിനന്ദിക്കാറുണ്ട്. പരിചയമുള്ള ആളുകൾ നല്ല ക്യാരക്ടർ ചെയ്‌താൽ വിളിച്ച് അഭിനന്ദിക്കാറുണ്ട്,’ അനു മോഹൻ പറഞ്ഞു.

അയ്യപ്പനും കോശിയും സിനിമയിലെ തന്റെ അഭിനയം നന്നായിരുന്നെന്ന് സംവിധായകൻ സച്ചി പറഞ്ഞിരുന്നെന്നും അനു പറഞ്ഞു. സിനിമയിലെ തന്റെ കുറേ ഭാഗങ്ങൾ കട്ട് ചെയ്തിരുന്നെന്നും എന്നാൽ റിലീസ് ചെയ്യുന്നതിന്റെ രണ്ട് ദിവസം മുൻപ് സച്ചി അത് കട്ട് ചെയ്യേണ്ട എന്ന് പറഞ്ഞ് എല്ലാ സീനും ഉൾപെടുത്തിയെന്നും അനു അഭിമുഖത്തിൽ പറയുന്നുണ്ട്. തന്റെ സീൻ സച്ചിക്ക് ഇഷ്ടപെട്ടതുകൊണ്ടാവും എഡിറ്റ് ചെയ്ത് പോയ സീനുകൾ വീണ്ടും വെച്ചതെന്നും അനു കൂട്ടിച്ചേർത്തു.

‘അയ്യപ്പനും കോശിയും സിനിമ കഴിഞ്ഞതിനു ശേഷം സച്ചിയേട്ടൻ എന്നെ വിളിച്ചിട്ട് ‘ഭയങ്കര രസമായിട്ട് നീ ചെയ്തു, നീ നന്നാവും’ എന്നൊക്കെ പറഞ്ഞു. അത് ചേട്ടൻ പറയാനുള്ള കാരണം സിനിമയിലെ ഫസ്റ്റ് എഡിറ്റിൽ എന്റെ ഒരുപാട് പോഷൻ കട്ട് ചെയ്തു പോയിരുന്നു.

സച്ചിയേട്ടന് അത് എന്നോട് പറയാൻ ഭയങ്കര വിഷമം ഉണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞാൽ തിയേറ്ററിൽ റിലീസാണ്. സിനിമയുടെ അസോസിയേറ്റ് ഡയറക്ടേഴ്സ് ‘അനുചേട്ടാ കുറെ സാധനം പോയിട്ടുണ്ട് കേട്ടോ’ എന്ന് പറഞ്ഞു. ഞാൻ ചോദിച്ചു ഏതാ ഉള്ളത് എന്ന്.


മെയിൻ ഒരു സീൻ മാത്രമേയുള്ളൂ ബാക്കിയെല്ലാം പോയി എന്ന് പറഞ്ഞു. ലെങ്ത് ഭയങ്കര കൂടുതലാണ് എന്ന് പറഞ്ഞിട്ട് കട്ട് ചെയ്തു. അതുകൊണ്ട് ഞാൻ ഭയങ്കര ഡെസ്പായിട്ട് ഇരിക്കുകയായിരുന്നു. പക്ഷേ ഫസ്റ്റ് ഞാൻ തിയേറ്ററിൽ പോയി കണ്ടപ്പോൾ ഒന്നും പോയിരുന്നില്ല. എല്ലാം അതുപോലെ ഉണ്ടായിരുന്നു.

റിലീസിന്റെ രണ്ടുദിവസം മുൻപാണ് സച്ചിയേട്ടൻ കട്ട് ചെയ്യാൻ പാടില്ല അത് വെക്കണം എന്ന് പറഞ്ഞ് രണ്ടാമതും എഡിറ്റ് ചെയ്തതിന് ശേഷം റിലീസ് ചെയ്യിപ്പിച്ചത്. ഫസ്റ്റ് ഷോ കഴിഞ്ഞിട്ട് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞപ്പോൾ, സച്ചിയേട്ടനും എന്നെ വിളിച്ചിട്ട് ‘നീ ചെയ്ത പരിപാടി രസമാണ്’ എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. പുള്ളിക്ക് അത്രയും ഇഷ്ടപ്പെട്ടതു കൊണ്ടായിരിക്കും എഡിറ്റ് ചെയ്തു പോയ സാധനം വീണ്ടും വെച്ചത്,’ അനു മോഹൻ പറയുന്നു.

Content Highlight: Anu mohan and Tovino’s  film dreams

We use cookies to give you the best possible experience. Learn more