അയ്യപ്പനും കോശിയും സിനിമയിൽ തന്റെ കുറേ ഭാഗങ്ങൾ കട്ട് ചെയ്തിരുന്നെന്ന് നടൻ അനു മോഹൻ. എന്നാൽ റിലീസ് ചെയ്യുന്നതിന്റെ രണ്ട് ദിവസം മുൻപ് സച്ചി അത് കട്ട് ചെയ്യേണ്ട എന്ന് പറഞ്ഞ് എല്ലാ സീനും ഉൾപെടുത്തിയെന്നും അനു പറയുന്നു.
സിനിമയുടെ അസ്സോസിയേറ്റ് ഡയറക്ടേഴ്സ് തന്റെ മെയിൻ സീൻ ഒഴികെ ബാക്കിയെല്ലാം ഒഴിവാക്കി എന്ന് പറഞ്ഞപ്പോൾ ഡസ്പ്പായി പോയെന്നും എന്നാൽ തിയേറ്ററിൽ കണ്ടപ്പോൾ ഒരു സീനും പോയിരുന്നില്ലെന്നും അനു മോഹൻ കൂട്ടിച്ചേർത്തു. തന്റെ സീൻ സച്ചിക്ക് ഇഷ്ടപെട്ടതുകൊണ്ടാവും എഡിറ്റ് ചെയ്തു പോയ സീനുകൾ വീണ്ടും വെച്ചതെന്നും അനു പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘അയ്യപ്പനും കോശിയും സിനിമ കഴിഞ്ഞതിനു ശേഷം സച്ചിയേട്ടൻ എന്നെ വിളിച്ചിട്ട് ‘ഭയങ്കര രസമായിട്ട് നീ ചെയ്തു, നീ നന്നാവും’ എന്നൊക്കെ പറഞ്ഞു. അത് ചേട്ടൻ പറയാനുള്ള കാരണം സിനിമയിലെ ഫസ്റ്റ് എഡിറ്റിൽ എന്റെ ഒരുപാട് പോഷൻ കട്ട് ചെയ്തു പോയിരുന്നു.
സച്ചിയേട്ടന് അത് എന്നോട് പറയാൻ ഭയങ്കര വിഷമം ഉണ്ടായിരുന്നു. രണ്ടുദിവസം കഴിഞ്ഞാൽ തിയേറ്ററിൽ റിലീസാണ്. സിനിമയുടെ അസോസിയേറ്റ് ഡയറക്ടേഴ്സ് ‘അനുചേട്ടാ കുറെ സാധനം പോയിട്ടുണ്ട് കേട്ടോ’ എന്ന് പറഞ്ഞു. ഞാൻ ചോദിച്ചു ഏതാ ഉള്ളത് എന്ന്.
മെയിൻ ഒരു സീൻ മാത്രമേയുള്ളൂ ബാക്കിയെല്ലാം പോയി എന്ന് പറഞ്ഞു. ലെങ്ത് ഭയങ്കര കൂടുതലാണ് എന്ന് പറഞ്ഞിട്ട് കട്ട് ചെയ്തു. അതുകൊണ്ട് ഞാൻ ഭയങ്കര ഡെസ്പായിട്ട് ഇരിക്കുകയായിരുന്നു. പക്ഷേ ഫസ്റ്റ് ഞാൻ തിയേറ്ററിൽ പോയി കണ്ടപ്പോൾ ഒന്നും പോയിരുന്നില്ല. എല്ലാം അതുപോലെ ഉണ്ടായിരുന്നു.
റിലീസിന്റെ രണ്ടുദിവസം മുൻപാണ് സച്ചിയേട്ടൻ കട്ട് ചെയ്യാൻ പാടില്ല അത് വെക്കണം എന്ന് പറഞ്ഞ് രണ്ടാമതും എഡിറ്റ് ചെയ്തതിന് ശേഷം റിലീസ് ചെയ്യിപ്പിച്ചത്. ഫസ്റ്റ് ഷോ കഴിഞ്ഞിട്ട് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞപ്പോൾ, സച്ചിയേട്ടനും എന്നെ വിളിച്ചിട്ട് ‘നീ ചെയ്തത് പരിപാടി രസമാണ്’ എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.പുള്ളിക്ക് അത്രയും ഇഷ്ടപ്പെട്ടതു കൊണ്ടായിരിക്കും എഡിറ്റ് ചെയ്തു പോയ സാധനം വീണ്ടും വെച്ചത്,’ അനു മോഹൻ പറയുന്നു.
Content Highlight: Anu Mohan about sachiyettan appreciation about his performance in ayyapanum koshiyum movie