കോഴിക്കോട്: സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണങ്ങളുടെ ഇരകളായി സിനിമാ താരങ്ങള്‍, പലപ്പോഴും നടിമാര്‍ മാറുന്നത് നാം കണ്ടിട്ടുണ്ട്. മോര്‍ഫ് ചെയ്ത വീഡിയോകളിലൂടെ നടിമാരെ മനപ്പൂര്‍വ്വം അപമാനിക്കാന്‍ ശ്രമിക്കുന്ന വിരുതന്മാര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ അത്തരക്കാരുടെ ശ്രമങ്ങളില്‍ തളരാതെ ശക്തമായി പ്രതികരിക്കുന്ന താരങ്ങളുമുണ്ട്. തന്റേതെന്ന തരത്തില്‍ വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്ന വീഡിയോയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ടെലിവിഷന്‍ താരമായ അനു ജോസഫ്.
മറ്റൊരു സ്ത്രീയുടെ വീഡിയോ തന്റെതെന്ന പേരിലൂടെ വാടസ്ആപ്പിലൂടെ പ്രചരിക്കുന്നുണ്ടെന്നും തന്റെ സുഹൃത്തുക്കള്‍ വഴിയാണ് താന്‍ ഇതിനെ കുറിച്ച് അറിയുന്നതെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അനു പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അനു പ്രതികരിച്ചത്.
ഒരു സ്ത്രീ വസ്ത്രം മാറുന്ന വിഡിയോയാണ് അനുവിന്റെ ചിത്രം സഹിതം ഏതാനും നാളുകളായി വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത്. അനുവിന്റെ അത്ര ഉയരവും രൂപ സാദൃശ്യവുമുള്ള സ്ത്രീയാണ് വിഡിയോയിലുള്ളത്. വൈഡ് ഷൂട്ട് ആയതുകൊണ്ട് സ്ത്രീയുടെ മുഖം വ്യക്തമാണെങ്കിലും അനുവിനെ നേരിട്ട് കാണാത്ത ഒരാള്‍ക്ക് അത് അനുവാണെന്നേ പെട്ടെന്ന് തോന്നൂ. ഈ വീഡിയോയ്‌ക്കെതിരെയാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
“കഷ്ടം എന്നല്ലാതെ ഞാന്‍ പിന്നെ ഇതിനെ എന്താ പറയുക. കുറച്ചുനാളുകള്‍ക്കു മുന്‍പ് ഞാന്‍ അപകടത്തില്‍ മരണപ്പെട്ടുവെന്നാണ് പ്രചരിച്ചിരുന്നത്. ഇപ്പോള്‍ എന്റേതല്ലാത്ത വിഡിയോ ഞാനാണെന്നുളള പേരും എന്റെ വിവരങ്ങളും ഫോട്ടോയും വച്ചാണ് പുറത്തിറക്കിയിരിക്കുന്നത്.” അനു പറയുന്നു.
എന്നാല്‍ വീഡിയോയുടെ നിജസ്ഥിതി എന്താണെന്ന് പോലും അറിയാതെ ഇതു പ്രചരിപ്പിക്കുന്നവര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറയുന്ന അനു ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ? എന്നും ചോദിക്കുന്നു. ഇതിനെതിരെ സൈബര്‍ സെല്ലിന് പുറമെ എസ്പിക്കും പരാതി കൊടുത്തിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
ഇങ്ങനെയുളള വീഡിയോ പുറത്തിറക്കുന്നതും അത് ഷെയര്‍ ചെയ്യുന്നതും വലിയ കുറ്റകരമാണെന്നുളള കാര്യം ആവര്‍ക്കും അറിവുളളതാണല്ലോയെന്നും അവര്‍ ചോദിക്കുന്നു.