| Sunday, 14th January 2024, 8:02 am

സിംബാബ്‌വെ ക്രിക്കറ്റിനിത് പുതുചരിത്രം; ചരിത്രനേട്ടവുമായി 24കാരൻ

സ്പോര്‍ട്സ് ഡെസ്‌ക്

സിംബാബ്‌വെ ക്രിക്കറ്റില്‍ പുതുചരിത്രം രചിച്ച് ആന്റം നഖ്വി. സിംബാബ്വെ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അവരുടെ പ്രാതിനിധ്യതലത്തിലെ ക്രിക്കറ്റിന്റെ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന ചരിത്രനേട്ടമാണ് ആന്റം നഖ്വി സ്വന്തമാക്കിയത്.

295 പന്തില്‍ നിന്നും 300 റണ്‍സാണ് താരം നേടിയത്. 30 ഫോറുകളുടെയും പത്ത് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

ഹരാരെയില്‍ നടന്ന ലോഗന്‍സ് കപ്പില്‍ റിനോഴ്സും മാറ്റബെലലാര്‍ഡ് ടസ്‌കേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു താരം നേട്ടം സ്വന്തമാക്കിയത്. മൂന്നാം ദിവസം കളി പുനരാരംഭിക്കുമ്പോള്‍ നഖ്വി 250 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു. ഇതിനുപിന്നാലെ മൂന്നാം ദിവസത്തിന്റെ ഉച്ചഭക്ഷണത്തിനു മുമ്പായാണ് താരം ട്രിപ്പിൾ സെഞ്ച്വറി സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ഒരുപിടി മികച്ച റെക്കോഡ് നേട്ടങ്ങളും നഖ്വി സ്വന്തം പേരിലാക്കി മാറ്റി.

2017-18 സീസണില്‍ സെഫാസ് ഷുവാവോ നേടിയ 265 റണ്‍സ് എന്ന റെക്കോഡാണ് ഈ 24കാരന്‍ മറികടന്നത്. ഇതുകൂടാതെ മറ്റൊരു റെക്കോഡ് നേട്ടവും ആന്റം നഖ്വി സ്വന്തമാക്കി. 1967-68 ദക്ഷിണാഫ്രിക്കയില്‍ നടന്ന ക്യൂറി കപ്പിന് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു സിംബാബ്‌വെ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത റണ്‍സായ റേ ഗ്രിപ്പറിന്റെ 279 റണ്‍സ് എന്ന ചരിത്രറെക്കോഡും ഈ 24കാരന്‍ മറികടന്നു.

2000-01ല്‍ സിംബാബ്‌വെക്കെതിരെ ന്യൂസിലാന്‍ഡ് ബാറ്റര്‍ മാര്‍ക്ക് റിച്ചാര്‍ഡ്സണ്‍ നേടിയ 306 റണ്‍സാണ് സിംബാബ്വെ മണ്ണില്‍ ഫസ്റ്റ് ക്ലാസില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഈ റെക്കോഡ് തകര്‍ക്കാന്‍ നഖ്വിക്ക് മികച്ച അവസരം ഉണ്ടായിരുന്നെങ്കിലും താരം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

അതേസമയം മത്സരത്തില്‍ മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 143 റണ്‍സിന് രണ്ടു വിക്കറ്റ് എന്ന നിലയിലാണ് ടസ്‌ക്കേഴ്‌സ്.

Content Highlight: Antum Naqvi created a new history Zimbabwe cricket.

We use cookies to give you the best possible experience. Learn more