ന്യൂദല്‍ഹി: ആന്‍ട്രിക്സ്-ദേവാസ് ഇടപാടില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍നായര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ഡിസംബര്‍ 23ന് കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്.
ജി.മാധവന്‍ നായര്‍ക്ക് പുറമെ ഐ.എസ്.ആര്‍.ഒ ഡയറക്ടര്‍ ആയിരുന്ന എ.ഭാസ്‌കരന്‍ നാരായണ റാവു, മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ആര്‍ ശ്രീധര്‍ മൂര്‍ത്തി, ആന്‍ട്രിക്സ് മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വീണ എസ്. റാവു എന്നിവര്‍ക്കാണ് പ്രത്യേക കോടതി ജഡ്ജി വീരേന്ദ്ര ഗോയല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ആന്‍ട്രിക്‌സ്- ദേവാസ് കരാറില്‍ സര്‍ക്കാറിന് 578 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ബംഗളൂരു സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സമന്‍സ് അയച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ എസ് ബാന്‍ഡ് സ്‌പെക്ട്രം വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതിനായി 2005-ലാണ് ആന്‍ട്രിക്‌സുമായി ദേവാസ് മള്‍ട്ടിമീഡിയ കരാര്‍ ഉണ്ടാക്കിയത്. ജി. മാധവന്‍ നായരായിരുന്നു അന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍. അഴിമതി ആരോപണത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ 2011-ല്‍ കരാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് മാധവന്‍ നായരെയും മറ്റു മൂന്നു ശാസ്ത്രജ്ഞരെയും പദവികളില്‍നിന്നു മാറ്റിനിര്‍ത്തുകയും ചെയ്തു.
2015 മാര്‍ച്ച് 16-നാണ് ഐ.എസ്.ആര്‍.ഒ, ആന്‍ട്രിക്‌സ്, ദേവാസ് മള്‍ട്ടിമീഡിയ ഉദ്യോഗസ്ഥരെ പ്രതികളാക്കി സി.ബി.ഐ. കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120- ബി, 420 എന്നീ വകുപ്പുകള്‍, അഴിമതിനിരോധന നിയമം എന്നിവപ്രകാരമാണു മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.