ന്യൂദല്‍ഹി: ആന്‍ഡ്രിക്സ് ദേവാസ് അഴിമതിക്കേസില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ഉള്‍പ്പെടെ നാലു പ്രതികള്‍ക്ക് ജാമ്യം. ദല്‍ഹി പാട്യാല ഹൗസ് സി.ബി.ഐ കോടതിയാണ് ജാമ്യം അനുവദിച്ചത്.
അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ട് ജാമ്യക്കാരടെ ഉറപ്പിന്മേലുമാണ് ജാമ്യം അനുവദിച്ചത്. സമന്‍സ് ലഭിച്ച പ്രതികളില്‍ ഭൂരിഭാഗവും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. അവരെല്ലാവരും ജാമ്യപേക്ഷയും സമര്‍പ്പിച്ചിരുന്നു. കോടതിയില്‍ ഹാജരാകാത്ത മൂന്നുപേര്‍ക്ക് ജാമ്യം അനുവദിച്ചിട്ടില്ല.
ഇതാദ്യമായാണ് മാധവന്‍ നായര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിക്കു മുന്നില്‍ ഹാജരായത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളാണ് ഇന്ന് കോടതി കൈക്കൊണ്ടത്.
2016 ആഗസ്റ്റ് 11ന് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായാണ് പ്രതികളെ കോടതി വിളിച്ചു വരുത്തിയത്.
വിചാരണ ആരംഭിക്കുന്നതിന് മുമ്പായി ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. മുഴുവന്‍ പ്രതികള്‍ക്കും എതിരെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുന്നതിനെ സി.ബി.ഐ കോടതിയില്‍ എതിര്‍ത്തില്ല. വിചാരണാ നടപടികള്‍ക്കായി ഫെബ്രുവരി 15ലേക്ക് കേസ് മാറ്റിയിട്ടുണ്ട്.
ആന്‍ഡ്രിക്‌സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി 2005 ജനവരി 28നാണ് കരാര്‍ ഒപ്പുവെച്ചത്. 2005ല്‍ മാധവന്‍ നായര്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാനായിരിക്കെയാണ് ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ എസ്.ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അനുവാദം അമേരിക്ക ആസ്ഥാനമായുള്ള ബെംഗളൂര്‍ കമ്പനി ദേവാസ് മള്‍ട്ടിമീഡിയയ്ക്ക് നല്‍കുന്നത്. ആന്‍ട്രിക്‌സുമായി 12 കൊല്ലത്തേയ്ക്കായിരുന്നു കരാര്‍.
ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ് 6, ജിസാറ്റ് -6എ എന്നീ ഉപഗ്രഹങ്ങളിലെ എസ്-ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗിക്കുന്നതിനായിരുന്നു ദേവാസുമായുള്ള കരാര്‍. എന്നാല്‍ കരാറിലൂടെ ഐ.എസ്.ആര്‍.ഒയ്ക്ക് 578 കോടിരൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി. കണ്ടത്തുകയും സ്‌പേസ് കമ്മിഷന്‍ കരാര്‍ റദ്ദാക്കുകയും ചെയ്തു. കരാര്‍ വിവാദമായതോടെ മാധവന്‍നായരെ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുമ്പ് സി.ബി.ഐ മാധവന്‍ നായരെ ചോദ്യം ചെയ്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്കു പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും മാധവന്‍ നായര്‍ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.