ദേവാസുമായുള്ള കേസില്‍ ഐ.എസ്.ആര്‍.ഒ ക്ക് തിരിച്ചടി ; 6600കോടി നഷ്ടപരിഹാരം നല്‍കേണ്ടി വരും
Daily News
ദേവാസുമായുള്ള കേസില്‍ ഐ.എസ്.ആര്‍.ഒ ക്ക് തിരിച്ചടി ; 6600കോടി നഷ്ടപരിഹാരം നല്‍കേണ്ടി വരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th July 2016, 3:39 pm

ഹേഗ്: ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയയും തമ്മിലുള്ള കേസില്‍ ഐ.എസ്.ആര്‍.ഒക്ക് തിരിച്ചടി.

കരാര്‍ റദ്ദാക്കിയതിന് ദേവാസിന് നഷ്ടപരിഹാരമായി 6600 കോടി നഷ്ടപരിഹാരവും നല്‍കേണ്ടി വരും. ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയുടെ വിധി.

കരാറില്‍ നിന്ന് പിന്‍മാറിയതില്‍ ആന്‍ട്രിക്‌സിന് നേരിട്ട് പങ്കില്ലെന്നും അവരുടേതല്ലാത്ത കാരണം കൊണ്ടാണ് കരാര്‍ റദ്ദാക്കിയതെന്നുമുളള ഐ. എസ്.ആര്‍.ഒയുടെ വാദം കോടതി അംഗീകരിച്ചില്ല. കരാറില്‍ നിന്ന് പിന്മാറിയഐ.എസ്.ആര്‍.ഒയുട നടപടി മര്യാദയില്ലാത്തതാണെന്നും ദേവാസിന് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും കോടതി പറഞ്ഞു.

ആന്‍ഡ്രിക്‌സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി 2005 ജനവരി 28നാണ് കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ് 6, ജിസാറ്റ് 6എ എന്നീ ഉപഗ്രഹങ്ങളിലെ എസ്ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗിക്കുന്നതിനായിരുന്നു ദേവാസുമായുള്ള കരാര്‍.

20 വര്‍ഷത്തേക്ക് അനിയന്ത്രിതമായി സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശംകൂടി കരാറിലൂടെ ദേവാസിന് ലഭിച്ചു.

അഞ്ച് വര്‍ഷത്തിന് ശേഷം സ്‌പെക്ട്രം കുംഭകോണത്തില്‍ രാജ്യത്തിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന അക്കൗണ്ടന്റ് ജനറല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ടുജി സ്‌പെക്ട്രം ഇടപാടുകള്‍ റദ്ദാക്കി.

ദേവാസിനും സ്‌പെക്ട്രം കുറഞ്ഞ വിലയ്ക്ക് നല്‍കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. അതോടെ ദേവാസുമായുളള കരാറില്‍ നിന്ന് 2011 ഫെബ്രുവരിയില്‍ ആന്‍ട്രിക്‌സ് പിന്‍മാറി.

അതിനെതിരെ 2015ലാണ് ദേവാസ്, അന്താരാഷ്ട്ര ചേംബര്‍ ഒഫ് കോമേഴ്‌സിന്റെ ഭാഗമായ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചത്