| Thursday, 26th December 2024, 11:52 am

ആ നടനെ കണ്ടതും അയാള്‍ ഭയങ്കര സാധനമാണെന്നും ചൂടനാണെന്നും കരുതി; പിന്നെ പാവമാണെന്ന് മനസിലായി: പെപ്പെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2017ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ആന്റണി വര്‍ഗീസ്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദാവീദ്. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ വിജയരാഘവനും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ വിജയരാഘവനെ കുറിച്ച് പറയുകയാണ് ആന്റണി വര്‍ഗീസ്.

അദ്ദേഹം നല്ല ചൂടനാണെന്നും നമ്മള്‍ നോക്കിയും കണ്ടും നില്‍ക്കണമെന്നുമാണ് താന്‍ ആദ്യം കരുതിയത് എന്നാണ് നടന്‍ പറയുന്നത്. ആരും തന്നോട് അദ്ദേഹത്തെ കുറിച്ച് അങ്ങനെയൊന്നും പറഞ്ഞിരുന്നില്ലെന്നും വിജയരാഘവനെ കണ്ടപ്പോള്‍ താന്‍ വെറുതെ അങ്ങനെ തോന്നിയതാണെന്നും ആന്റണി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘എന്റമ്മേ, ഞാന്‍ ആദ്യം അദ്ദേഹം ഭയങ്കര സാധനമാണെന്നാണ് കരുതിയത്. അതായത് നല്ല ചൂടനാണ്, നമ്മള്‍ നോക്കിയും കണ്ടും നില്‍ക്കണമെന്ന് കരുതി. ആരും എന്നോട് അദ്ദേഹത്തെ കുറിച്ച് അങ്ങനെയൊന്നും പറഞ്ഞിരുന്നില്ല.

ആളെ കണ്ടപ്പോള്‍ ഞാന്‍ വെറുതെ അങ്ങനെ തോന്നി. അതുകൊണ്ട് ഞാന്‍ ആ ഒരു ഡിസ്റ്റന്‍സിലാണ് അദ്ദേഹത്തിന്റെ അടുത്ത് നിന്നത്. പക്ഷെ പിന്നീട് അദ്ദേഹം എങ്ങനെയുള്ള ആളാണെന്ന് എനിക്ക് മനസിലായി. നല്ല ഡീസന്റ് മനുഷ്യനാണ്, പാവമാണ്.

അഭിനയിക്കുമ്പോള്‍ നമുക്ക് കാര്യങ്ങളൊക്കെ പറഞ്ഞു തരും. അങ്ങനെയല്ല, ഇങ്ങനെ ചെയ്യണമെന്ന് പറയും. എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു തരും. പിന്നീട് ഞാന്‍ അദ്ദേഹവുമായി ഞാന്‍ നല്ല കമ്പനിയായി മാറി.

ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ഒരുപാട് നല്ല ഉപദേശങ്ങള്‍ കിട്ടും. ‘നമ്മള്‍ പറയുമ്പോള്‍ കേള്‍ക്കുന്ന ആളുകള്‍ക്കാണ് ഓരോന്നും പറഞ്ഞു കൊടുക്കുകയുള്ളൂ’ എന്ന് വിജയരാഘവന്‍ ചേട്ടന്‍ പറയാറുണ്ട്. അല്ലാത്തവര്‍ക്ക് പറഞ്ഞു കൊടുക്കില്ലെന്നും പറയാറുണ്ട്.

നമ്മള്‍ എന്തെങ്കിലും മണ്ടത്തരം കാണിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ ഓരോന്നും പറഞ്ഞു തരിക. വഴക്കൊന്നും പറയുന്ന ആളല്ല അദ്ദേഹം. എല്ലാം സ്‌നേഹത്തോടെ മാത്രമാണ് അദ്ദേഹം പറയാറുള്ളത്. ഞാന്‍ അതിഗംഭീരമായി പെര്‍ഫോമന്‍സ് ചെയ്തപ്പോഴാണ് ചേട്ടന്‍ അങ്ങനെയല്ല ചെയ്യേണ്ടതെന്ന് പറഞ്ഞത് (ചിരി),’ ആന്റണി വര്‍ഗീസ് പറഞ്ഞു.

ദാവീദ്:

ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ദാവീദിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ദീപു രാജീവനും വിഷ്ണുവും ചേര്‍ന്നാണ്. സെഞ്ച്വറി മാക്‌സ് ജോണ്‍ & മേരി പ്രൊഡക്ഷന്‍സും പനോരമ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ആക്ഷന്‍ ചിത്രത്തില്‍ ആന്റണി വര്‍ഗീസിനും വിജയരാഘവനും പുറമെ ലിജോമോള്‍ ജോസ്, സൈജു കുറുപ്പ്, കിച്ചു ടെല്ലസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുത്.

Content Highlight: Antony Varghese Talks About Vijayaraghavan

We use cookies to give you the best possible experience. Learn more