2017ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ആന്റണി വര്‍ഗീസ്. ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്റെ പേരിനോടൊപ്പം ചേര്‍ത്ത പെപ്പെ പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്, ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ സിനിമകളിലൂടെ മലയാള സിനിമയുടെ മുന്‍നിരയിലേക്ക് കടന്നുവന്നു.
2023ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമാണ് ആര്‍.ഡി.എക്‌സ്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപിപ്പിച്ചത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് സോഫിയ പോള്‍ നിര്‍മിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു ആര്‍.ഡി.എക്‌സ്.
ആര്‍.ഡി.എക്സിനെ കുറിച്ച് സംസാരിക്കുകയാണ് ആന്റണി വര്‍ഗീസ്. സിനിമയിലെ കോമഡി രംഗം കണ്ട് ആളുകള്‍ തിയേറ്ററിലിരുന്ന് ചിരിച്ചപ്പോള്‍ താന്‍ കരഞ്ഞുപോയെന്ന് ആന്റണി വര്‍ഗീസ് പറയുന്നു. തനിക്ക് കോമഡി ചെയ്യാന്‍ ഇഷ്ടമാണെന്നും അതുകൊണ്ടുതന്നെ ആളുകള്‍ ചിരിക്കുന്നതുകണ്ടപ്പോള്‍ തനിക്കും ഇതെല്ലം വഴങ്ങും എന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
ആക്ഷന്‍ സീക്വന്‍സുകളെക്കാള്‍ താന്‍ കൂടുതല്‍ എന്‍ജോയ് ചെയ്തത് കോമഡി രംഗങ്ങള്‍ കണ്ട് ആളുകള്‍ കയ്യടിക്കുന്നത് കാണുമ്പോഴാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി വര്‍ഗീസ്.
‘ആര്‍.ഡി.എക്‌സ് സിനിമയിലെ ഒരു രംഗം തിയേറ്ററില്‍ ഇരുന്ന് കണ്ട് ആളുകള്‍ ചിരിച്ചു. അത് കണ്ട് സത്യത്തില്‍ ഞാന്‍ കരഞ്ഞുപോയി.
കോമഡിയും കാര്യങ്ങളുമൊക്കെ ചെയ്ത് നോക്കണമെന്ന് ഭയങ്കര ആഗ്രഹമുള്ള ആളാണ് ഞാന്‍.
അപ്പോള്‍ ആളുകള്‍ ചിരിക്കുന്നത് കണ്ടപ്പോള്‍ എനിക്കും ചെറിയ രീതിയിലെല്ലാം ഇതെല്ലം പറ്റും എന്ന് മനസിലായി. കാര്യമത് സംവിധായകന്റെയും എഴുത്തുകാരന്റെയും കഴിവ് ആണെങ്കില്‍ കൂടി നമ്മള്‍ അതിന്റെ ഒരു ഫാക്ടര്‍ ആയിട്ടുണ്ട് എന്ന തിരിച്ചറിവ് വളരെ സുഖമുള്ളൊരു കാര്യമാണ്. എനിക്ക് ഭയങ്കര സന്തോഷമായി.
കാരണം ഞാന്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്തത് ആളുകള്‍ ആ കോമഡി സീനിന് കയ്യടിക്കുന്നത് കണ്ടിട്ടാണ്. അല്ലാതെ ആക്ഷന്‍ സീക്വന്‍സിന് കയ്യടിക്കുമ്പോഴല്ല. വല്ലാത്ത ഒരു എനര്‍ജിയും സന്തോഷവുമെല്ലാം അത് കണ്ടപ്പോള്‍ തോന്നിയിരുന്നു.’ ആന്റണി വര്‍ഗീസ് പറയുന്നു.
Content Highlight: Antony Varghese talks about RDX movie