ആന്റണി വര്‍ഗീസ് പെപ്പെ നായകനായി ഇപ്പോള്‍ തിയേറ്ററില്‍ നിറഞ്ഞോടുന്ന ബോക്സിങ് ചിത്രമാണ് ദാവീദ്. ദീപു രാജീവനും ഗോവിന്ദ് വിഷ്ണുവും ചേര്‍ന്ന് തിരക്കഥയെഴുതിയ ഈ സിനിമ ഗോവിന്ദ് വിഷ്ണുവാണ് സംവിധാനം ചെയ്യുന്നത്.
ആക്ഷന്‍ ഴോണറില്‍ എത്തിയ ദാവീദില്‍ ആഷിഖ് അബു എന്ന കഥാപാത്രമായാണ് പെപ്പെ എത്തുന്നത്. സിനിമക്കായി വലിയ രീതിയില്‍ ബോഡി ട്രാന്‍സ്ഫോര്‍മേഷനായിരുന്നു നടന്‍ നടത്തിയത്. ഫെബ്രുവരി 14നാണ് ഈ സിനിമ തിയേറ്ററില്‍ എത്തിയത്.
ഇപ്പോള്‍ ദാവീദ് എന്ന സിനിമക്കായി നടത്തിയ ട്രാന്‍സ്ഫോര്‍മേഷനെ കുറിച്ച് സംസാരിക്കുകയാണ് ആന്റണി വര്‍ഗീസ്. ചിത്രത്തിനായി ആറ് മാസത്തിന് മുമ്പുതന്നെ ഒരുക്കങ്ങള്‍ തുടങ്ങിയെന്നും ഭാരം കുറച്ച് 74 കിലോ വരെ എത്തിച്ചെന്നും ആന്റണി പറയുന്നു.
ദാവീദിന്റെ ഷൂട്ടിന്റെ സമയത്തുപോലും ഇടികിട്ടി കിളി പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി വര്‍ഗീസ്.
‘ദാവീദ് സിനിമയുടെ ആദ്യ ചര്‍ച്ചയില്‍ത്തന്നെ സംവിധായകന്‍ ഗോവിന്ദ് വിഷ്ണു ആഷിഖ് അബുവെന്ന കഥാപാത്രത്തെ കുറിച്ച് വ്യക്തമായ ചിത്രം നല്‍കിയിരുന്നു. ഭാര്യയും കുട്ടിയുമുള്ള, ജോലിക്ക് പോകാന്‍ താത്പര്യമില്ലാത്ത, മടിയനായ ഒരാള്‍. അത്തരമൊരു സാധാരണക്കാരന്‍ ബോക്സിങ് താരമായി മാറുന്നതാണ് സിനിമ.
ആറുമാസം മുമ്പ് തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഭക്ഷണം നിയന്ത്രിച്ചു. വര്‍ക്കൗട്ട് തുടങ്ങി. രണ്ടു നേരം ജിമ്മില്‍ പരിശീലനം. ഒരു നേരം ബോക്സിങ് പരിശീലനം. അങ്ങനെയാണ് മുന്നോട്ടുപോയത്.
ആദ്യമൊക്കെ വലിയ കുഴപ്പമില്ലാത്ത ഡയറ്റ് ആയിരുന്നു. ചോറും പച്ചക്കറിയുമൊക്കെ കൃത്യമായി അളന്നാണ് കഴിച്ചത്. പക്ഷേ പരിശീലനം അവസാനഘട്ടമെത്തിയപ്പോഴേക്ക് ഡയറ്റും ടൈറ്റായി. ചോറൊഴിവാക്കി. ചിത്രത്തിലെ ബോക്‌സിങ് രംഗങ്ങള്‍ ചിത്രീകരിച്ചത് ഏറ്റവും അവസാനമാണ്. ഇതിനായി ഭാരം കുറച്ചു കുറച്ച് 74 കിലോ വരെ എത്തിച്ചു. അതിനുവേണ്ടി നന്നായി കഷ്ടപ്പെടേണ്ടിവന്നു.
അതിരാവിലെ ജിമ്മില്‍ പോകും. അവിടെനി ന്ന് ഷൂട്ടിങ്ങിന്. അതിനുശേഷം ലൊക്കേഷനില്‍ പരിശീലകനെത്തി ബോക്‌സിങ് പരിശീലനം. പിന്നീട് വീണ്ടും ഷൂട്ട് നടത്തും. അതുകഴിഞ്ഞ് വീണ്ടും ജിമ്മിലേക്ക്. ഇത്രയും കഴിഞ്ഞാണ് വിശ്രമം. ആര്‍.ഡി.എക്സ് ചെയ്യുമ്പോള്‍ 94 കിലോ ആയിരുന്നു എന്റെ ശരീരഭാരം. അവിടെ നിന്നാണ് 74ലേക്ക് എത്തിയത്.
എന്നെ ബോക്‌സിങ് പരിശീലിപ്പിച്ചത് ദേശീയ ചാംപ്യന്‍മാരായ ജിതിനും ടിന്‍സനുമൊക്കെ ചേര്‍ന്നാണ്. ആദ്യമൊക്കെ ശരീരചലനം ബുദ്ധിമുട്ടായിരുന്നു. ലോക ചാംപ്യനാണ് എതിരെയുള്ളത്. അതിനെ മറികടക്കുന്നത് വേഗത്തിലുള്ള ചലനത്തിലൂടെയായിരുന്നു. ഇടക്ക് പ്രതിരോധം പാളും. അപ്പോള്‍ നല്ല ഇടികിട്ടിയിട്ടുണ്ട്. ഷൂട്ടിന്റെ സമയത്തുപോലും ഇടികിട്ടി കിളി പോയിട്ടുണ്ട്,’ ആന്റണി വര്‍ഗീസ് പറയുന്നു.
Content highlight: Antony Varghese talks about Daveed Movie