| Saturday, 7th September 2024, 11:07 am

അങ്കമാലി ഡയറീസിലെ ആ സീനിനെപ്പറ്റി സൂര്യ പ്രത്യേകം സംസാരിച്ചത് കേട്ടപ്പോള്‍ അത്ഭുതമായി: ആന്റണി വര്‍ഗീസ് പെപ്പെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ ഏറ്റവും വലിയ വിജയചിത്രമാണ് 2017ല്‍ റിലീസായ അങ്കമാലി ഡയറീസ്. ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി എല്‍.ജെ.പി അണിയിച്ചൊരുക്കിയ ചിത്രം മികച്ച ദൃശ്യാനുഭവമായി മാറി. അങ്കമാലി എന്ന നാടിന്റെ നേര്‍ചിത്രം യാതൊരു ഗിമ്മിക്കുമില്ലാതെ കാണിച്ച ‘പക്കാ ലോക്കല്‍ പടം’ എന്ന ടാഗ് ലൈനിനോട് നൂറ് ശതമാനം നീതി പുലര്‍ത്തിയ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്.

ചിത്രത്തിലെ നായകനായ ആന്റണി വര്‍ഗീസ് പിന്നീട് ആ കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെട്ടത്. തന്റെ പേരിനൊപ്പം പെപ്പെ എന്ന് ചേര്‍ത്ത നടന്‍ പിന്നീട് മലയാളസിനിമയുടെ മുന്‍നിരയിലേക്ക് അതിവേഗം നടന്നുകയറി. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം, ആര്‍.ഡി.എക്‌സ് എന്നീ സിനിമകളിലൂടെ ആക്ഷന്‍ ചിത്രങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത നായകനായി പെപ്പെ മാറി.

തമിഴ് നടന്‍ സൂര്യയെ നേരില്‍ കണ്ട അനുഭവം പങ്കുവെക്കുകയാണ് പെപ്പെ. അമ്മ സംഘടനയുടെ ഷോ നടക്കുന്നതിനിടെയാണ് സൂര്യയെ ആദ്യമായി കണ്ടതെന്ന് പെപ്പെ പറഞ്ഞു. ആദ്യം പേടിച്ചെങ്കിലും പിന്നീട് അടുത്തുപോയി സംസാരിച്ചെന്നും സൂര്യയോടൊപ്പം ഫോട്ടോ എടുത്തെന്നും പെപ്പെ കൂട്ടിച്ചേര്‍ത്തു.

അങ്കമാലി ഡയറീസ് കണ്ടെന്നും അതിന്റെ ക്ലൈമാക്‌സിലെ സിംഗിള്‍ ഷോട്ട് സീന്‍ കണ്ട് അത്ഭുതപ്പെട്ടെന്നും സൂര്യ തന്നോട് പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്നും പെപ്പെ പറഞ്ഞു. അവരൊക്കെ നമ്മുടെ സിനിമ കാണുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്നും പെപ്പെ കൂട്ടിച്ചേര്‍ത്തു. സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു പെപ്പെ.

‘അമ്മയുടെ ഷോ തിരുവനന്തപുരത്തെ സ്റ്റേഡിയത്തില്‍ നടക്കുമ്പോഴാണ് ഞാന്‍ സൂര്യയെ ആദ്യമായി കാണുന്നത്. ദൂരെ നിന്ന് കണ്ടപ്പോള്‍ അടുത്തേക്ക് പോണോ വേണ്ടയോ എന്ന് സംശയിച്ചു. കാരണം, പുള്ളിയുടെ അടുത്ത് മൂന്നുനാല് ബൗണ്‍സര്‍മാര്‍ ഉണ്ടായിരുന്നു. പിന്നീട് എവിടന്നോ കിട്ടിയ ധൈര്യം വെച്ച് അങ്ങോട്ട് പോയി. സൂര്യ സാറിനെ കാണാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ കടത്തിവിട്ടു. പുള്ളിയെ കണ്ടപ്പോള്‍ ഷേക്ക് ഹാന്‍ഡ് കൊടുത്തു. അങ്കമാലി ഡയറീസില്‍ അഭിനയിച്ചത് ഞാനാണെന്ന് പുള്ളിയോട് പറഞ്ഞു.

‘ആ സിനിമ കണ്ടു. അതിലെ ക്ലൈമാക്‌സ് 15 മിനിറ്റിനടുത്ത് സിംഗിള്‍ ഷോട്ടാണല്ലോ, കണ്ടിട്ട് അന്തംവിട്ടുപോയി. അത് എങ്ങനെ അത് എടുത്തു’ എന്നാണ് പുള്ളി ചോദിച്ചത്. ഞാനത് കേട്ട് അത്ഭുതപ്പെട്ടു. കാരണം, അവരൊക്കെ നമ്മുടെ സിനിമകള്‍ കാണുകയും അതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ നമ്മള്‍ ചെയ്തത് അത്ര നല്ല സിനിമകളാണ് എന്ന് ഒന്നുകൂടി മനസിലായി,’ പെപ്പെ പറഞ്ഞു.

Content Highlight: Antony Varghese shares Suriya’s comment on Angamaly Diaries movie

We use cookies to give you the best possible experience. Learn more