| Saturday, 5th February 2022, 3:31 pm

പെപ്പയുടെ കൂടെ ഒരു ഫോട്ടോ എടുക്കണമെന്നത് വലിയ ആഗ്രഹമാണ്; അജഗജാന്തരം കാണാന്‍ പോയപ്പോള്‍ നിങ്ങള്‍ വന്നിരുന്നെങ്കിലും കാണാന്‍ കഴിഞ്ഞില്ല; കുഞ്ഞു ആരാധികയുടെ കത്ത് പങ്കുവെച്ച് ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അജഗജാന്തരത്തിന്റെ വിജയത്തോടെ കരിയറില്‍ ഇതുവരെ പരാജയം അറിയാത്ത താരം എന്ന പദവി ഒന്നുകൂടി ഉറപ്പിക്കുകയാണ് ആന്റണി വര്‍ഗീസ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ 2017 ചിത്രം അങ്കമാലി ഡയറീസിലൂടെ അരങ്ങേറിയ ആന്റണി സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കട്ട് എന്നീ ചിത്രങ്ങളിലാണ് പിന്നീട് അഭിനയിച്ചത്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപാട് ആരാധകരുള്ള താരമായി ആന്റണി വളര്‍ന്നിട്ടുണ്ട്. അനശ്വര രാജനെ കേന്ദ്ര കഥാപാത്രമാക്കി എ.ഡി. ഗിരീഷ് സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യയിലെ ആന്റണിയുടെ ഗസ്റ്റ് റോളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പഴിതാ മൂന്നാം ക്ലാസുകാരിയായ ഒരു കൊച്ചു ആരാധിക ആന്റണിക്കയച്ച കത്താണ് സമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
അജഗജാന്തരം സിനിമ കാണാന്‍ ചെന്നപ്പോള്‍ തിയേറ്ററില്‍ ആന്റണി വന്നെങ്കിലും കാണാന്‍ കഴിയാത്തതിലുള്ള പരിഭവം പങ്കുവെച്ചാണ് കൊല്ലത്ത് നിന്നുള്ള മൂന്നാം ക്ലാസുകാരി കത്തയച്ചിരിക്കുന്നത്.

അജഗജാന്തരം ഇഷ്ടപ്പെട്ടുവെന്നും സിനിമയിലെ പാട്ട് അടിപൊളിയാണെന്നും നവമി എന്ന കൊച്ചു ആരാധിക കത്തില്‍ എഴുതുന്നുണ്ട്.
അങ്കമാലി ഡയറീസിലെ ആന്റണിയുടെ കഥാപാത്രമായ പെപ്പെ എന്ന പേര് വിളിച്ചാണ് നവമിയുടെ കത്ത്. കടലാസ് പെന്‍സിലില്‍ കൊണ്ട് ഒരു നോട്ട് ബുക്കിന്റെ പേജിലാണ് നവമിയുടെ കത്ത് എന്നതും കൗതുകമുണര്‍ത്തുന്നു.

‘ഡിയര്‍ പെപ്പെ, ഞാന്‍ നവമി. കൊല്ലം ജില്ലയിലെ പെരുമണലിലാണ് ഞാന്‍ താമസിക്കുന്നത്. ഞാന്‍ അജഗജാന്തരം സിനിമ കാണാന്‍ കൊല്ലം പാര്‍ത്ഥാ തിയേറ്ററില്‍ പോയപ്പോള്‍ അവിടെ പെപ്പയും ടീമും വന്നിരുന്നു. എനിക്ക് കാണണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തിരക്ക് കാരണം എനിക്ക് പെപ്പെയെ കാണാന്‍ പറ്റിയില്ല.

അജഗജാന്തരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതിനകത്തെ ‘ഒള്ളള്ളേരു’ എന്ന പാട്ട് അടിപൊളി. പെപ്പയുടെ കൂടെ ഒരു ഫോട്ടോ എടുക്കണമെന്ന് വലിയ ആഗ്രഹമാണ്. കൂടെ ഒരു ഓട്ടോഗ്രാഫും. ഒരു ദിവസം പെപ്പയെ കാണിക്കാന്‍ കൊണ്ടുപോകണമെന്ന് വീട്ടില്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ പെപ്പയുടെ ഒരു കുഞ്ഞു ആരാധികയാണ്.

ഞാന്‍ പെരുമണ്‍ എല്‍.പി.എ.എസ് സ്‌കൂളില്‍  മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. എന്റെ കൂട്ടുകാര്‍ക്കും പെപ്പയെ കാണണമെന്നത് വലിയ ആഗ്രഹമാണ്. ഒരുപാട് സ്‌നേഹത്തോടെ, നവമി എസ്. പിള്ള,’ എന്നാണ് നവമി കത്തില്‍ എഴുതിയിട്ടുള്ളത്.
‘ഇനി കൊല്ലം വരുമ്പോള്‍ നമ്മള്‍ക്ക് എന്തായാലും കാണാം നവമിക്കുട്ടി,’ എന്ന് എഴുതി ആന്റണി തന്നെയാണ് കത്ത് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ഒരു ഉത്സവ പറമ്പിന്റെ പശ്ചാത്തലത്തില്‍ ആനയും പാപ്പാന്മാരും നാട്ടുകാരുമൊക്കെ പങ്കാളികളാവുന്ന സംഘട്ടന രംഗങ്ങളാണ് അജഗജാന്തരന്റെ ഹൈലൈറ്റ്.

ഒരു ഉത്സവപറമ്പില്‍ ആനയുമായി ഏതാനും യുവാക്കളെത്തുന്നതും പിന്നാലെ 24 മണിക്കൂര്‍ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. കൊവിഡിന് മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ആയതിനാല്‍ തന്നെ സമൂഹിക അകലത്തിന്റെ കാലത്തെ ഉത്സവപറമ്പ് സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് കൗതുകം ഉണ്ടാക്കുന്നുണ്ട്.

അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലുക്മാന്‍, സാബു മോന്‍, ജാഫര്‍ ഇടുക്കി, വിജിലേഷ്, കിച്ചു ടെല്ലസ് എന്നിവരും താരനിരയിലുണ്ട്.

സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വവും ചേര്‍ന്നാണ്.

CONTENT HIGHLIGHTS:  Antony Varghese  shares a letter from a child fan abou Ajagajantharam movie experience

We use cookies to give you the best possible experience. Learn more