|

ആ സിനിമ ഹിറ്റാകുമെന്ന് കരുതിയില്ല; അഭിനയം വരെ നിര്‍ത്താമെന്ന് കരുതി: ആന്റണി വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2017ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ആന്റണി വര്‍ഗീസ്. ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്റെ പേരിനോടൊപ്പം ചേര്‍ത്ത പെപ്പെ പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്, ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ സിനിമകളിലൂടെ മലയാള സിനിമയുടെ മുന്‍നിരയിലേക്ക് കടന്നുവന്നു.

എന്റെ മനസില്‍ ആര്‍.ഡി.എക്‌സ് എന്ന ഒരിക്കലും വാര്‍ക്കാകില്ല എന്നായിരുന്നു – ആന്റണി വര്‍ഗീസ്

ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിന് ശേഷം അഭിനയം നിര്‍ത്താമെന്ന് തീരുമാനിച്ചെന്ന് ആന്റണി വര്‍ഗീസ് പറയുന്നു. വളരെ അടുത്ത സുഹൃത്തുക്കളോട് താന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അങ്ങനെയാണ് താന്‍ പ്ലാന്‍ ചെയ്തിരുന്നതെന്നും ആന്റണി വര്‍ഗീസ് പറഞ്ഞു.

തന്റെ മനസില്‍ ആര്‍.ഡി.എക്‌സ് വിജയിക്കുമെന്ന് ഇല്ലായിരുന്നെന്നും സിനിമ എന്താകുമെന്ന് അറിയില്ലായിരുനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.ഡി.എക്‌സ് ഇറങ്ങിയ സമയത്ത് ആദ്യ ദിവസം താന്‍ തിയേറ്ററില്‍ പോയില്ലെന്നും എന്നാല്‍ സിനിമ കഴിഞ്ഞപ്പോള്‍ കുറെ അഭിനന്ദങ്ങള്‍ ലഭിച്ചെന്നും ആന്റണി പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ക്ലോസായിട്ടുള്ള ആളുകളോട് മാത്രം ഞാന്‍ പറഞ്ഞിട്ടുള്ള കാര്യമാണ് ആര്‍.ഡി.എക്‌സ് എന്ന സിനിമക്ക് ശേഷം ഞാന്‍ അഭിനയം നിറുത്തുകയാണ് എന്ന്. ഇതാണ് ലാസ്റ്റ് സിനിമ എന്നെല്ലാം പറഞ്ഞിരുന്നു. അങ്ങനെവരെ ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു.

എന്റെ മനസില്‍ ആര്‍.ഡി.എക്‌സ്  ഒരിക്കലും വര്‍ക്കാകില്ല എന്നായിരുന്നു. എന്താകും എന്നൊന്നും എനിക്കറിയില്ലായിരുന്നു. ആദ്യത്തെ ദിവസം ഞാന്‍ തിയേറ്ററിലൊന്നും ആര്‍.ഡി.എക്‌സ് കാണാന്‍ വേണ്ടി പോയിട്ടില്ല. പക്ഷെ സിനിമ കഴിഞ്ഞപ്പോള്‍ കുറെ അഭിനന്ദങ്ങള്‍ ലഭിച്ചു,’ ആന്റണി വര്‍ഗീസ് പറയുന്നു.

Content highlight: Antony varghese says he thought quit acting after RDX movie