ഈ വര്‍ഷം ഓണം റിലീസിനൊരുങ്ങുന്ന പ്രധാന മലയാള ചിത്രങ്ങളിലൊന്നാണ് ആര്‍.ഡി.എക്‌സ്. ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ആര്‍.ഡി.എക്‌സ് ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്.
ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ഉള്ളപ്പോള്‍ സംഭവിച്ച അപകടത്തെ പറ്റിയും അത് തരണം ചെയ്തതിനെ പറ്റിയും സംസാരിക്കുകയാണ് പെപ്പെ.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി വര്‍ഗീസ് ഇക്കാര്യം പറഞ്ഞത്.
സിനിമക്ക് വേണ്ടി പരിശീലനം നടത്തുന്നതിനിടയില്‍ പരിക്ക് പറ്റിയെന്നും ഷൂട്ടിങ് മൂന്നുമാസത്തേക്ക് നീട്ടി വെക്കേണ്ടി വന്നു എന്നുമാണ് അദ്ദേഹം പറയുന്നത്.
‘പരിക്ക് പറ്റിയത് എനിക്ക് അംഗീകരിക്കാന്‍ പറ്റിയില്ല, രണ്ട് ദിവസം കഴിഞ്ഞ് ഷൂട്ട് പ്ലാന്‍ ചെയ്തിരിക്കുകയായിരുന്നു. ഞാനും നഹാസും(ആര്‍.ഡി.എക്സ് സംവിധായകന്‍) ആയി ആരവം എന്നൊരു സിനിമ ഷൂട്ട് ചെയ്തു, പക്ഷെ അത് കൊറോണ കാരണം മുടങ്ങി പോയി. ഒരു സംവിധായകനെ സംബന്ധിച്ച് ഒരു സിനിമ തുടങ്ങി നിന്ന് പോയാല്‍ പിന്നെ വീണ്ടും ഒരെണ്ണം ഓണാക്കി കൊണ്ട് വരാന്‍ വലിയ പാടാണ്,’ ആന്റണി വര്‍ഗീസ് പറയുന്നു.
അത്തരത്തില്‍ ഒരു സാഹചര്യം വന്നപ്പോള്‍ തന്നെ സിനിമയില്‍ നിന്ന് മാറ്റിയേക്ക് എന്നും വേറെ ആരെങ്കിലും കണ്ടെത്തി സിനിമ ചെയ്യൂ എന്നും താന്‍ പറഞ്ഞതായും ആന്റണി വര്‍ഗീസ് പറയുന്നു.
‘ഞാന്‍ മാത്രം അല്ലല്ലോ ഈ സിനിമയില്‍ ഉള്ളത്, ഷെയ്ന്‍ നിഗമുണ്ട്, നീരജ് ഉണ്ട് അങ്ങനെ കുറെ പേര്‍ ഉണ്ടല്ലോ…, ഞാന്‍ കാരണം ഒരു ബുദ്ധിമുട്ട് ഉണ്ടായല്ലോ എന്ന് ആലോചിച്ചപ്പോള്‍ എനിക്ക് അത് വിഷമമായി. അപ്പോള്‍ ഞാന്‍ സംവിധായകനോട് എന്നെ മാറ്റി വേറെ ആരെങ്കിലും വെച്ച് സിനിമ ചെയ്യാന്‍ പറഞ്ഞു. പക്ഷെ സോഫിയ ചേച്ചി(സോഫിയ പോള്‍: ആര്‍.ഡി.എക്സ് നിര്‍മാതാവ്) ഉള്‍പ്പടെ എല്ലാവരും എന്നെ സപ്പോര്‍ട്ട് ചെയ്തു,’ ആന്റണി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഓഗസ്റ്റ് 25നാണ് ആര്‍.ഡി.എക്‌സ് റിലീസ് ചെയ്യുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ആര്‍.ഡി.എക്‌സ് നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്
എഡിറ്റര്‍ – ചമന്‍ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ. പുളിക്കല്‍, സംഗീതസംവിധാനം – സാം സി. എസ്, വരികള്‍ മനു മന്‍ജിത്, കോസ്റ്റംസ് – ധനു ബാലകൃഷ്ണന്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ – ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – ബണ്‍ സി. സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്, വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ പാഡക്ഷന്‍ മാനേജര്‍ – റോജി പി. കുര്യന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സന്ദരന്‍, പി.ആര്‍.ഒ – ശബരി.