| Thursday, 24th November 2022, 3:45 pm

ക്രിക്കറ്റ് മടിയന്മാരുടെ കളിയാണ്, ഒരു സ്ഥലത്ത് ഒരാള്‍ മാത്രം മതിയല്ലോ: ആന്റണി വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് ആന്റണി വര്‍ഗീസ്. ‘പെപ്പ’ എന്ന തന്റെ ആദ്യ കഥാപാത്രത്തിന്റെ പേരിലാണ് താരം ഇപ്പോഴും അറിയപ്പെടുന്നത്.

നിഖില്‍ പ്രേംരാജിന്റെ സംവിധാനത്തില്‍ നവംബര്‍ 25ന് തിയേറ്ററുകളിലെത്തുന്ന ആനപ്പറമ്പിലിലെ വേള്‍ഡ് കപ്പാണ് ആന്റണിയുടെ പുതിയ ചിത്രം. ആന്റണിക്ക് പുറമേ, ലുക്മാന്‍ അവറാന്‍, ഐ.എം. വിജയന്‍, മനോജ് .കെ.ജയന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സിനിമയുടെ വിശേഷങ്ങള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ പങ്കുവെക്കുകയാണ് താരം.

‘ഈ സിനിമയില്‍ ആരും ആരെയും ഒന്നും പഠിപ്പിച്ചിട്ടില്ല. എല്ലാവരും എല്ലാം കണ്ടറിഞ്ഞ് ചെയ്യുകയായിരുന്നു. വിജയേട്ടന്‍ ആണെങ്കില്‍ പോലും (ഐ.എം. വിജയന്‍) ആരെയും ഒന്നും പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് ഞാനും അവരെയൊന്നും പഠിപ്പിക്കാന്‍ പോയിട്ടില്ല.

അവര്‍ക്കൊക്കെ അഭിനയത്തിന്റെ ഏതാണ്ട് എല്ലാ കാര്യങ്ങളും അറിയാം. ഇടക്ക് എനിക്ക് തോന്നും എന്നെക്കാള്‍ നന്നായി അവര്‍ക്ക് അറിയാമെന്ന്. കൊച്ചുപിള്ളേരുടെ ഫുട്‌ബോള്‍ കളി മാത്രമേ ഈ സിനിമയിലുള്ളു. അതുകൊണ്ട് തന്നെ ഫൂട്‌ബോള്‍ കളിച്ച് എനിക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. നമ്മളൊക്കെ സൈഡില്‍ നിന്ന് കയ്യടിച്ച് പ്രോത്സാഹനം മാത്രം കൊടുത്താല്‍ മതിയായിരുന്നു.

എനിക്ക് ക്രിക്കറ്റും ഫുട്‌ബോളും ഒരുപോലെ ഇഷ്ടമാണ്. ക്രിക്കറ്റ് കളിക്കാനാണ് കൂടുതല്‍ ഇഷ്ടം. അതാകുമ്പോള്‍ ഒരുപാട് കഷ്ടപ്പെടേണ്ട ആവശ്യമില്ല. ക്രിക്കറ്റ് അല്‍പം മടിയന്മാരുടെ കളിയാണ്. പതിനൊന്ന് പേര്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഒരു സ്ഥലത്തേക്കല്ലെ ബോള്‍ വരുകയുള്ളു ബാക്കി ഉള്ളവര്‍ക്ക് വെറുതെ ഇരിക്കാമല്ലോ.

ചെറിയൊരു ഗ്രാമത്തില്‍ വേള്‍ഡ് കപ്പിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കുഞ്ഞ് കഥയാണ് ആനപ്പറമ്പില്‍ വേള്‍ഡ് കപ്പ്. അതുകൊണ്ട് ഈ സിനിമയില്‍ ഇടിയില്ല,’ ആന്റണി പറഞ്ഞു

ജിസ് ജോയിയുടെ സംവിധാനത്തില്‍ 2022ല്‍ ഒ.ടി.ടി റിലീസിനെത്തിയ ‘ഇന്നലെ’ അണ് ആന്റണിയുടെ അവസാന ചിത്രം. തിയേറ്ററിലിറങ്ങിയ അവസാന ചിത്രം ടിനു പാപ്പച്ചന്റെ അജഗജാന്തരമായിരുന്നു.

content highlight: antony varghese says about his new movie

We use cookies to give you the best possible experience. Learn more