ചെമ്പന്‍ വിനോദ് എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. 2017ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ആന്റണി വര്‍ഗീസ്, രേഷ്മ രാജന്‍, കിച്ചു തെല്ലസ്, ഉല്ലാസ് ജോസ് ചെമ്പന്‍, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, ടിറ്റോ വില്‍സണ്‍, ശരത് കുമാര്‍, സിനോജ് വര്‍ഗീസ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
ആന്റണി വര്‍ഗീസിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു അങ്കമാലി ഡയറീസ്. ആദ്യചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്റെ പേരിനോടൊപ്പം ചേര്‍ത്ത് പെപ്പെ എന്നാണ് ആന്റണി വര്‍ഗീസ് അറിയപ്പെടുന്നത്.
ഇപ്പോള്‍ അങ്കമാലി ഡയറീസിനെ കുറിച്ചും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയെ കുറിച്ചും പറയുകയാണ് പെപ്പെ. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘അങ്കമാലി ഡയറീസ് സിനിമയില്‍ ‘ജര്‍മനി ഇവിടെ അങ്കമാലി പോലെ തന്നെയാണോ’ എന്ന് ചോദിച്ച് കൊണ്ടു തുടങ്ങുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ആ സീന്‍ ചെയ്യുമ്പോള്‍ തുടക്കം തൊട്ടുതന്നെ ഞങ്ങള്‍ക്ക് ഡയലോഗ് തെറ്റിതുടങ്ങുമായിരുന്നു. അവസാനം ലിജോ ചേട്ടന് ഭ്രാന്തായി.
‘നിങ്ങളൊക്കെ സിനിമ പഠിച്ചു എന്നാണോ നിങ്ങളുടെ വിചാരം’ എന്നായിരുന്നു അപ്പോള്‍ ചേട്ടന്‍ ദേഷ്യത്തില്‍ ചോദിച്ചത്. അപ്പോഴാണ് ഇതല്ല സംഭവമെന്ന് എനിക്ക് മനസിലാകുന്നത്. ഞാന്‍ ഉദേശിച്ച രീതിയേയല്ല സിനിമയില്‍ എന്നും മനസിലായി.
ഒന്നും നമ്മള്‍ ഉദേശിക്കുന്ന രീതിയില്‍ ആയിരിക്കില്ല. ലിജോ ചേട്ടന്‍ അന്ന് നല്ല കലിപ്പിലായി. അവസാനം ഗിരീഷേട്ടന്‍ ചെന്നിട്ട് അദ്ദേഹത്തോട് സംസാരിച്ചു. ‘പിള്ളേരുടെ അടുത്ത് ഇങ്ങനെ ചൂടായി കഴിഞ്ഞാല്‍ ചിലപ്പോള്‍ പരിപാടി നടക്കില്ല’ എന്നായിരുന്നു ഗിരീഷേട്ടന്‍ പറഞ്ഞത്.
പിള്ളേര്‍ക്ക് കോണ്‍ഫിഡന്‍സ് കൊടുക്കണമെന്ന് ഗിരീഷേട്ടന്‍ പറഞ്ഞതോടെ ലിജോ ചേട്ടന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. ‘കമോണ്‍, നമ്മള്‍ ഇത്രയും ദിവസം അടിപൊളിയായി ചെയ്തതല്ലേ. ഇതും നമ്മുക്ക് ചെയ്യാടാ’ എന്ന് പറഞ്ഞു.
അതോടെ എല്ലാവരുടെയും പേടിയൊക്കെ പോയി. അത്രയും നേരം മിലിട്ടറി ഓഫീസര്‍ തോക്കും വെച്ചിട്ട് മുന്നില്‍ നില്‍ക്കുന്ന മാനസികാവസ്ഥയില്‍ ആയിരുന്നു എല്ലാവരും ഉണ്ടായിരുന്നത്,’ ആന്റണി വര്‍ഗീസ് പെപ്പെ പറഞ്ഞു.
Content Highlight: Antony Varghese Peppe Talks About Lijo Jose Pellissery