തമിഴ് നടന്‍ സൂര്യയെ ആദ്യമായി നേരില്‍ കണ്ട അനുഭവം പങ്കുവെക്കുകയാണ് ആന്റണി വര്‍ഗീസ് പെപ്പെ. സൂര്യയെ കണ്ടപ്പോള്‍ പോയി സ്വയം പരിചയപ്പെടുത്തിയെന്നും അപ്പോള്‍ അങ്കമാലി ഡയറീസിലെ ക്ലൈമാക്‌സിനെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് കേട്ടപ്പോള്‍ സന്തോഷമായെന്നും പെപ്പെ പറഞ്ഞു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പെപ്പെ. മറ്റ് ഭാഷകളിലേക്ക് വിളിക്കുന്നത് പടങ്ങളെല്ലാം കണ്ടതിന് ശേഷമാണോയെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പെപ്പെ.
‘നമ്മുടെ പടങ്ങളൊക്കെ കണ്ടിട്ടാണ് മറ്റ് പടങ്ങളിലേക്ക് നമ്മളെ വിളിക്കുന്നത്. ഞാന്‍ ലോകേഷ് കനക രാജിനെ ചെന്നൈയില്‍ വെച്ച് മീറ്റ് ചെയ്തിരുന്നു. എന്റെ അതുവരെ ഇറങ്ങിയ സിനിമകളെല്ലാം പുള്ളി കണ്ടിട്ടുണ്ടായിരുന്നു. കൃത്യമായി പുള്ളി അതിന്റെ കാര്യങ്ങളൊക്കെ സംസാരിച്ചതിന് ശേഷമാണ് സിനിമയിലേക്ക് വിളിച്ചത്. അല്ലാതെ വെറുതെ വിളിക്കില്ല. തിരുവനന്തപുരത്ത് ഒരു അവാര്‍ഡ് ദാനചടങ്ങിന് പോയപ്പോള്‍ സൂര്യ അവിടെ വന്നിരുന്നു. എനിക്കാണെങ്കില്‍ പുള്ളിയെ കണ്ടിട്ട് സംസാരിക്കാന്‍ പോകാന്‍ ഭയങ്കര ആഗ്രഹം. പുള്ളിയെ കണ്ടിട്ട് രോമാഞ്ചിഫിക്കേഷന്‍ വന്നിട്ട് എന്താ ചെയ്യേണ്ടതെന്ന് അറിയുന്നില്ല. പുള്ളി അവിടെ ചുള്ളനായി ഇങ്ങനെ നില്‍ക്കുകയാണ്. അവസാനം പുള്ളിയുടെ അടുത്തുള്ള ആളുകളോട് ഞാനൊന്ന് സംസാരിച്ചോട്ടെയെന്ന് ചോദിച്ചു, അവര്‍ സംസാരിച്ചോളാന്‍ പറഞ്ഞു.
അങ്ങനെ ഞാന്‍ പുള്ളിയുടെ അടുത്തേക്ക് ചെന്ന് എന്നെ പരിചയപ്പെടുത്തി. അന്ന് അങ്കമാലി ഡയറീസും സ്വാതന്ത്ര്യം അര്‍ധരാത്രിയിലും മറ്റും മാത്രമേ റിലീസ് ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. ഞാന്‍ അങ്കമാലി ഡയറീസ് എന്ന് പറഞ്ഞപ്പോള്‍ പുള്ളി എന്റെ അടുത്ത് തമ്പി അന്ത ക്ലൈമാക്‌സ് എന്നും പറഞ്ഞുകൊണ്ട് അതിനെ കുറിച്ച് സംസാരിക്കുകയാണ്. അത് എങ്ങനെയാണ് ചെയ്‌തേ എന്നൊക്കെ എന്നോട് ചോദിക്കുകയാണ്, ഞാന്‍ നോക്കുമ്പോള്‍ സൂര്യ എന്റെ കയ്യില്‍ പിടിച്ചിരിക്കുന്നു, ഞാനാണെങ്കില്‍ ഇതെന്താ സ്വര്‍ഗമോ എന്നു വിചാരിച്ച് നില്‍ക്കുകയാണ്. എനിക്ക് ഭയങ്കര സന്തോഷം ആയിപ്പോയി. അതില്‍ നിന്നും അവരെല്ലാം അപ്‌ഡേറ്റഡ് ആണന്ന് എനിക്ക് മനസിലായി. നമ്മുടെ സിനിമ പോലും അവര്‍ കാണുന്നുണ്ടെന്ന് പറയുമ്പോള്‍ അവര്‍ എത്ര മാത്രം സിനിമകള്‍ കാണുന്നുണ്ടാകും. അവര്‍ അങ്ങനെ കാണുന്നത് കൊണ്ടാണല്ലോ നമ്മളെയൊക്കെ വിളിക്കുന്നത്. നമ്മുടെ ഭാഷയില്‍ അഭിനയിക്കുന്ന എത്ര ആളുകളാണ് അവിടെ പോയി സിനിമ ചെയ്യുന്നത്. അത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്,’ പെപ്പെ പറഞ്ഞു.
അതേസമയം, പെപ്പെയുടെ ഓണം റിലീസ് ആര്‍.ഡി.എക്സ് മാസ് സിനിമയായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. വലിയ ഹൈപ്പൊന്നും കൊടുക്കാതെ വന്ന പടത്തിന് മികച്ച രീതിയിലുള്ള പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഒരു യഥാര്‍ത്ഥ മാസ് സിനിമയാണ് ചിത്രമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് ആര്‍.ഡി.എക്സിന്റെ തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എഡിറ്റര്‍ – ചമന്‍ ചാക്കോ, ഛായാഗ്രഹണം – അലക്സ് ജെ. പുളിക്കല്‍, സംഗീതസംവിധാനം – സാം സി. എസ്, വരികള്‍ മനു മന്‍ജിത്, കോസ്റ്റംസ് – ധനു ബാലകൃഷ്ണന്‍, മേക്കപ്പ് – റോണക്സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ – ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – ബണ്‍ സി. സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്.
Content Highlights: Antony varghese peppe talks about his meeting with surya