Movie Day
പ്രണയിച്ചത് വേറൊരാളെ, അത് സെറ്റാകാതെ വന്നപ്പോള്‍ സമാധാനിപ്പിക്കാന്‍ വന്നതാണ് അവള്‍; പ്രണയകഥ പറഞ്ഞ് പെപ്പെ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ വിന്‍സെന്റ് പെപ്പെ എന്ന കഥാപാത്രത്തെ മികച്ചതാക്കിയ ആന്റണി വര്‍ഗീസ് പിന്നീട് പെപ്പെ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടു തുടങ്ങി.
തന്റെ പ്രണയകാലത്തെ കുറിച്ചും പ്രണയകഥയെ കുറിച്ചുമൊക്കെ സംസാരിക്കുന്ന പെപ്പെയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പിങ്ക്‌ലുങ്കിയെന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണയിച്ച പെണ്‍കുട്ടിയെ നഷ്ടപ്പെട്ട വേദനയില്‍ ഇരുന്ന തന്നെ സമാധാനിപ്പിക്കാന്‍ വന്നയാള്‍ പിന്നീട് തന്റെ ജീവിതസഖിയായ കഥ താരം പങ്കുവെച്ചത്. അഭിമുഖത്തില്‍ നീരജ് മാധവും ഷെയ്ന്‍ നിഗവും പങ്കെടുത്തിരുന്നു.
കോളേജിലെ പ്രണയമായിരുന്നോ എന്ന ചോദ്യത്തിന് കോളേജിലെ പ്രണയമൊന്നും അല്ലെന്നും തന്റെ വീടിന് അഞ്ചാറ് വീട് അപ്പുറമാണ് അവളുടെ വീടെന്നുമായിരുന്നു പെപ്പെയുടെ ചിരിയോടെയുള്ള മറുപടി.
‘സത്യം പറയുകയാണെങ്കില്‍ ഞാന്‍ വേറൊരു കൊച്ചിനെയായിരുന്നു നോക്കിയത്. (ചിരി). ഇവളാണ് എനിക്ക് ആ കുട്ടിയുടെ കാര്യങ്ങളൊക്കെ പറഞ്ഞു തന്നത്. ഇന്ന സമയത്ത് ആ കുട്ടി വരും എന്നൊക്കെ പറഞ്ഞു തന്നിരുന്നത് അവളായിരുന്നു. ഇവളുടെ വീടിന്റെ തൊട്ടപ്പുറത്തുള്ള വീട്ടിലെ കൊച്ചായിരുന്നു. അത് പിന്നെ നടക്കാതെ പോയി. പിന്നീട് അവള്‍ എന്നെ സമാധാനിപ്പിക്കാന്‍ വന്നതാണ്. അവസാനം ഇപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സമാധാനിപ്പിക്കുന്ന അവസ്ഥയായി,’ പെപ്പെ പറയുന്നു.
സോഷ്യല്‍മീഡിയ ട്രോളുകളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന ചോദ്യത്തിന് ചില സമയത്ത് ദേഷ്യം വരുമെന്നും ചില സമയത്ത് നല്ലതായി തോന്നുമെന്നുമായിരുന്നു പെപ്പെയുടെ മറുപടി.
‘ഇതൊന്നും തലയില്‍ എടുത്ത് വെച്ചിട്ട് കാര്യമില്ല. ഒരു ചെവിയിലൂടെ കേട്ട് വിടുക. ചിലതൊക്കെ പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടാകും. നമ്മുടെ ഭാഗത്തുണ്ടായ എന്തെങ്കിലും തെറ്റുകളൊക്കെയായിരിക്കാം ട്രോളായത്. ചിലത് നമ്മളെ ഇറിറ്റേറ്റ് ചെയ്യാന്‍ വേണ്ടി ചെയ്തതായിരിക്കും.
ബേസില്‍ ജോസഫിന്റെ ജയ ഹേ സിനിമ ഇല്ലേ. അതില്‍ ദര്‍ശനയുടെ കഥാപാത്രം ബേസിലിനെ തല്ലുന്നതല്ലേ കാണിക്കുന്നത്. ബേസിലിന് പകരം അവിടെ എന്നെയായിരുന്നു തല്ലിയിരുന്നതെങ്കില്‍ പുള്ളിക്കാരിയുടെ പടം മാലയിട്ട് തൂക്കേണ്ടി വരുമായിരുന്നെന്ന തരത്തില്‍ ഒരു ട്രോള്‍ കണ്ടിരുന്നു. ചിലതൊക്കെ രസമായി തോന്നി,’ പെപ്പെ പറഞ്ഞു.
ട്രോളുകളെ കുറിച്ച് ഷെയ്ന്‍ നിഗവും അഭിമുഖത്തില്‍ സംസാരിച്ചു. ട്രോളുകളെ അങ്ങനെ കൈകാര്യം ചെയ്യേണ്ടിയൊന്നും വന്നിട്ടില്ലെന്നും
ചിലതൊക്കെ നമ്മള്‍ കാണും ചിലത് കാണില്ലെന്നുമായിരുന്നു താരം പറഞ്ഞത്.
ട്രോളുകള്‍ അങ്ങനെ ഹാന്‍ഡില്‍ ചെയ്യേണ്ടിയൊന്നും വരാറില്ല. ഞാനുമായി ബന്ധപ്പെട്ട് വ്യത്യസ്ത കോണ്ടസ്റ്റില്‍ ഉപയോഗിച്ചു കണ്ട ഒരു ട്രോളുണ്ട്. കുമ്പളങ്ങി നൈറ്റ്‌സില്‍ ഇവിടെ ഇനി തുലഞ്ഞ് പോകാന്‍ ഒന്നുമില്ലെന്ന് പറയുന്ന ഒരു സീന്‍. അത് നല്ല രസമുള്ള സാധനമാണ്,’ എന്നായിരുന്നു ഷെയ്‌ന്റെ മറുപടി.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍.ഡി.എക്‌സ് ആണ് പെപ്പെയുടെയുടേയും ഷെയ്‌ന്റേയും നീരജിന്റേയും റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ഓണം റിലീസായി 25ാംതിയതിയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. മാസ് മൂവിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Content Highlight: Antony Varghese Peppe about his First Love