| Wednesday, 9th March 2022, 4:38 pm

'ഷൂട്ട് കഴിഞ്ഞെങ്കില്‍ ആ ലുങ്കി തിരികെ തന്നേക്കണം'; സ്പൂഫ് വീഡിയോയ്ക്ക് കമന്റുമായി ഒറിജിനല്‍ പെപ്പെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ആന്റണി വര്‍ഗീസ് പെപ്പെയും ജിസ് ജോയിയും. എന്നാല്‍ ഇരുവരുടെയും സിനിമകളാകട്ടെ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്നവയാണ്. ആന്റണിയുടെ ആദ്യ ചിത്രം മുതലുള്ളതെല്ലാം വയലന്‍സും ആക്രമണവുമാണെങ്കില്‍ കുറച്ച് സാധു മനുഷ്യരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫീല്‍ ഗുഡ് സിനിമകളാണ് ജിസ് ജോയി സംവിധാനം ചെയ്തിട്ടുള്ളതെല്ലാം.

ഇരുവരും ഒന്നിച്ചാല്‍ എങ്ങനെയിരിക്കും. അങ്ങനെയൊരു സ്പൂഫ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ആന്റണി വര്‍ഗീസ് പെപ്പെയോട് കഥ പറയാനെത്തുന്ന ജിസ് ജോയിയെയാണ് ഈ സ്പൂഫ് വീഡിയോയില്‍ കാണിക്കുന്നത്.

സമാധാന പ്രിയനായ ശാന്തശീലന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ജിസ് ജോയിയായി എത്തിയയാള്‍ ആന്റണി പെപ്പെയായി അഭിനയിക്കുന്ന യുവാവിനോട് പറയുന്നത്. ജിസ് ജോയ് സിനിമകളില്‍ സാധാരണ കണ്ടുവരാറുള്ള ഫീല്‍ ഗുഡ് ടോണ്‍ മാറ്റി വയലന്‍സ് സ്ഥാപിക്കാനാണ് പെപ്പെ ശ്രമിക്കുന്നത്.

ഒടുവില്‍ പെപ്പെയെ ജിസ് ജോയ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നതും അവസാനം അസംതൃപ്തനായ പെപ്പെ അഭിനയിക്കുന്നതുമെല്ലാമാണ് വീഡിയോയില്‍ ഉള്ളത്. കഥ കേള്‍ക്കുന്ന സമയത്തും അഭിനയിക്കുമ്പോഴുമെല്ലാം പെപ്പെയുടെ തോളില്‍ ഒരു മുണ്ടും കിടക്കുന്നുണ്ട്.

ഷിനു ജോണ്‍ ചാക്കോ എന്ന ഫേസ്ബുക്ക്‌ പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. എന്നാലിപ്പോള്‍ വീഡിയോയ്ക്ക് കമന്റുമായി വന്നിരിക്കുകയാണ് ആന്റണി വര്‍ഗീസ്. ‘ഷൂട്ട് കഴിഞ്ഞെങ്കില്‍ ആ ലുങ്കി തിരികെ തന്നേക്കണം…അടുത്ത പടത്തിന്റെ കോസ്റ്റും ആക്കാന്‍ ഉള്ളതാ,’ എന്നാണ് ആന്റണി കമന്റ് ചെയ്തത്.

ഇതിനു മറുപടിയായി എനിക്ക് തൃപ്തിയായെന്ന് ഷിനു ജോണും മറുപടി നല്‍കി. എന്തായാലും വീഡിയോ സമൂഹ മാധ്യമത്തില്‍ ശ്രദ്ധ നേടുകയാണ്. അജഗജാന്തരമാണ് അവസാനം പുറത്തിറങ്ങിയ ആന്റണിയുടെ പടം.

അതേസമയം ജിസ് ജോയിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഇന്നലെ വരെ’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ ആന്റണി വര്‍ഗീസും അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ആസിഫ് അലി, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്‍ട്രല്‍ അഡ്വര്‍ട്ടൈസിംഗ് ഏജന്‍സിയുടെ ബാനറില്‍ മാത്യു ജോര്‍ജ് ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ജിസ് ജോയിയുടെ മുന്‍ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ജോണറിലുള്ള ഒരു ചിത്രമായിരിക്കുമിത്. മുന്‍ ചിത്രങ്ങളില്‍ നിന്നും നേര്‍വിപരീതമായി പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ ഒരുക്കുന്ന ചിത്രമാണിത്.

വ്യത്യസ്ഥ തലങ്ങളില്‍ ജോലി ചെയ്യുന്ന മൂന്ന് ആത്മ സുഹൃത്തുക്കളുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.


Content Highlight: antony varghese pepe with comment on spoof video

We use cookies to give you the best possible experience. Learn more