റൊണാള്‍ഡോ ചെയ്യുന്നത് കണ്ടു അതുകൊണ്ട് അങ്ങനെ ഞാനും ചെയ്തു: പെപ്പെ
Entertainment
റൊണാള്‍ഡോ ചെയ്യുന്നത് കണ്ടു അതുകൊണ്ട് അങ്ങനെ ഞാനും ചെയ്തു: പെപ്പെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th September 2024, 10:53 am

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന അഭിനേതാവാണ് ആന്റണി വര്‍ഗീസ് പെപ്പെ. പന്ത്രണ്ടോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെങ്കിലും പെപ്പെയുടെ ആക്ഷന്‍ സിനിമകള്‍ക്കാണ് ആരാധര്‍ ഏറെയും.

പെപ്പെയുടെ ഏറ്റവും പുതിയ ചിത്രമാണ് കൊണ്ടല്‍. റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ തിരക്കഥയെ ആസ്പദമാക്കി അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളില്‍ എത്തും.

കൊണ്ടല്‍ സിനിമയുടെ പ്രൊമോഷനുകളിലെല്ലാം പുതിയ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശരീര ഭാരം കുറച്ചും പുത്തന്‍ സ്‌റ്റൈലുമായാണ് പെപ്പെ എത്തിയിരിക്കുന്നത്. ബാബു ആന്റണി ആകാനാണോ ഇങ്ങനെയുള്ള കമ്മല്‍ ഇട്ടതെന്ന് പലരും ചോദിച്ചിരുന്നെന്നും എന്നാല്‍ റൊണാള്‍ഡോയില്‍ നിന്നും ഇന്‍സ്പയര്‍ ആയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് പെപ്പെ.

‘ആക്ഷന്‍ ഹീറോ ബാബു ആന്റണി ആകാനാണോ ഈ കമ്മല്‍ ഇട്ടിരിക്കുന്നതെന്ന് എല്ലാവരും ചോദിച്ചു. ശരിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇടുന്നത് കണ്ടിട്ടാണ് ഞാന്‍ ഈ കമ്മല്‍ വാങ്ങി ഇട്ടത്. ആര്‍. ഡി. എക്സില്‍ നീരജും ഇതുപോലൊരു കമ്മല്‍ ഇടുന്നുണ്ട്. അതും എന്റെ അടുത്തുണ്ട് എന്നാലും ഇത് റൊണാള്‍ഡോ ഇടുന്നത് കണ്ടിട്ട് ചെയ്തതാണ്. അദ്ദേഹം ഇട്ടപ്പോള്‍ എനിക്കും ഇടണമെന്ന് തോന്നി,’ ആന്റണി വര്‍ഗീസ് പെപ്പെ പറയുന്നു.

അതേസമയം കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് കൊണ്ടല്‍. ആന്റണി വര്‍ഗീസിനൊപ്പം കന്നഡ താരം രാജ് ബി. ഷെട്ടിയും വേഷമിട്ട ഈ ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി.എന്‍. സണ്ണി, സിറാജുദ്ദീന്‍ നാസര്‍, എന്നിങ്ങനെ വലിയൊരു താരനിരതന്നെ അണിനിരക്കുന്നുണ്ട്.

Content Highlight: Antony Varghese Pepe Talks About Cristiano Ronaldo’s earring