| Tuesday, 10th September 2024, 6:46 pm

ഒരുപാട് ഇഷ്ടമാണ്, അതൊരു മോശം സിനിമയാണെന്ന് ഞാന്‍ പറയില്ല; എങ്കിലും പരാജയത്തിന് കാരണമുണ്ട്: പെപ്പെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ചാവേര്‍. 2023ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. മികച്ച താരനിര ഉണ്ടായിട്ടും സിനിമ പ്രതീക്ഷിച്ചത്ര വലിയ വിജയം നേടിയിരുന്നില്ല.

ഇപ്പോള്‍ ചാവേറിനെ കുറിച്ച് പറയുകയാണ് ആന്റണി വര്‍ഗീസ്. കിരണ്‍ കുമാര്‍ എന്ന കഥാപാത്രമായിട്ടാണ് ചാവേറില്‍ അദ്ദേഹം എത്തിയത്. ചാവേര്‍ ഒരു മോശം സിനിമയാണെന്ന് ഒരിക്കലും താന്‍ പറയില്ലെന്നും തനിക്ക് ഒരുപാട് ഇഷ്ടമായ ഒരു സിനിമയാണ് അതെന്നുമാണ് പെപ്പെ പറയുന്നത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനങ്ങള്‍ ഒരു സിനിമയെ എങ്ങനെ കാണണമെന്ന് എനിക്ക് പറയാന്‍ പറ്റില്ല. ആളുകള്‍ എങ്ങനെ ഒരു സിനിമയെ ട്രീറ്റ് ചെയ്യുന്നു, എങ്ങനെ ആ സിനിമയെ എടുക്കുന്നു എന്നത് അവരുടെ ഇഷ്ടമാണ്. ഓരോ സമയത്തുമുള്ള അവരുടെ മെന്റാലിറ്റിയിലാണ് കാര്യം. എനിക്ക് അതില്‍ അഭിപ്രായം പറയാന്‍ പറ്റില്ല.

ജനങ്ങളാണ് ഓരോ സിനിമയുടെയും വിജയം അവസാനം തീരുമാനിക്കുന്നത്. ചിലപ്പോള്‍ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ആളുകള്‍ക്ക് ആ സമയത്ത് ചാവേര്‍ കണക്ടായി കാണില്ല. ചെയ്ത കാര്യങ്ങളില്‍ എന്തെങ്കിലും മിസ്‌റ്റേക്കുകളുണ്ടെങ്കില്‍ അത് തിരുത്തി നന്നായി ചെയ്യാമെന്ന ഓപ്ഷന്‍ മാത്രമാണ് നമുക്കുള്ളത്.

ചാവേര്‍ ഒരു മോശം സിനിമയാണെന്ന് ഒരിക്കലും ഞാന്‍ പറയില്ല. എനിക്ക് ഒരുപാട് ഇഷ്ടമായ ഒരു സിനിമയാണ് അത്. എനിക്ക് ഇഷ്ടപ്പെടുന്ന പടം മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. ചില സിനിമകള്‍ കണ്ട് വന്നിട്ട് നമ്മള്‍ കൂട്ടുകാരോട് അത് കിടിലന്‍ പടമാണെന്ന് പറയും, പക്ഷെ അവര്‍ക്ക് അത് ഇഷ്ടമായി കാണില്ല. ഓരോരുത്തരും അവരവരുടെ ആംഗിളില്‍ നിന്നാണ് ഒരു സിനിമ കാണുക,’ ആന്റണി വര്‍ഗീസ് പെപ്പെ പറയുന്നു.


Content Highlight: Antony Varghese Pepe Talks About Chaaver Movie

We use cookies to give you the best possible experience. Learn more