ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടനാണ് ആന്റണി വർഗീസ് പെപ്പെ. ആദ്യ ചിത്രത്തിലൂടെ തന്നെ തന്റേതായ ഒരു സ്ഥാനം ആന്റണിക്ക് പ്രേക്ഷകർക്കിടയിൽ നേടാൻ കഴിഞ്ഞിരുന്നു. പിന്നീട് ആക്ഷൻ സിനിമകൾ ചെയ്യുന്നതിലുള്ള ആന്റണി വർഗീസിന്റെ കഴിവാണ് മലയാളികൾ കണ്ടത്. ആ പാറ്റേണിൽ വന്ന അജഗജാന്തരം, ആർ.ഡി.എക്സ് എന്നിവ തിയേറ്ററിൽ വമ്പൻ വിജയമായി മാറി.
ഇപ്പോൾ കൊണ്ടൽ എന്ന ചിത്രത്തിലൂടെ വീണ്ടുമൊരു അടിപടവുമായി വരുകയാണ് താരം. തന്റെ കോളേജ് പഠനകാലത്തെ അടികളെ കുറിച്ച് സംസാരിക്കുകയാണ് പെപ്പെ. മഹാരാജാസിലാണ് താൻ പഠിച്ചതെന്നും എന്നാൽ അന്നൊക്കെ അടിയുണ്ടാവുമ്പോൾ ഓടുന്ന ആളാണ് താനെന്നും ആന്റണി പറയുന്നു.
ഇപ്പോഴും അങ്ങനെയാണെന്നും സുഹൃത്തുക്കൾ തമ്മിലുള്ള അടി മാത്രമേ അന്നുണ്ടായിരുന്നുള്ളുവെന്നും പെപ്പെ പറഞ്ഞു. താൻ മഹാരാജാസിലെ യഥാർത്ഥ അടിയുടെ ഭാഗമായിട്ടില്ലെന്നും പെപ്പെ കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ആന്റണി വർഗീസ്.
‘മഹാരാജാസിലൊക്കെ പഠിക്കുമ്പോൾ അടി ഉണ്ടായാൽ അപ്പോൾ ഓടുന്ന ആളായിരുന്നു ഞാൻ. അതിപ്പോഴും അങ്ങനെ തന്നെയാണ്. റിയൽ ലൈഫിലും അങ്ങനെയാണെങ്കിൽ പിന്നെ ഇങ്ങനെ വന്നിരുന്നു സുന്ദരനായി സംസാരിക്കാൻ പറ്റില്ല. അടി എപ്പോ കിട്ടിയെന്ന് ചോദിച്ചാൽ പോരെ. അടിയിൽ കൊടുക്കൽ മാത്രമല്ലല്ലോ കിട്ടുന്നതും ഉണ്ടാവുമല്ലോ.
കോളേജിലൊക്കെ പഠിക്കുമ്പോൾ ഞാനൊന്നും ഒരു പരിപാടിക്കും പോയിട്ടില്ല. ഞങ്ങൾ രണ്ട് ക്ലാസുകളായിരുന്നു .ബി.സ്.സി ഫിസിക്‌സും ബി.സ്.സി ഫിസിക്സ് ഇൻസ്ട്രുമെന്റേഷനും. അന്നൊരു ഓണ പരിപാടിക്ക് ഞങ്ങളുടെ പൂക്കളം തട്ടി കളഞ്ഞപ്പോൾ രണ്ട് ക്ലാസ്കാരും തമ്മിൽ അടിയായി മാറിയിരുന്നു. അന്നാണ് ഞാനും കൂടെ ഉൾപ്പെട്ട ഒരു അടി കോളേജിൽ ഉണ്ടാവുന്നത്.
പക്ഷെ അതൊക്കെ കൂട്ടുകാർ തമ്മിലുള്ള അടിയാണ്. എല്ലാവർക്കും പരസ്പരം അറിയാം. തൊട്ടടുത്തുള്ള ക്ലാസുകൾ തമ്മിലാണ്. അതാണ് കോളേജിൽ ഉണ്ടാക്കിയിട്ടുള്ള ഒരടി. ബാക്കി യഥാർത്ഥ മഹാരാജാസ് ഫൈറ്റിലേക്ക് ഞാൻ ഇറങ്ങിയിട്ടില്ല. കാരണം വന്നാൽ ഓടിക്കൊള്ളണം. ഇഷ്ടിക, വടി, കോൽ അതൊക്കെയായിട്ടാണ് വരുക. അതുകൊണ്ട് ഞാനൊക്കെ ആദ്യമേ ഓടി രക്ഷപ്പെടും. ഓടാൻ ഞാൻ മിടുക്കനാണ് എന്തായാലും,’ആന്റണി വർഗീസ് പറയുന്നു.
Content Highlight: Antony Varghese Pepe Talk About His Campus Life In Maharajas